'രാജ്യത്ത് സൗഹാര്‍ദാന്തരീക്ഷം ഊട്ടിയുറപ്പിക്കാതെ കോവിഡ് പ്രതിരോധം അസാധ്യം': പ്രധാനമന്ത്രിയോട് മത നേതാക്കൾ

പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഓൺലൈൻ യോഗത്തിലാണ് രാജ്യത്ത് സൗഹാര്‍ദാന്തരീക്ഷം ഊട്ടിയുറപ്പിക്കാതെ കോവിഡ് പ്രതിരോധം അസാധ്യമാണെന്ന് മത നേതാക്കൾ വ്യക്തമാക്കിയത്.

Update: 2021-07-31 15:48 GMT
Editor : rishad | By : Web Desk

രാജ്യത്ത് സൗഹാര്‍ദാന്തരീക്ഷം ഊട്ടിയുറപ്പിക്കാതെ കോവിഡ് പ്രതിരോധം അസാധ്യമെന്ന് വിവിധ മതനേതാക്കള്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി വിളിച്ചുചേര്‍ത്ത ഓൺലൈൻ യോഗത്തിലാണ് രാജ്യത്ത് സൗഹാര്‍ദാന്തരീക്ഷം ഊട്ടിയുറപ്പിക്കാതെ കോവിഡ് പ്രതിരോധം അസാധ്യമാണെന്ന് മത നേതാക്കൾ വ്യക്തമാക്കിയത്. വിവിധ മത നേതാക്കളുടെ കൂട്ടായ്മയായ ധാര്‍മിക് ജൻ മോര്‍ച്ച പ്രതിനിധികളുമായിട്ടായിരുന്നു പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച.

കോവിഡ് പ്രതിരോധം സര്‍ക്കാറിന് ഒറ്റക്ക് മുന്നോട്ടു കൊണ്ടുപോകാനാകില്ല. മതനേതാക്കളും സാമൂഹ്യ പ്രസ്ഥാനങ്ങളും സര്‍ക്കാറും ഒന്നിച്ച് പ്രവര്‍ത്തിക്കണം. പരസ്പര സൗഹൃദവും വിശ്വാസവും ഊട്ടിയുറപ്പിക്കാതെ കോവിഡ് പ്രതിരോധം വിജയിപ്പിക്കാനാകില്ല. ഇതിനായി ഊര്‍ജിതമായ നീക്കങ്ങളുണ്ടാകണം. സമൂഹത്തിൽ വിദ്വേഷം ഉണ്ടാക്കുന്നവര്‍ക്ക് തടയിടണമെന്നും പ്രധാനമന്ത്രിയോട് മത നേതാക്കൾ വ്യക്തമാക്കി.

Advertising
Advertising

കോവിഡ് വെല്ലുവിളി നേരിടാൻ സര്‍ക്കാറിന് സമ്പൂര്‍ണ പിന്തുണ ഉറപ്പുനൽകിയെന്ന് ധാര്‍മിക് ജൻ മോര്‍ച്ച വാ൪ത്ത കുറിപ്പിൽ അറിയിച്ചു. വാക്സിനേഷൻ നടപടി വേഗത്തിലാക്കുക, ആരോഗ്യ മേഖലക്ക് കൂടുതൽ തുക വകയിരുത്തുക, അടച്ചിട്ട ആരാധനലായങ്ങൾ കോവിഡ് പ്രതിരോധത്തിനായി ഉപയോഗപ്പെടുത്തുക തുടങ്ങിയ നി൪ദേശങ്ങളും നേതാക്കൾ മുന്നോട്ടുവെച്ചു. 

മത സംഘടനകൾ പരസ്പര സഹകരണത്തോടെ പ്രവര്‍ത്തിക്കണമെന്നും സംസ്ഥാന സര്‍ക്കാറുകളുടെ പ്രവര്‍ത്തനങ്ങളെ സഹായിക്കണമെന്നും നരേന്ദ്രമോദി മത നേതാക്കൾക്ക് നിര്‍ദേശം നൽകി. വാക്സിനേഷൻ സ്വീകരിക്കുന്നതിൽ പൊതുജനത്തിനുള്ള മടി ഒഴിവാക്കാൻ ബോധപൂര്‍വമായ ശ്രമങ്ങൾ നടത്തണമെന്നും മോദി നേതാക്കളോട് ആവശ്യപ്പെട്ടു.

ജമാഅത്തെ ഇസ്‌ലാമി വൈസ് പ്രസിഡന്റ് എഞ്ചിനീയര്‍ സലീം, ഫാദര്‍ ഡോ. എം.ഡി തോമസ്, ആചാര്യ വിവേക് മുനി, ബ്രഹ്മ കുമാരി സിസ്റ്റര്‍ ബികെ ആശ, ഓം കാരാനന്ദ് സരസ്വതി, പീഥാദീഷ് ഗോസ്വാമി സുശീൽ ജി മഹാരാജ് രാമകൃഷ്ണ മിഷന്റെ സ്വാമി ശാന്താത്മാനന്ദ് ജി തുടങ്ങി ധാര്‍മിക് ജൻ മോര്‍ച്ചയുടെ ഭാഗമായ 14 മതനേതാക്കളാണ് യോഗത്തിൽ പങ്കെടുത്തത്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News