വോട്ടുകൊള്ള നടക്കുന്നതിങ്ങനെ; രാഹുൽ പറയുന്നു

നിയമസഭാ മണ്ഡങ്ങളായ കർണാടകയിലെ അലന്ദിലും മഹാരാഷ്ട്രയിലെ രജൂറിയിലും ക്രമക്കേടുകളുടെ തെളിവുകൾ നിരത്തിയായിരുന്നു

Update: 2025-09-18 13:59 GMT

ന്യൂഡൽഹി: ഇന്ത്യയുടെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ഒരിക്കൽ കൂടി രാജ്യത്തിന് മുന്നിൽ ചില ചോദ്യങ്ങൾ ഉയർത്തിയിരിക്കുന്നു. കർണാടകയിലെ മഹാദേവപുര മണ്ഡലത്തിൽ നടന്ന വോട്ട് കൊള്ള ആരോപണത്തിന് പിന്നാലെയാണ് ഇന്ന് എഐസിസി ആസ്ഥാനത്ത് നടത്തിയ വാർത്താസമ്മേളനത്തിൽ രാഹുൽ ആരോപണങ്ങൾ ഉന്നയിച്ചത്. വളരെ ആസൂത്രിതവും കേന്ദ്രീകൃതമായ വോട്ടുകൊള്ളയാണ് നടക്കുന്നതെന്നാണ് പ്രതിപക്ഷ നേതാവിന്റെ ആരോപണം. സോഫ്റ്റ്വെയറുകൾ ഉപയോഗിച്ച് പ്രതിപക്ഷ പാർട്ടികൾക്ക് മേൽക്കൈയുള്ള മണ്ഡലങ്ങളിൽ വ്യാപക ക്രമക്കേടുകൾ നടക്കുന്നുവെന്നും അദ്ദേഹം പറയുന്നു. അതിനുള്ള തെളിവുകൾ അടക്കമാണ് രാഹുൽ പുറത്തുകൊണ്ടുവന്നത്. ഇതിനെല്ലാം പുറമെ, വോട്ടുകൊള്ള നടത്തുന്നവർക്ക് തണലൊരുകുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷ്ണർ ആണെന്ന കടുത്ത ആരോപണവും രാഹുൽ ഗാന്ധി ഉന്നയിക്കുന്നുണ്ട്.

Advertising
Advertising

നിയമസഭാ മണ്ഡങ്ങളായ കർണാടകയിലെ അലന്ദിലും മഹാരാഷ്ട്രയിലെ രജൂറിയിലും ക്രമക്കേടുകളുടെ തെളിവുകൾ നിരത്തിയായിരുന്നു രാഹുലിന്റെ ആരോപണങ്ങൾ. ഒരിടത്തെ വോട്ടർ പട്ടികയിൽനിന്ന് ആളുകളെ വെട്ടിമാറ്റുമ്പോൾ മറ്റൊരിടത്ത് കൂട്ടിച്ചേർക്കപ്പെടുകയാണെന്നാണ് അദ്ദേഹം പറയുന്നത്.

2023ലെ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകയിലെ അലന്ദിൽ 6018 വോട്ടുകൾ വെട്ടിമാറ്റാനുള്ള ശ്രമമാണ് നടന്നത്. വെട്ടിമാറ്റപ്പെട്ട വോട്ടർമാർക്കോ, അല്ലെങ്കിൽ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് അപേക്ഷ നൽകിയവർക്കോ ഇതേ കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. കോൺഗ്രസിന്റെ ശക്തികേന്ദ്രമായ 10 ബൂത്തുകൾ ലക്ഷ്യംവെച്ചായിരുന്നു ഈ നീക്കമെന്നാണ് രാഹുൽ പറയുന്നത്. വോട്ടുകൊള്ള നടന്നുവെന്ന് പറയപ്പെടുന്ന ഈ പത്തുബൂത്തുകളിൽ എട്ടെണ്ണത്തിലും 2018ലെ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനായിരുന്നു മേൽക്കൈയെന്നും അവകാശപ്പെടുന്നുണ്ട് അദ്ദേഹം.

