ജനസംഖ്യാ പഠന റിപ്പോർട്ട് മാധ്യമങ്ങൾ മുസ്‍ലിം വിദ്വേഷത്തിന് ഉ​പയോഗിക്കരുത്: പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ

‘രാജ്യത്ത് പ്രത്യുൽപ്പാദന നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് മുസ്‍ലിംകളിൽ’

Update: 2024-05-10 15:31 GMT
Advertising

ന്യൂഡൽഹി: രാജ്യത്ത് പ്രത്യുൽപ്പാദന നിരക്കിൽ ഏറ്റവും കൂടുതൽ ഇടിവ് മുസ്‍ലിംകളിലാണെന്ന് പോപ്പുലേഷൻ ഫൗണ്ടേഷൻന ഓഫ് ഇന്ത്യ. പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയുടെ ജനസംഖ്യാ പഠന റിപ്പോർട്ട് മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കാനായി മാധ്യമങ്ങൾ തെറ്റായി റിപ്പോർട്ട് ചെയ്യരുതെന്നും എൻ.ജി.ഒ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

മുസ്‍ലിം ജനസംഖ്യ വർധിക്കുന്നതായി കാണിച്ച് ഭയം സൃഷ്ടിക്കാനാണ് ശ്രമം. ജനസംഖ്യ വളർച്ചാ നിരക്കിന് മതവുമായി നേരിട്ട് ബന്ധമില്ല. എല്ലാ മതവിഭാഗങ്ങൾക്കിടയിലും മൊത്തത്തിലുള്ള ഫെർട്ടിലിറ്റി റേറ്റ് (TFR) കുറയുന്നുണ്ട്. മുസ്‍ലിംകൾക്കിടയിലാണ് ഏറ്റവും കൂടുതൽ ഇടിവെന്നും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വ്യക്തമാക്കി.

‘മത ന്യൂനപക്ഷങ്ങളുടെ പങ്ക്: ഒരു ക്രോസ്-കൺട്രി അനാലിസിസ് (1950-2015)’ എന്ന പേരിലാണ് പഠന റിപ്പോർട്ട് പുറത്തിറക്കിയത്. പഠനത്തിലെ കണ്ടെത്തലുകൾ തെറ്റായി റിപ്പോർട്ട് ചെയ്യുന്ന സമീപകാല മാധ്യമ റിപ്പോർട്ടുകളിൽ പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ വലിയ ആശങ്കയിലാണ്. ഈ റിപ്പോർട്ട് മുസ്ലിം ജനസംഖ്യാ വർധനയെക്കുറിച്ച് ആശങ്ക പരത്താൻ ഉപയോഗിക്കുകയാണ്. അത്തരം വ്യാഖ്യാനങ്ങൾ കൃത്യമല്ലെന്ന് മാത്രമല്ല, തെറ്റിദ്ധരിപ്പിക്കുന്നതും അടിസ്ഥാനരഹിതവുമാണ്.

65 വർഷത്തെ കാലയളവിൽ ആഗോളതലത്തിൽ ഭൂരിപക്ഷ-ന്യൂനപക്ഷ മത വിഭാഗങ്ങളുടെ വിഹിതത്തിൽ വന്ന മാറ്റങ്ങളെക്കുറിച്ചുള്ള പഠനത്തിൻ്റെ റിപ്പോർട്ട് ഒരു സമുദായത്തിനെതിരായ ഭയമോ വിവേചനമോ സൃഷ്ടിക്കാൻ ഉപയോഗിക്കരുത്. മുസ്‌ലിം ജനസംഖ്യയിലെ വർധനവ് ഉയർത്തിക്കാട്ടാൻ മാധ്യമങ്ങൾ തെറ്റായ രീതിയിലാണ് ഡാറ്റകൾ തെരഞ്ഞെടുത്തതെന്നും പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ എക്‌സിക്യൂട്ടീവ് ഡയറക്ടർ പൂനം മുത്രേജ പറഞ്ഞു.

