യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ മികച്ച സമയനിഷ്ഠയാണ് ഇന്ത്യൻ റെയിൽവേയുടേത്: കേന്ദ്രമന്ത്രി
ഇന്ത്യൻ റെയിൽവേയുടെ പൊതുവായ സമയനിഷ്ഠ 80 ശതമാനമായി വർധിച്ചതായും മന്ത്രി പറഞ്ഞു.
ന്യൂഡൽഹി: ട്രെയിനുകൾ വൈകുന്നതിൽ വിമർശനം പതിവായിരിക്കെ വിചിത്രവാദവുമായി കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. പല യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ മികച്ച സമയനിഷ്ഠയാണ് ഇന്ത്യൻ റെയിൽവേയുടേതെന്ന് മന്ത്രി അവകാശപ്പെട്ടു. ഇന്ത്യൻ റെയിൽവേയുടെ പൊതുവായ സമയനിഷ്ഠ 80 ശതമാനമായി വർധിച്ചതായും മന്ത്രി പറഞ്ഞു. രാജ്യസഭയിലാണ് മന്ത്രിയുടെ പ്രതികരണം.
നിരവധി റെയിൽവേ ഡിവിഷനുകൾ ഇതിനകം 90 ശതമാനം സമയനിഷ്ഠ പാലിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. സമീപ വർഷങ്ങളിൽ നടപ്പാക്കിയ മെച്ചപ്പെട്ട അറ്റകുറ്റപ്പണികളുടെയും പ്രവർത്തന നവീകരണങ്ങളുടെയും സ്വാധീനത്താലാണ് ഇതെന്നും മന്ത്രി അവകാശപ്പെട്ടു.
'റെയിൽവേയുടെ പൊതുവായ സമയനിഷ്ഠ 80 ശതമാനത്തിലെത്തി. ഇതൊരു സുപ്രധാന നേട്ടമാണ് 70 റെയിൽവേ ഡിവിഷനുകളിൽ സമയനിഷ്ഠ 90 ശതമാനമാണ്. യൂറോപ്യൻ രാജ്യങ്ങളിലേതിനേക്കാൾ മികച്ച സമയനിഷ്ഠയാണ് ഇന്ത്യൻ റെയിൽവേയുടേത്'- അദ്ദേഹം വിശദമാക്കി.
ചരിത്ര- സാംസ്കാരിക ബന്ധമുള്ള ബലിയ സ്റ്റേഷനിൽ നിന്ന് 82 ട്രെയിൻ സർവീസുകളാണ് ഉള്ളതെന്നും മന്ത്രി പറഞ്ഞു. ഉത്തർപ്രദേശിൽ റെയിൽവേ പദ്ധതികൾക്കായി പ്രധാനമന്ത്രി ബജറ്റ് തുക വർധിപ്പിച്ചിട്ടുണ്ട്. ഇതൊരു ചരിത്രപരമായ ചുവടുവയ്പ്പാണ്. 2014ന് മുമ്പ് വെറും 100 കോടി രൂപ മാത്രമാണ് ബജറ്റിൽ നീക്കിവച്ചിരുന്നത്, ഇന്നത് പലമടങ്ങ് വർധിച്ചിട്ടുണ്ടെന്നും കേന്ദ്രമന്ത്രി കൂട്ടിച്ചേർത്തു.
2023 മുതൽ രണ്ട് വർഷം ഇന്ത്യൻ റെയിൽവേയിൽ രജിസ്റ്റർ ചെയ്തത് 61 ലക്ഷത്തിനു മുകളിൽ പരാതികളാണെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. വിവരാവകാശ അപേക്ഷ പ്രകാരം ലഭിച്ച മറുപടിയിലാണ് ഞെട്ടിക്കുന്ന കണക്കുള്ളത്. സുരക്ഷ, ശുചിത്വം, ഇലക്ട്രിക്കൽ തകരാറുകൾ, സമയനിഷ്ഠ എന്നിവ സംബന്ധിച്ചാണ് പരാതികളുള്ളത്. 2024-25 സാമ്പത്തിക വർഷം 32 ലക്ഷം പരാതികളാണ് രജിസ്റ്റർ ചെയ്യപ്പെട്ടത്. അതായത്, മുൻ വർഷത്തേതിൽ നിന്ന് 11 ശതമാനം വർധന.