'ജീവനോടെ പോകാൻ അനുവദിച്ചതിനു നന്ദി': പഞ്ചാബ് മുഖ്യമന്ത്രിയെ പരിഹസിച്ച് പ്രധാനമന്ത്രി

പഞ്ചാബിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി

Update: 2022-01-05 11:48 GMT
Advertising

പഞ്ചാബില്‍ കര്‍ഷക പ്രതിഷേധത്തെ തുടര്‍ന്ന് വഴിയില്‍ കുടുങ്ങിയ പ്രധാനമന്ത്രി നരേന്ദ്ര മോദി പഞ്ചാബ് മുഖ്യമന്ത്രി ചരണ്‍ജിത് സിങ് ചന്നിയെ പരിഹസിച്ചു. ജീവനോടെ പോകാൻ അനുവദിച്ചതിനു മുഖ്യമന്ത്രിയെ നന്ദി അറിയിക്കണമെന്ന് വിമാനത്താവളത്തിലെ ഉദ്യോഗസ്ഥരോട് പ്രധാനമന്ത്രി പറഞ്ഞു. ഭതിന്ദ വിമാനത്താവളത്തില്‍ എത്തിയപ്പോഴായിരുന്നു പ്രധാനമന്ത്രിയുടെ പ്രതികരണം. പഞ്ചാബിലെ സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം വിശദീകരണം തേടി.

42,750 കോടി രൂപയുടെ പദ്ധതിയുടെ തറക്കലിടലിനാണ് പ്രധാനമന്ത്രി പഞ്ചാബിലെത്തിയത്. രണ്ട് വര്‍ഷത്തിനു ശേഷമായിരുന്നു മോദിയുടെ പഞ്ചാബ് സന്ദര്‍ശനം. കർഷകരുടെ പ്രതിഷേധത്തിൽ മോദിയുടെ വാഹനവ്യൂഹം 20 മിനിറ്റോളം ഫ്‌ളൈ ഓവറിൽ കുടുങ്ങി. തുടർന്ന് ഫിറോസ്പുരിലെ പരിപാടി റദ്ദാക്കി പ്രധാനമന്ത്രി മടങ്ങി.

ഹുസൈനിവാലയിലെ ദേശീയസ്മാരകത്തില്‍ പുഷ്പചക്രം അര്‍പ്പിക്കാന്‍ പോകുന്നതിനിടെയാണ് പ്രതിഷേധക്കാരുടെ റോഡ് ഉപരോധത്തില്‍ പ്രധാനമന്ത്രി കുടുങ്ങിയത്. ഹെലികോപ്റ്ററില്‍ ഹുസൈനിവാലയിലേക്ക് പോകാനാണ് ആദ്യം തീരുമാനിച്ചതെങ്കിലും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കുകയായിരുന്നു. സ്മാരകത്തില്‍ നിന്ന് 30 കിലോമീറ്റര്‍ അകലെയാണ് പ്രധാനമന്ത്രിയുടെ വാഹനം കുടുങ്ങിയത്. തുടര്‍ന്ന് എന്‍.എസ്.ജി സംഘം പ്രധാനമന്ത്രിയുമായി ഭതിന്ദ വിമാനത്താവളത്തിലേക്ക് മടങ്ങുകയായിരുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാരിന്‍റെ ഭാഗത്തുനിന്നുണ്ടായത് ഉത്തരവാദിത്തമില്ലാത്ത പെരുമാറ്റമാണെന്ന് ബി.ജെ.പി ആരോപിച്ചു. പഞ്ചാബ് പൊലീസുമായി സംസാരിച്ച് പ്രശ്നങ്ങളില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമായിരുന്നു പ്രധാനമന്ത്രിയുടെ യാത്രയെന്നും ഉണ്ടായത് വന്‍സുരക്ഷാ വീഴ്ചയാണെന്നും ബി.ജെ.പി നേതാക്കള്‍ പ്രതികരിച്ചു.

സമരത്തിനിടെ മരിച്ച കർഷകരുടെ ഓരോ കുടുംബത്തിനും ഒരു കോടി രൂപ വീതം സഹായധനം അനുവദിക്കുക, അറസ്റ്റിലായ കർഷകരെ മോചിപ്പിക്കുക, ലഖിംപുർ സംഭവത്തിൽ ആരോപണവിധേയനായ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു കർഷകരുടെ പ്രതിഷേധം.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News