ഇന്ത്യൻ സെൻസസ് പ്രകാരം കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി മുസ്‍ലിംകളുടെ ദശാബ്ദ വളർച്ചാ നിരക്ക് കുറഞ്ഞുവരികയാണ്. മുസ്‌ലിംകളുടെ ദശാബ്ദ വളർച്ചാ നിരക്ക് 1981-1991ൽ 32.9 ശതമാനമായിരുന്നു. 2001-2011ൽ അത് 24.6 ശതമാനമായി കുറഞ്ഞു. ഇതേ കാലയളവിൽ ഹിന്ദുക്കളുടെ വളർച്ചാ നിരക്ക് 22.7 ശതമാനത്തിൽ നിന്ന് 16.8 ശതമാനമായാണ് കുറഞ്ഞത്.

എല്ലാ മതവിഭാഗങ്ങൾക്കിടയിലും മൊത്തം ഫെർട്ടിലിറ്റി നിരക്ക് (TFR) കുറയുന്നുണ്ട്. 2005-06 മുതൽ 2019-21 വരെ പ്രത്യുൽപ്പാദന നിരക്കിലെ ഏറ്റവും ഇടിവ് മുസ്‍ലിംകൾക്കിടയിലാണ്. ഒരു ശതമാനമാണ് കുറഞ്ഞത്. ഹിന്ദുക്കളുടേത് 0.7 ശതമാനവും കുറഞ്ഞു. പ്രത്യുൽപ്പാദന നിരക്ക് വ്യത്യസ്‌ത മത സമൂഹങ്ങളിൽ സംഭവിക്കുന്നു എന്നാണ് ഇത് ചൂണ്ടിക്കാട്ടുന്നത്. പ്രത്യുൽപ്പാദന നിരക്കിന് വിദ്യാഭ്യാസവും വരുമാന നിലവാരവുമായാണ് അടുത്ത ബന്ധമുള്ളത്, അല്ലാതെ മതവ​ുമായിട്ടല്ല.

വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹിക സാമ്പത്തിക വികസനം എന്നിവയിൽ ഉന്നതിയിൽ നിൽക്കുന്ന സംസ്ഥാനങ്ങൾ, പ്രത്യേകിച്ച് കേരളത്തിലും തമിഴ്നാട്ടിലുമെല്ലാം എല്ലാ മതവിഭാഗങ്ങളിലും കുറഞ്ഞ പ്രത്യുൽപ്പാദന നിരക്കാണുള്ളത്. ഉദാഹരണത്തിന് കേരളത്തിലെ മുസ്ലിം സ്ത്രീകളുടെ പ്രത്യുൽപ്പാദന നരിക്ക് 2.25 ശതമാനമാണ്. ബിഹാറിലെ ഹിന്ദു സ്ത്രീകളിൽ ഇത് 2.88 ശതമാനമുണ്ട്.

ബംഗ്ലാദേശ്, ഇന്തോനേഷ്യ തുടങ്ങിയ മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങളിലെ വിജയകരമായ കുടുംബാസൂത്രണ പരിപാടികൾ ഇന്ത്യയെ അപേക്ഷിച്ച് കുറഞ്ഞ ജനനനിരക്കിന് കാരണമായിട്ടുണ്ട്. മികച്ച സ്ത്രീ വിദ്യാഭ്യാസം, കൂടുതൽ തൊഴിലവസരങ്ങൾ, ഗർഭനിരോധന മാർഗങ്ങളെക്കുറിച്ചുള്ള അവബോധം എന്നിവയിലൂടെയാണ് ഈ രാജ്യങ്ങൾ ​​പ്രത്യുൽപ്പാദന നിരക്ക് കുറച്ചത്. പ്രത്യുൽപ്പാദനക്ഷമത കുറയുന്നത് മതപരമായ ബന്ധത്തെക്കാൾ വികസന ഘടകങ്ങളാൽ സ്വാധീനിക്കപ്പെടുന്നുവെന്ന് ഇത് വ്യക്തമായി സൂചിപ്പിക്കുന്നു. ജനസംഖ്യാ വളർച്ച നിയന്ത്രിക്കാനുള്ള ഏറ്റവും ഫലപ്രദമായ മാർഗം വിദ്യാഭ്യാസം, സാമ്പത്തിക വികസനം, ലിംഗസമത്വം എന്നിവയിലെ നിക്ഷേപമാണെന്നും പൂനം മുത്രേജ പറഞ്ഞു.

