ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറെന്ന് രാഹുൽഗാന്ധി; ലോക്‌സഭാ സെക്രട്ടറിയേറ്റിന് മറുപടി നൽകി

'നാല് തവണ ലോക്‌സഭാ എംപിയായ തനിക്ക് വീടുമായി ഉള്ളത് സന്തോഷകരമായ ഓർമകളാണ്'

Update: 2023-03-28 07:48 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: ഔദ്യോഗിക വസതി ഒഴിയാൻ തയ്യാറാണെന്ന് രാഹുൽ ഗാന്ധി. ലോക്‌സഭ സെക്രട്ടേറിയേറ്റ് നൽകിയ കത്തിന് രാഹുൽ ഗാന്ധി മറുപടി നൽകി. നാല് തവണ ലോക്‌സഭാ എംപിയായ തനിക്ക് വീടുമായി ഉള്ളത് സന്തോഷകരമായ ഓർമകളാണെന്നും രാഹുൽ കുറിച്ചു.അയോഗ്യതക്ക് കാരണമായ പ്രസംഗം നടന്ന കർണാടകയിലെ കോലാറിൽ ഏപ്രിൽ 5ന് രാഹുൽ ഗാന്ധി വീണ്ടും പ്രസംഗിക്കും.

ഏപ്രിൽ 22ന് ഉള്ളിൽ തുഗ്ലക്ക് ലൈനിലെ പന്ത്രണ്ടാം നമ്പർ ഔദ്യോഗിക വസതി ഒഴിയണമെന്ന് ആവശ്യപ്പെട്ട് തിങ്കളാഴ്ചയാണ് രാഹുൽ ഗാന്ധിക്ക് നോട്ടീസ് ലഭിച്ചത്. നോട്ടീസിന് നന്ദിയെന്നും ഒരുപാട് ഓർമകളുള്ള വീട് ഒഴിയാനുള്ള നിർദ്ദേശം പാലിക്കുമെന്നും ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഡെപ്യൂട്ടി സെക്രട്ടറി മോഹിത് രാജന് അയച്ച കത്തിൽ രാഹുൽ ഗാന്ധി വ്യക്തമാക്കി.

രാഹുൽ ഗാന്ധി താമസ സ്ഥലം മാറുന്ന സാഹചര്യത്തിൽ അദ്ദേഹത്തിന് ഇസഡ് പ്ലസ് സുരക്ഷ ഒരുക്കുന്ന സിആർപിഎഫ് പുതിയ താമസ സ്ഥലത്ത് ഒരുക്കേണ്ട സുരക്ഷാ സംവിധാനങ്ങൾ സംബന്ധിച്ച് അവലോകന യോഗം ചേർന്നു. തനിക്കെതിരായ നടപടികൾ ശക്തമാകുമ്പോഴും പോരാട്ടത്തിൽ നിന്ന് ഒരിഞ്ച് പിന്നോട്ട് ഇല്ലെന്നാണ് രാഹുൽ ഗാന്ധിയുടെ നിലപാട്.

നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ പ്രസംഗിക്കാൻ രാഹുൽ ഗാന്ധി തെരഞ്ഞെടുത്തത് കോലാറാണ്. 2019ൽ തെരഞ്ഞെടുപ്പ് റാലിക്കിടെ രാഹുൽ ഗാന്ധി ഇവിടെ നടത്തിയ പ്രസംഗമാണ് ഒടുവിൽ അദ്ദേഹത്തിന്റെ എംപി സ്ഥാനം നഷ്ടപ്പെടുത്തിയ കോടതി വിധിയിൽ കലാശിച്ചത്. അതിനിടെ തന്നെ വിമർശിക്കാൻ യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ഉപയോഗിച്ചത് രാഹുൽ ഗാന്ധിയുടെ വാക്കുകൾ ആണെന്ന കേന്ദ്ര മന്ത്രി സ്മൃതി ഇറാനിയുടെ ആരോപണത്തിന് കോൺഗ്രസ് അതെ നാണയത്തിൽ മറുപടി നൽകി.

രാഹുൽ ഗാന്ധിക്കെതിരായ നടപടിയിൽ ഇന്നും കോൺഗ്രസ് തെരുവിൽ പ്രതിഷേധിക്കും. വൈകീട്ട് ചെങ്കോട്ടയ്ക്ക് മുൻപിൽ പ്രിയങ്കാ ഗാന്ധി ഉൾപ്പടെയുള്ള കോൺഗ്രസ് നേതാക്കളും എംപിമാരും മെഴുകുതിരി തെളിയിച്ച് മാർച്ച് നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News