ഗവർണർ നാളെ ഡൽഹിയിലെത്തും; മണിപ്പൂർ രാഷ്‌ട്രപതി ഭരണത്തിലേക്ക്?

തെരഞ്ഞെടുപ്പിന് തയ്യാറെന്ന് കോൺഗ്രസ്

Update: 2025-02-09 16:16 GMT
Editor : സനു ഹദീബ | By : Web Desk

ഇംഫാൽ: മണിപ്പൂരിൽ രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയേക്കുമെന്ന് സൂചന. ഗവർണർ അജയ് ഭല്ല നാളെ ഡൽഹിയിലെത്തും. തെരഞ്ഞടുപ്പിന് തയായരാണെന്ന് മണിപ്പൂർ കോൺഗ്രസ് അറിയിച്ചിട്ടുണ്ട്. അവിശ്വാസ പ്രമേയം നീക്കത്തിന് പിന്നാലെയാണ് രാജിയെന്ന് കോൺഗ്രസ്സ് ജനറൽ സെക്രട്ടറി ജയറാം രമേശ് വ്യക്തമാക്കി.

പ്രതിപക്ഷത്തിന്റെയും ഭരണപക്ഷ കുക്കി എംഎൽഎമാരുടെയും നിരന്തരമായ ആവശ്യത്തിന് പിന്നാലെയാണ് മണിപ്പൂർ മുഖ്യമന്ത്രി സ്ഥാനം രാജിവെക്കാൻ എൻ. ബീരേന്‍ സിങ് തീരുമാനിച്ചത്. ഇന്ന് വൈകുന്നേരത്തോടെയാണ് ബി.ജെ.പി എംഎല്‍എമാർക്കും എംപിമാർക്കുമൊപ്പം രാജ്ഭവനിലെത്തി ഗവര്‍ണറായ അജയ് ഭല്ലക്ക് രാജിക്കത്ത് കൈമാറിയത്. നാളെ തുടങ്ങുന്ന ബജറ്റ് സമ്മേളനത്തിൽ അവിശ്വാസ പ്രമേയം പാസാകാനുള്ള സാധ്യത തിരിച്ചറിഞ്ഞായിരുന്നു രാജി നീക്കം.

Advertising
Advertising

ഇന്നലെ ചാർട്ടേഡ് വിമാനത്തിൽ എൻ ബിരേൻ സിംഗും സംഘവും ഡൽഹിയിലെത്തി ആഭ്യന്തരമന്ത്രി അമിത് ഷായുമായി ചർച്ച നടത്തിയിരുന്നു. സ്വീകരിക്കേണ്ട നിലപാടും തുടർ നീക്കങ്ങളും ചർച്ച ചെയ്ത ശേഷമാണ് രാജിയിലേക്ക് കടന്നത്. കഴിഞ്ഞ ദിവസം ബിരേൻ സിങ് വിളിച്ച ഭരണ പക്ഷ എംഎൽഎമാരുടെ യോഗത്തിൽ എല്ലാ അംഗങ്ങളും പങ്കെടുത്തിരുന്നില്ല.ഇത് പാർട്ടിയുടെ ആശങ്ക വർധിപ്പിച്ചു.കൂടാതെ, നാളെ ആരംഭിക്കുന്ന നിയമസഭബജറ്റ് സമ്മേളനത്തിൽ മുഖ്യമന്ത്രിക്കെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാൻ പ്രതിപക്ഷം തീരുമാനിച്ചിരുന്നു.

ഇതിനെ ഭരണപക്ഷ എംഎൽഎമാർ പിന്തുണക്കുമെന്ന് ഭയന്നാണ് തിടുക്കപെട്ട് രാജിവെച്ചത്. രണ്ടുവർഷത്തോളമായിട്ടും സമാധാനം പുനസ്ഥാപിക്കാൻ കഴിയാത്ത ബിരേൻ സിംഗിനെ മുഖ്യമന്ത്രിപദത്തിൽ നിന്നും മാറ്റണമെന്ന് ആവശ്യപ്പെട്ട് ബിജെപി എംഎൽഎമാർ പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും കത്തയച്ചിരുന്നു. കൂടാതെ സർക്കാരിനുള്ള പിന്തുണ എൻപിപിയും ജെഡിയുവും പിൻവലിക്കുകയും ചെയ്തിരുന്നു. രാജിവെച്ചതിനെ തുടർന്ന് നിയമസഭ മരവിപ്പിച്ചു. മണിപ്പൂർ കലാപത്തിൽ മുഖ്യമന്ത്രിക്കെതിരെ വ്യാപക വിമർശനമുയർന്നിരുന്നു.

Tags:    

Writer - സനു ഹദീബ

Web Journalist, MediaOne

Editor - സനു ഹദീബ

Web Journalist, MediaOne

By - Web Desk

contributor

Similar News