ജമ്മു കശ്മീർ: കശ്മീർ താഴ്വരയിൽ പള്ളികളെ കുറിച്ചും അവയുമായി ബന്ധപ്പെട്ട കമ്മിറ്റി അംഗങ്ങൾ, ഇമാമുമാർ, മുഅദ്ദിനുകൾ, ജീവകാരുണ്യ വിഭാഗങ്ങൾ എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനുമായി ജമ്മു കശ്മീർ പൊലീസ് വലിയ തോതിൽ നീക്കം ആരംഭിച്ചതായി 'ദി ഇന്ത്യൻ എക്സ്പ്രസ്' റിപ്പോർട്ട് ചെയ്യുന്നു. പള്ളികൾ ഏത് വിഭാഗത്തിന്റേതാണ്, അവയുടെ നിർമാണ ചെലവ്, പ്രതിമാസ ബജറ്റ്, ഫണ്ടിംഗ് സ്രോതസ് എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ ശേഖരിക്കുന്നതിനൊപ്പം പള്ളികളുമായി ബന്ധപ്പെട്ടവരുടെ മൊബൈൽ ഫോണിന്റെ മോഡൽ, അതിന്റെ IMEI നമ്പർ, സോഷ്യൽ മീഡിയ വിവരങ്ങൾ, എടിഎം കാർഡുകൾ, റേഷൻ കാർഡുകൾ, ക്രെഡിറ്റ് കാർഡുകൾ എന്നിവയുടെ വിശദാംശങ്ങൾ ഉൾപ്പെടെയുള്ള സൂക്ഷ്മമായ വ്യക്തിഗത വിവരങ്ങളും പൊലീസ് ആവശ്യപ്പെടുന്നുണ്ട്. പള്ളികളെക്കുറിച്ചുള്ള വിവരങ്ങൾക്ക് ഒരു പേജും അവയിലെ അംഗങ്ങൾക്ക് മൂന്ന് പേജും ഉള്ള, നാല് പേജുള്ള ഒരു ഫോം കശ്മീർ താഴ്‌വരയുടെ വിവിധ ഭാഗങ്ങളിൽ വിതരണം ചെയ്യുന്നുണ്ടെന്നും ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ടിൽ പറയുന്നു.
പള്ളികളെയും അതിലെ അംഗങ്ങളെയും കുറിച്ച് ഇത്രയും വലിയ തോതിൽ പൊലീസ് വിവരങ്ങൾ തേടുന്നത് ഇതാദ്യമായാണ്. ഒരു പള്ളി ഏത് വിഭാഗത്തിന്റേതാണെന്ന് തിരിച്ചറിയുന്നതിനപ്പുറം അതിന്റെ ഭൗതിക ഘടന, നിലകളുടെ എണ്ണം, നിർമാണച്ചെലവ്, നിർമാണത്തിനുള്ള ഫണ്ടിന്റെ ഉറവിടം എന്നിവയെക്കുറിച്ചുള്ള വിശദാംശങ്ങൾ ഫോമിൽ പൂരിപ്പിച്ച് നൽകണം. പള്ളികളുടെ പ്രതിമാസ ബജറ്റ്, അവയുടെ ബാങ്ക് അക്കൗണ്ട് വിശദാംശങ്ങൾ, അവ എങ്ങനെ കൈകാര്യം ചെയ്യുന്നു, പള്ളികൾ നിർമിക്കുന്ന ഭൂമിയുടെ സ്വഭാവം എന്നിവയും രേഖാമൂലം ആവശ്യപ്പെടുന്നു. ഇതിനുപുറമെയാണ് പള്ളിയുമായി ബന്ധപ്പെട്ടവരുടെ ജനനത്തീയതി, ഫോൺ നമ്പർ, ഇമെയിൽ വിലാസം, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയ വിവരങ്ങളും പാസ്‌പോർട്ട് നമ്പർ, ഇഷ്യൂ ചെയ്ത തീയതി, കാലാവധി കഴിയുന്ന തീയതി, സന്ദർശിച്ച രാജ്യങ്ങളുടെ എണ്ണം, വിദേശത്ത് താമസിക്കുന്ന ബന്ധുക്കളുടെ പേരുകൾ എന്നിവ ഉൾപ്പെടെയുള്ള വിശദാംശങ്ങൾ ആവശ്യപ്പെട്ടിട്ടുള്ളത്.
പള്ളികളുമായി ബന്ധപ്പെട്ടവരുടെ വിശദമായ സാമ്പത്തിക സ്ഥിതിയും ആവശ്യപ്പെടുന്നുണ്ട്. അവരുടെ പ്രതിമാസ വരുമാനത്തെയും ചെലവുകളെയും കുറിച്ചുള്ള വിവരങ്ങൾ, സ്വത്തിന്റെ ഉടമസ്ഥാവകാശം എന്നിവ ഇതിൽ ഉൾപ്പെടുന്നു. മാത്രമല്ല, അംഗങ്ങളുടെ സോഷ്യൽ മീഡിയ അകൗണ്ടുകളെ കുറിച്ചും മൊബൈൽ ഫോണുകളിൽ അവർ ഉപയോഗിക്കുന്ന ആപ്പുകളുടെയും വിശദാംശങ്ങളും ആവശ്യപ്പെടുന്നു. മാതാപിതാക്കൾ, സഹോദരങ്ങൾ, കുട്ടികൾ എന്നിവരുൾപ്പെടെയുള്ള കുടുംബാംഗങ്ങളുടെ വിശദാംശങ്ങളും തേടിയിട്ടുണ്ട്. പൊലീസ് ഔദ്യോഗികമായി ഈ നടപടിക്രമം അംഗീകരിച്ചിട്ടില്ലെങ്കിലും കുറച്ചു കാലമായി ഇത് നടപ്പിലാക്കുന്നുണ്ടെന്ന് വൃത്തങ്ങളെ ഉദ്ധരിച്ച് ദി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.