'ഞങ്ങൾക്കറിയാം ഫോണിലുള്ളതെല്ലാം നിങ്ങൾ വായിക്കുന്നുണ്ടെന്ന്..' രാഹുൽ ഗാന്ധി

സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കിയിട്ടുണ്ട്.

Update: 2021-07-19 05:29 GMT
Advertising

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസസ് ഉപയോഗിച്ച് രാജ്യത്തെ പ്രമുഖരുടെ ഫോണ്‍ ചോര്‍ത്തിയ സംഭവത്തില്‍ പ്രതികരണവുമായി രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയായിരുന്നു രാഹുല്‍ ഗാന്ധിയുടെ പരിഹാസം കലര്‍ന്ന വിമര്‍ശനം.

'അവര്‍ എന്താണ് വായിക്കുന്നതെന്ന് ഇപ്പോള്‍ ഞങ്ങൾക്കറിയാം... നിങ്ങളുടെ ഫോണിലുള്ളതെല്ലാം' രാഹുല്‍ ട്വീറ്റ് ചെയ്തു.

മൂന്ന് ദിവസം മുമ്പ് പോസ്റ്റ് ചെയ്ത ഒരു ട്വീറ്റ് റീ ട്വീറ്റ് ചെയ്തുകൊണ്ടായിരുന്നു രാഹുല്‍ ഗാന്ധിയുടെ പുതിയ ട്വീറ്റ്. ഈ ദിവസങ്ങളിൽ നിങ്ങൾ എന്താണ് വായിക്കുന്നതെന്ന് ഞാൻ ആശ്ചര്യപ്പെടുന്നു എന്നായിരുന്നു അന്ന് രാഹുല്‍ ട്വീറ്റ് ചെയ്തത്.

ഇസ്രായേൽ ചാര സോഫ്റ്റ്‌വെയർ പെഗാസ‍സ് ഉപയോഗിച്ച് രണ്ട് കേന്ദ്രമന്ത്രിമാരുടേതുള്‍പ്പെടെ മുന്നൂറോളം പേരുടെ ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയെന്നാണ് അന്താരാഷ്ട്ര മാധ്യമങ്ങള്‍ കഴിഞ്ഞ ദിവസം റിപ്പോര്‍ട്ട് ചെയ്തത്. സുപ്രീം കോടതി ജഡ്ജിമാര്‍, പ്രതിപക്ഷ നേതാക്കള്‍, നിക്ഷേപകര്‍, ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍, ശാസ്ത്രജ്ഞര്‍, ആക്ടിവിസ്റ്റുകള്‍ എന്നിവരുടെയും നാല്‍പതോളം ഇന്ത്യന്‍ മാധ്യമപ്രവര്‍ത്തകരുടെയും ഫോണ്‍ വിവരങ്ങള്‍ ചോര്‍ത്തിയതായാണ് റിപ്പോര്‍ട്ട്.

സംഭവത്തില്‍ പാര്‍ലമെന്‍റിന്‍റെ ഇരുസഭകളിലും അടിയന്തര പ്രമേയത്തിന് പ്രതിപക്ഷം  നോട്ടീസ് നല്‍കിയിട്ടുണ്ട്. എൻ.കെ.പ്രേമചന്ദ്രൻ എം.പി ലോകസഭയിലും സി.പി.ഐ എം.പി ബിനോയ് വിശ്വം രാജ്യസഭയിലുമാണ് നോട്ടീസ് നല്‍കിയത്. സഭ നിർത്തിവെച്ച് വിഷയം ചർച്ച ചെയ്യണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആവശ്യം.

എന്നാല്‍ മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളെ പാടെ തള്ളുകയാണ് കേന്ദ്രം. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് പ്രചരിപ്പിക്കുന്നതെന്നും നിയമവിരുദ്ധമായി ഒരു നിരീക്ഷണവും ഉണ്ടായിട്ടില്ലെന്നുമാണ് കേന്ദ്രസര്‍ക്കാരിന്‍റെ വിശദീകരണം. വ്യക്തികളെ നിരീക്ഷിക്കാന്‍ സര്‍ക്കാര്‍ ഏജന്‍സികള്‍ക്ക് കൃത്യമായ മാനദണ്ഡം ഉണ്ട്. കേന്ദ്ര-സംസ്ഥാനങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ മേല്‍നോട്ടത്തില്‍ ദേശീയ താല്‍പര്യമുള്ള കാര്യങ്ങളില്‍ മാത്രമേ ഇത്തരം ഇടപെടല്‍ ഉണ്ടാകാറുള്ളൂവെന്നും ഈ വിവാദത്തില്‍ നേരത്തെ പാര്‍ലമെന്‍റി ല്‍ മറുപടി പറഞ്ഞതാണെന്നും കേന്ദ്ര വൃത്തങ്ങള്‍ പറയുന്നു.


Tags:    

Editor - ഷെഫി ഷാജഹാന്‍

contributor

By - Web Desk

contributor

Similar News