മോദിയുടെ പരിപാടിക്കായി പെരുന്നാൾ അവധി ഒഴിവാക്കി; ഡൽഹി സർവകലാശാലയ്‌ക്കെതിരെ പ്രതിഷേധം

ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണിതെന്നും ഹോളിയും ദിവാലിയുമാണെങ്കിൽ സർവകലാശാലയ്ക്ക് ഇതേ സമീപനമായിരിക്കില്ലെന്നും അധ്യാപകർ വിമർശിച്ചു

Update: 2023-06-28 08:34 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: ബലിപെരുന്നാൾദിവസവും പ്രവൃത്തിദിനമാക്കി ഉത്തരവിറക്കി ഡൽഹി സർവകലാശാല(ഡി.യു). ജൂൺ 29നാണ് സർവകലാശാലാ സാധാരണ പോലെ പ്രവർത്തിക്കുമെന്ന് സർവകലാശാല അറിയിച്ചിരിക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പരിപാടിക്കായാണ് ഇത്തരമൊരു തീരുമാനമെന്നാണ് വിശദീകരണം. നടപടിക്കെതിരെ വലിയ പ്രതിഷേധം ഉയർന്നിട്ടുണ്ട്.

കഴിഞ്ഞ ദിവസം പ്രത്യേക ഉത്തരവിറക്കിയാണ് പെരുന്നാൾദിവസം സർവകലാശാല പ്രവർത്തിക്കുമെന്ന് അധികൃതർ അറിയിച്ചത്. എല്ലാ ജീവനക്കാരും ജോലിക്കെത്തണമെന്നും നിർദേശമുണ്ട്. എന്നാൽ, പെരുന്നാൾ ആഘോഷിക്കുന്നവർക്ക് ഇതിൽനിന്ന് ഒഴിവുണ്ടെന്ന് ഉത്തരവിൽ പറയുന്നു. പ്രധാനമന്ത്രി മോദിയുടെ പരിപാടിക്കു മുന്നോടിയായി എല്ലാ മുന്നൊരുക്കങ്ങളും പൂർത്തീകരിക്കാനാണ് ഇത്തരമൊരു തീരുമാനമെന്നാണ് സർവകലാശാലാ വൃത്തങ്ങൾ വിശദീകരിക്കുന്നത്.

ജൂൺ 30നാണ് ഡി.യു ശതാബ്ദി ആഘോഷങ്ങളുടെ സമാപനം. ചടങ്ങിൽ മുഖ്യാതിഥിയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി.

ഉത്തരവിനെതിരെ ഒരു വിഭാഗം അധ്യാപകർ രംഗത്തെത്തിയിട്ടുണ്ട്. ജൂൺ 29 കേന്ദ്ര ഗസറ്റിൽ വ്യക്തമാക്കിയ നിർബന്ധിത ഈദുൽ അദ്ഹാ അവധിദിനമാണെന്ന് ഡെമോക്രാറ്റിക് ഫെഡറേഷൻ ഓഫ് ടീച്ചേഴ്‌സ് വാർത്താകുറിപ്പിൽ ചൂണ്ടിക്കാട്ടി. ഈ ദിവസം മുസ്‌ലിംകൾ പെരുന്നാൾ ആഘോഷിക്കുമ്പോൾ മറ്റു സമുദായങ്ങളും അതിൽ പങ്കുചേരാറുണ്ട്. എന്നാൽ, പുതിയ ഉത്തരവ് സർവകലാശാലയുടെ വിഭാഗീയ ചിന്താഗതിയുടെയും ബോധമില്ലായ്മയുടെയും തെളിവാണെന്ന് വാർത്താകുറിപ്പിൽ കുറ്റപ്പെടുത്തി. ഒരു സമൂഹത്തെ ഒറ്റപ്പെടുത്താനുള്ള ബോധപൂർവമായ ശ്രമമാണെന്നും അധ്യാപകർ ആരോപിച്ചു.

പ്രധാനമന്ത്രിയുടെ പരിപാടിയുടെ ഒരുക്കങ്ങൾ പൂർത്തീകരിക്കാൻ സർവകലാശാല സന്നദ്ധപ്രവർത്തകരെ ഉപയോഗിക്കുകയാണ് വേണ്ടതെന്ന് അധ്യാപകർ പറഞ്ഞു. 2023നുമുൻപ് തന്നെ ഗസറ്റിൽ നിശ്ചയിച്ചിട്ടുള്ള അവധികൾ അറിയാവുന്നതാണ്. മറ്റൊരു അടിയന്തര സാഹചര്യവും ഉണ്ടായിട്ടില്ല. ഹോളിയോ ദിവാലിയോ ആണെങ്കിൽ സർവകലാശാലയ്ക്ക് ഇതേ സമീപനമായിരിക്കില്ലെന്നും അധ്യാപകർ ആരോപിച്ചു.

Summary: Delhi University teachers condemn varsity's decision to work on Eid-ul-Adha to 'complete all arrangements' prior to the function where PM Narendra Modi will be the chief guest

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News