‘അല്ലു അർജുന്റെ ‘പുഷ്പ’ കാരണം സ്കൂളിലെ പകുതി കുട്ടികളും മോശമായി’; അധ്യാപികയുടെ പ്രസംഗം വൈറൽ
പുഷ്പ സിനിമ വിദ്യാർഥികളെ മോശമായി ബാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ കമ്മീഷന് മുമ്പാകെ സംസാരിക്കവെ അധ്യാപിക പറയുന്നത്
ഹൈദരാബാദ്: ആഗോള ബോക്സ് ഓഫീസിൽ തരംഗം സൃഷ്ടിച്ച തെലുങ്ക് ചിത്രമാണ് പുഷ്പ. അല്ലു അർജുന്റെയും സംവിധായകൻ സുകുമാറിന്റെയും സിനിമാ ജീവിതത്തിൽ മികച്ച വിജയവും പുഷ്പ സമ്മാനിച്ചു. 2021ൽ ഇറങ്ങിയ 'പുഷ്പ ദി റൈസിന്' ശേഷം 2024 ലാണ് രണ്ടാം ഭാഗമായ 'പുഷ് ദി റൂൾ' ഇറങ്ങുന്നത്. എന്നാൽ, പുഷ്പ സിനിമക്കെതിരെ യൂസുഫ്ഗുദയിലെ സർക്കാർ സ്കൂൾ അധ്യാപിക നടത്തിയ പ്രസംഗമാണിപ്പോൾ വൈറൽ. പുഷ്പ സിനിമ വിദ്യാർഥികളെ മോശമായി ബാധിക്കുന്നുവെന്നാണ് വിദ്യാഭ്യാസ കമ്മീഷന് മുമ്പാകെ സംസാരിക്കവെ അധ്യാപിക പറയുന്നത്.
'പുഷ്പയുടെ റിലീസിന് ശേഷം കുട്ടികൾ മോശമായി പെരുമാറുന്നു. അസഹനീയമായ ഹെയർസ്റ്റൈലുകളുമായി സ്കൂളുകളിൽ വരുന്നു. അസഭ്യമായി സംസാരിക്കുകയും ചെയ്യുന്നു. ഞങ്ങൾ വിദ്യാഭ്യാസത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയും ഇത് അവഗണിക്കുകയും ചെയ്യുകയാണ്. സർക്കാർ സ്കൂളുകളിൽ മാത്രമല്ല, സ്വകാര്യ സ്കൂളുകളിലും ഇതാണ് സ്ഥിതി. ഒരു അഡ്മിനിസ്ട്രേറ്റർ എന്ന നിലയിൽ ഞാൻ പരാജയപ്പെടുകയാണെന്ന് എനിക്ക് തോന്നുന്നു' -അധ്യാപിക പറഞ്ഞു.
ഒരു അധ്യാപിക എന്ന നിലയിൽ കുട്ടികളെ ശിക്ഷിക്കാൻ തനിക്ക് സാധിക്കില്ല. ശിക്ഷകൾ കുട്ടികളെ സമ്മർദ്ദത്തിലാക്കി ആത്മഹ്യതാ പ്രവണതയിലേക്ക് എത്തിക്കുമോ എന്ന ഭയവും തങ്ങൾക്കുള്ളതായി അധ്യാപിക പറഞ്ഞു. മാതാപിതാക്കളോട് ഇതിനെ കുറിച്ച് സംസാരിക്കുന്നതൊന്നും കുട്ടികളെ ബാധിക്കുന്നില്ല. സാമൂഹ്യ മാധ്യമങ്ങളാണ് ഇതിന് കുറ്റക്കാർ. പുഷ്പ എന്ന സിനിമ തന്റെ സ്കൂളിലെ പകുതി കുട്ടികളെയും മോശമായി ബാധിച്ചതായും അധ്യാപിക പങ്കുവെച്ചു.
അധ്യാപികയുടെ പ്രസംഗത്തിന് താഴെ പലതരത്തിലുള്ള കമെന്റുകളാണ് വരുന്നത്. ഇതിനെ അനുകൂലിക്കുന്നവും പ്രതികൂലിക്കുന്നരും രംഗത്ത് വന്നു . ഇത്തരം സിനിമകൾ കുട്ടികളെ പ്രതികൂലമായി ബാധിക്കുമെന്നും നല്ലത് ചെയ്തില്ലെങ്കിലും മോശമായി ബാധിക്കുന്ന കാര്യങ്ങൾ ചെയ്യരുതെന്നും ഒരു കൂട്ടർ അഭിപ്രായപ്പെട്ടു. അത്തരത്തിൽ സ്വാധീനം ചെലുത്തുമെങ്കിൽ സിനിമയിൽനിന്ന് പ്രചോദനം ഉൾക്കൊണ്ട് നിരവധി ഐഎഎസ്, ഐപിഎസ് ഉദ്യോഗസ്ഥർ ഉണ്ടായേനെ എന്ന് മറ്റുചിലർ വാദിച്ചു.