പ്രത്യുൽപ്പാദന നിരക്ക് കുറക്കുന്നതിൽ സ്ത്രീകളുടെ വിദ്യാഭ്യാസമാണ് ഏറ്റവും നിർണായക ഘടകം എന്ന് ഞങ്ങളുടെ വിശകലനം സൂചിപ്പിക്കുന്നു. അതിനാൽ മതം നോക്കാതെ വിദ്യാഭ്യാസ, കുടുംബാസൂത്രണ സേവനങ്ങൾ നൽകുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കണം. ഭീതിയും വിഭജനവും സൃഷ്ടിക്കാൻ ജനസംഖ്യാ പഠനങ്ങൾ ഉപയോഗിക്കുന്നതിൽ നിന്ന് മാധ്യമങ്ങൾ വിട്ടുനിൽക്കണം. ജനസംഖ്യാപരമായ പ്രവണതകൾ റിപ്പോർട്ട് ചെയ്യുമ്പോൾ വിദ്യാഭ്യാസം, വരുമാനം, സാമൂഹിക സാമ്പത്തിക വികസനം എന്നിവയുടെ പങ്ക് എടുത്തുകാണിച്ചുകൊണ്ട് ഡാറ്റ കൃത്യമായും സന്ദർഭോചിതമായും അവതരിപ്പിക്കേണ്ടത് അത്യാവശ്യമാണ്. സമതുലിതവും ഐക്യവുമുള്ള സമൂഹം കെട്ടിപ്പടുക്കാൻ എല്ലാവരെയും ഉൾക്കൊള്ളുന്ന വികസനവും ലിംഗസമത്വവും പ്രോത്സാഹിപ്പിക്കുന്ന നയങ്ങൾ രൂപപ്പെടുത്തണമെന്നും എൻ.ജി.ഒ പ്രസ്താവനയിൽ വ്യക്തമാക്കി.

65 വർഷത്തെ കാലയളവിൽ ഇന്ത്യയിലെ ഹിന്ദു ഭൂരിപക്ഷ ജനസംഖ്യയിൽ 7.81 ശതമാനത്തിൻ്റെ ഇടിവ് നേരിട്ടുവെന്ന് കാണിച്ചാണ് കഴിഞ്ഞദിവസം വിവിധ മാധ്യമങ്ങൾ വാർത്ത നൽകിയത്. ഇതേ കാലയളവിൽ 43.15 ശതമാനത്തിൻ്റെ ഗണ്യമായ വർധനവാണ് മുസ്‍ലിംകൾക്ക് ഉണ്ടായതെന്നും വാർത്തകളിൽ പറയുന്നുണ്ട്. 84.68 ശതമാനത്തിൽ നിന്ന് 78.82 ശതമാനമായിട്ടാണ് ഹിന്ദു ജനസംഖ്യ കുറഞ്ഞത്. അതേസമയം, 1950ൽ 9.84 ശതമാനമുണ്ടായിരുന്ന മുസ്‍ലിം ജനസംഖ്യ 2015ൽ 14.09 ശതമാനമായിട്ടാണ് വർധിച്ചത്.

ക്രിസ്ത്യൻ വിഭാഗത്തിൽ 2.24ൽ നിന്ന് 2.36 ശതമാനമായും സിഖ് വിഭാഗത്തിൽ 1.24ൽ നിന്ന് 1.85 ശതമാനമായും ബുദ്ധ മതക്കാരിൽ 0.05ൽ നിന്ന് 0.81 ശതമാനമായും ജനസംഖ്യ ഉയർന്നിട്ടുണ്ട്. ഈ കണക്കുകളെ മുസ്‍ലിം വിദ്വേഷം പ്രചരിപ്പിക്കാനായി ചില മാധ്യമങ്ങൾ ഉപയോഗിച്ചതിനെതിരെയാണ് പോപ്പുലേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ രംഗത്തുവന്നത്.  

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News