'ക്രൂരമായ കൊലപാതകം': ഗസ്സക്ക് മേലുള്ള ഇസ്രായേൽ ബോംബാക്രമണത്തെ രൂക്ഷമായി വിമർശിച്ച് പ്രിയങ്ക ഗാന്ധി

'' ഇസ്രായേൽ ഭരണകൂടം കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്തോറും, അവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് കൂടുതൽ വെളിപ്പെടുകയാണ്''

Update: 2025-03-19 10:34 GMT
Editor : rishad | By : Web Desk

ന്യൂഡൽഹി: വെടിനിർത്തൽ കരാർ ലംഘിച്ച് ഗസ്സക്ക് മേൽ ഇസ്രായൽേ നടത്തിയ ബോംബാക്രമണത്തെ രൂക്ഷമായി വിമർശിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി. ക്രൂരമായ കൊലപാതകം എന്നാണ് എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ പ്രിയങ്ക വ്യക്തമാക്കിയത്. ലോകമെമ്പാടുമുള്ള (ഇസ്രായേലികൾ ഉൾപ്പെടെ) മനസ്സാക്ഷിയുള്ള ആളുകൾ ഫലസ്തീനികളുടെ വംശഹത്യ നടക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നുവെന്നും ഗാന്ധി പറഞ്ഞു.

''130 കുട്ടികൾ ഉൾപ്പെടെ 400ലധികം നിരപരാധികളായ സാധാരണക്കാരെയാണ് ഇസ്രായേൽ സർക്കാർ ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നത്. മനുഷ്യത്വത്തിന് ഒരു വിലയുമില്ലെന്നാണ് അവര്‍ തെളിയിക്കുന്നത്''- പ്രിയങ്ക പറഞ്ഞു.

Advertising
Advertising

'' ഇസ്രായേലിന്റെ പ്രവൃത്തികൾ അവരുടെ സഹജമായ ബലഹീനതയും സത്യത്തെ നേരിടാനുള്ള കഴിവില്ലായ്മയുമാണ് പ്രതിഫലിപ്പിക്കുന്നത്. പാശ്ചാത്യ ശക്തികൾ ഇക്കാര്യം അംഗീകരിച്ചാലും ഇല്ലെങ്കിലും, ഫലസ്തീൻ ജനതക്കെതിരായ വംശഹത്യയിൽ അവരുടെ ഗൂഢാലോചന അംഗീകരിക്കാൻ തീരുമാനിച്ചാലും ഇല്ലെങ്കിലും, മനസ്സാക്ഷിയുള്ള ലോകത്തിലെ എല്ലാ പൗരന്മാരും (നിരവധി ഇസ്രായേലികൾ ഉൾപ്പെടെ) വംശഹത്യ അറിയുന്നുണ്ട്''- പ്രിയങ്ക ഗാന്ധി പറയുന്നു. 

'' ഇസ്രായേൽ ഭരണകൂടം കൂടുതൽ കുറ്റകൃത്യങ്ങൾ ചെയ്യുന്തോറും, അവർ യഥാർത്ഥത്തിൽ ഭീരുക്കളാണെന്ന് കൂടുതൽ വെളിപ്പെടുകയാണ്. മറുവശത്ത്, ഫലസ്തീൻ ജനതയുടെ ധീരത നിലനിൽക്കുന്നു. സങ്കൽപ്പിക്കാനാവാത്ത കഷ്ടപ്പാടുകൾ ഫലസ്തീന്‍ ജനത സഹിച്ചിട്ടും അവരുടെ ആത്മാവ് ഉറച്ചതും അചഞ്ചലവുമായി തുടരുകയാണെന്നും''- പ്രിയങ്ക ഗാന്ധി വ്യക്തമാക്കി.

ഗസ്സയിലുടനീളം നൂറുകണക്കിന് ബോംബുകൾ ഒന്നിച്ചുവർഷിച്ചാണ് ഇസ്രായേൽ കൂട്ടക്കൊല നടത്തിയത്. പരിക്കേറ്റവരെ കൊണ്ട് ആശുപത്രികളെല്ലാം നിറഞ്ഞിരുന്നു. അതേസമയം മരണസംഖ്യ ഇനിയും ഉയരാനാണ് സാധ്യത. ഗസ്സയിൽ ആക്രമണം തുടരാനാണ് ഇസ്രായേലിന്റെ നടപടി. വടക്കൻ ഗസ്സയിലെ വിവിധ പ്രദേശങ്ങളിൽ നിന്ന് ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേൽ ഭീഷണി മുഴക്കുന്നു.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News