ഇനി പണം നീട്ടിയാൽ ടോൾ ഗേറ്റ് തുറക്കില്ല; ഹൈവേ യാത്രക്കാർ അറിയേണ്ട സുപ്രധാന മാറ്റങ്ങൾ

യുപിഐ വഴി പണമടയ്ക്കുമ്പോൾ നിശ്ചിത ടോൾ തുകയേക്കാൾ 25 ശതമാനം അധികം നൽകേണ്ടി വരും

Update: 2026-04-07 13:11 GMT

രാജ്യത്തെ ദേശീയപാതകളിലെ ടോൾ പ്ലാസകളിൽ ഇനി കറൻസി നോട്ടുകൾ നൽകി യാത്ര തുടരാനാവില്ല. ഏപ്രിൽ 10 മുതൽ ടോൾ പ്ലാസകളിൽ പണം നേരിട്ട് സ്വീകരിക്കുന്നത് നിർത്തലാക്കാൻ നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ തീരുമാനിച്ചു. യാത്രക്കാർക്ക് കൂടുതൽ വേഗത്തിലും സുഗമമായും ടോൾ പ്ലാസകൾ കടന്നുപോകാൻ സഹായിക്കുന്നതിനാണ് ഈ പുതിയ പരിഷ്‌കാരം നടപ്പിലാക്കുന്നത്. ഇതോടെ ടോൾ ബൂത്തുകളിലെ നീണ്ട ക്യൂ ഒഴിവാക്കാനും യാത്രാസമയം ലാഭിക്കാനും സാധിക്കുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

പണമില്ലെങ്കിൽ യുപിഐ; പക്ഷേ ചിലവ് കൂടും

ഏപ്രിൽ 10 മുതൽ ഫാസ്ടാഗ് ഉള്ള വാഹനങ്ങൾക്ക് തടസമില്ലാതെ കടന്നുപോകാം. എന്നാൽ ഫാസ്ടാഗ് ഇല്ലാത്തവർക്കായി യുപിഐ വഴി പണമടയ്ക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. എങ്കിലും, ഫാസ്ടാഗ് ഇല്ലാത്തവർ യുപിഐ വഴി പണമടയ്ക്കുമ്പോൾ നിശ്ചിത ടോൾ തുകയേക്കാൾ 25 ശതമാനം അധികം നൽകേണ്ടി വരും. ഫാസ്ടാഗും യുപിഐയും ഉപയോഗിക്കാൻ തയ്യാറാകാത്ത വാഹനങ്ങൾക്ക് ടോൾ പ്ലാസയിൽ പ്രവേശനം നിഷേധിക്കാനും നിയമപരമായ നടപടികൾ സ്വീകരിക്കാനും അധികൃതർക്ക് അധികാരമുണ്ടാകും.

Advertising
Advertising

ഐഡി കാർഡ് കാണിച്ചുള്ള സൗജന്യ യാത്ര ഇനിയില്ല

സർക്കാർ ഉദ്യോഗസ്ഥരുടെയും മറ്റും ഐഡി കാർഡുകൾ ഉപയോഗിച്ച് സ്വകാര്യ വാഹനങ്ങളിൽ ടോൾ ഇളവ് നേടുന്ന രീതി ഇനിമുതൽ അനുവദിക്കില്ല. ഔദ്യോഗികമായി ടോൾ ഇളവിന് അർഹതയുള്ള വാഹനങ്ങൾക്ക് പ്രത്യേക 'എക്‌സംപ്റ്റഡ് ഫാസ്ടാഗ്' നിർബന്ധമാക്കിയിട്ടുണ്ട്. ഇത് ടോൾ പ്ലാസകളിലെ തർക്കങ്ങൾ കുറയ്ക്കാനും കൃത്യമായ പരിശോധന ഉറപ്പാക്കാനും സഹായിക്കും. 

സ്ഥിരം യാത്ര ചെയ്യുന്നവർക്ക് ആന്വൽ പാസ്

സ്ഥിരമായി ദേശീയപാതയിലൂടെ യാത്ര ചെയ്യുന്നവർക്കായി ഫാസ്ടാഗ് ആന്വൽ പാസ്‌കൂടുതൽ പ്രയോജനകരമായ രീതിയിൽ അവതരിപ്പിച്ചിട്ടുണ്ട്. 3,075 രൂപയാണ് സ്വകാര്യ വാഹനങ്ങൾക്കുള്ള വാർഷിക പാസ് നിരക്ക്. ഒരു വർഷത്തെ കാലാവധിയുള്ള ഈ പാസ് ഉപയോഗിച്ച് 200 തവണ വരെ ടോൾ പ്ലാസകൾ കടന്നുപോകാൻ സാധിക്കും. ഓരോ തവണയും പണമടയ്ക്കുന്നതിനേക്കാൾ വലിയ ലാഭം സ്ഥിരം യാത്രക്കാർക്ക് ഇതിലൂടെ ലഭിക്കും.

ആന്വൽ പാസിന് എങ്ങനെ അപേക്ഷിക്കാം?

വളരെ ലളിതമായ നടപടികളിലൂടെ ആന്വൽ പാസ് സ്വന്തമാക്കാം. രാജ്മാർഗ് യാത്ര ആപ്പ് വഴിയോ എൻഎച്ച്എഐയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴിയോ പാസിന് അപേക്ഷിക്കാം. വാഹനത്തിന്റെ രജിസ്‌ട്രേഷൻ നമ്പറും ഫാസ്ടാഗുമായി ബന്ധിപ്പിച്ച മൊബൈൽ നമ്പറും നൽകി ലോഗിൻ ചെയ്ത ശേഷം ഓൺലൈനായി പണമടയ്ക്കാം. പേയ്‌മെന്റ് പൂർത്തിയായി 24 മണിക്കൂറിനുള്ളിൽ പാസ് ഫാസ്ടാഗുമായി ബന്ധിപ്പിക്കപ്പെടും.

ടോൾ നിയമങ്ങൾ കർശനമാകുന്നു

പുതിയ നിയമങ്ങൾ പാലിക്കാത്തവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് എൻഎച്ച്എഐ മുന്നറിയിപ്പ് നൽകുന്നു. ടോൾ നൽകാതെ പോകുന്നവർക്ക് ഇ-നോട്ടീസ് അയക്കുകയും മൂന്ന് ദിവസത്തിനുള്ളിൽ കുടിശ്ശിക അടച്ചില്ലെങ്കിൽ തുക ഇരട്ടിയായി ഈടാക്കുകയും ചെയ്യും. ദേശീയപാതകളിലെ ഗതാഗതക്കുരുക്ക് കുറയ്ക്കാനും സുതാര്യമായ രീതിയിൽ ടോൾ പിരിവ് നടത്താനുമാണ് ഇത്തരം കർശനമായ ഡിജിറ്റൽ നടപടികളിലേക്ക് സർക്കാർ നീങ്ങുന്നത്.

Tags:    

Writer - തമീം സിപി

Web Journalist

Editor - തമീം സിപി

Web Journalist

By - തമീം സിപി

Web Journalist

Similar News