എയര്‍ ഇന്ത്യ സിഇഒ കാംബെല്‍ വില്‍സണ്‍ രാജിവെച്ചു
എയര്‍ലൈന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് നേതൃമാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി
ന്യൂഡല്‍ഹി: എയര്‍ ഇന്ത്യയുടെ ചീഫ് എക്‌സിക്യുട്ടീവ് ഓഫീസറും മാനേജിങ് ഡയറക്ടറുമായ കാംബെല്‍ വില്‍സണ്‍ രാജിവെച്ചു. എയര്‍ലൈന്‍ പുതിയൊരു ഘട്ടത്തിലേക്ക് കടക്കുന്ന സമയത്ത് നേതൃമാറ്റം ആവശ്യമാണെന്ന് ചൂണ്ടിക്കാട്ടിയാണ് രാജി. അതേസമയം, പുതിയ പിന്‍ഗാമിയെ തെരഞ്ഞെടുക്കുന്നതുവരെ അദ്ദേഹം പദവിയില്‍ തുടരും. 2027 ജൂലൈയില്‍ കാലാവധി അവസാനിക്കാനിരിക്കെയാണ് കാംബെല്‍ വില്‍സന്റെ രാജി.
2026ല്‍ താന്‍ സ്ഥാനമൊഴിയുമെന്ന കാര്യം 2024ല്‍ തന്നെ കമ്പനി ചെയര്‍മാനായ എന്‍. ചന്ദ്രശേഖനെ കാംബെല്‍ വില്‍സണ്‍ അറിയിച്ചിരുന്നതായി എയര്‍ ഇന്ത്യ പറയുന്നു. കഴിഞ്ഞ ആഴ്ച നടന്ന ബോര്‍ഡ് യോഗത്തില്‍ അദ്ദേഹത്തിന്റെ രാജി സ്വീകരിച്ചതായും പുതിയ സിഇഒയെ ഉടന്‍ പ്രഖ്യാപിക്കുമെന്നുമാണ് ടാറ്റ ഗ്രൂപ്പുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിക്കുന്നത്.
എയര്‍ ഇന്ത്യയുടെ സ്വകാര്യവത്കരണത്തിന് പിന്നാലെ 2022ലാണ് ന്യൂസിലാന്‍ഡുകാരനായ വില്‍സണ്‍ സ്ഥാപനത്തിന്റെ ഭാഗമായത്. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ സബ്‌സിഡിയറിയായ സ്‌കൂട്ടിലായിരുന്നു മുമ്പ് പ്രവര്‍ത്തിച്ചത്. കഴിഞ്ഞ നാല് വര്‍ഷം എയര്‍ ഇന്ത്യയെ മികച്ച രീതിയില്‍ നയിക്കാനായതായി വില്‍സണ്‍ പറഞ്ഞു. വിസ്താര-എയര്‍ ഇന്ത്യ ലയനം ഉള്‍പ്പെടെ നിര്‍ണായകമായ നിരവധി പദ്ധതികള്‍ നടപ്പാക്കിയത് കാംബെലിന്റെ കീഴിലായിരുന്നു. എയര്‍ ഇന്ത്യയെ അടുത്ത ഘട്ടത്തിലേക്ക് പരിവര്‍ത്തനപ്പെടുത്താനുള്ള പ്രവര്‍ത്തനങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായതായും അടുത്ത ഘട്ടത്തിന് പുതിയൊരു നേതൃത്വം ആവശ്യമാണെന്നും അദ്ദേഹം പറയുന്നു.
ഇന്‍ഡിഗോ എയര്‍ലൈന്‍സിന്റെ സിഇഒ പീറ്റര്‍ എല്‍ബേഴ്‌സ് കഴിഞ്ഞ മാസം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാജ്യത്തെ മറ്റൊരു പ്രമുഖ എയര്‍ലൈനിന്റെ സിഇഒ കൂടി രാജി പ്രഖ്യാപിച്ചിരിക്കുന്നത്.