ഗോദാബായ്, സൂര്യകാന്ത് എന്നീ വോട്ടർമാരുടെ ലോഗിൻ ഐഡി ഉപയോഗിച്ച്, 12 വീതം വോട്ടർമാരെ നീക്കം ചെയ്യാനുള്ള ശ്രമമായിരുന്നു അവിടെ നടന്നത്. എന്നാൽ ഗോദാബായ്‌ക്കോ സൂര്യകാന്തിനോ ഇതേക്കുറിച്ച് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. ഗോദാബായ് വീഡിയോയിലും സൂര്യകാന്ത് നേരിട്ടെത്തിയും ഇക്കാര്യം ബോധിപ്പിക്കുകയും ചെയ്യുന്നുണ്ട്. ഇതിൽ സൂര്യകാന്ത് എന്ന വ്യക്തിയുടെ ഐഡി ഉപയോഗിച്ച് 14 മിനിറ്റിൽ 12 അപ്ലിക്കേഷനുകളാണ് സമർപ്പിക്കപ്പെട്ടത്. മറ്റൊരാളായ നാഗരാജാകട്ടെ അയാളുടെ വോട്ടർ ഐഡിയിൽ നിന്ന് പുലർച്ചെ നാലുമണിക്കാണ് അപ്ലിക്കേഷനുകൾ സമർപ്പിക്കപ്പെട്ടത്. അതും 36 സെക്കന്റിലാണ് ആ ഐഡിയിൽ നിന്ന് രണ്ട് അപ്ലിക്കേഷനുകൾ സമർപ്പിക്കപ്പെട്ടത്.

ഇനി മഹാരാഷ്ട്രയിലെ രജൂറിയുടെ കാര്യമെടുത്താൽ, അവിടെ വോട്ടുകൾ കൂട്ടിച്ചേർക്കപ്പെടുകയാണ് ചെയ്തത്. 6850 വോട്ടുകളാണ് അവിടെ അധികമായി ചേർക്കപ്പെട്ടത്. പ്രവർത്തന രീതി ഒന്നുതന്നെ. നേരത്തെ മഹാദേവപുരയിൽ സംഭവിച്ചപോലെ കൂട്ടിച്ചേർക്കപ്പെട്ട വോട്ടർമാർക്ക് കൃത്യമായ പേരോ വിലാസമോ രജൂറിയിലും ഇല്ല. ഉന്നയിച്ച ഓരോ വിഷയങ്ങൾക്കും 101 ശതമാനം തെളിവുകളുണ്ടെന്നാണ് രാഹുൽ പറയുന്നത്.

ഇനി രാഹുൽ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ ഉന്നയിച്ച ഗുരുതര ആരോപണത്തിലേക്ക് വരാം. അതിന് മുമ്പ് അലന്ദിലെ ക്രമക്കേട് പിടിക്കപ്പെട്ടതിന്റെ കഥകൂടി പറയാം. വളരെ യദൃച്ഛികമായിരുന്നു സംഭവം. തന്റെ അമ്മാവന്റെ വോട്ട് വെട്ടിമാറ്റപ്പെട്ടത് ഒരു ബൂത്ത് ലെവൽ ഓഫീസറുടെ ശ്രദ്ധയിൽപ്പെട്ടതോടെയായിരുന്നു അലന്ദിലെ കള്ളി വെളിച്ചത്തായത്. അവർ അമ്മാവനോട് കാര്യം തിരക്കിയപ്പോൾ അദ്ദേഹമത് അറിഞ്ഞിരുന്നില്ല. പരിശോധിച്ചപ്പോൾ, നീക്കം ചെയ്യാൻ അപേക്ഷ നൽകിയത് അയൽക്കാരനാണെന്ന് മനസിലായി. അയാളോട് കാര്യം തിരക്കിയപ്പോൾ ആയാലും കൈ മലർത്തി. ഇതോടെയാണ് സംഗതിയുടെ പിന്നിൽ വലിയ കള്ളക്കളികൾ നടക്കുന്നുണ്ടെന്ന് തിരിച്ചറിയുന്നത്.

സംഭവത്തിൽ 2023 ഫെബ്രുവരിയിലാണ് കർണാടക സിഐഡി കേസ് രെജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിക്കുന്നത്. അപ്ലിക്കേഷനുകൾ സമർപ്പിക്കപ്പെട്ട സെർവറിന്റെ ഡെസ്റ്റിനേഷൻ ഐപി, ഡിവൈസ് ഡെസ്റ്റിനേഷൻ പോർട്ട്, ഒടിപി ട്രെയൽസ് എന്നീ വിവരങ്ങൾ തരണമെന്ന് ആവശ്യപ്പെട്ട് തൊട്ടടുത്ത മാസം അതായത് 2023 മാർച്ചിൽ തന്നെ സിഐഡി തെരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു. അങ്ങനെ ഈ മാസം 2025 സെപ്റ്റംബർ വരെ അവരയച്ചത് 18 കത്തുകളായിരുന്നു. എന്നാൽ ഒരെണ്ണത്തിന് പോലും കമ്മീഷൻ പ്രതികരിക്കാൻ തരായിരുന്നില്ല. അതായത് അവർ ആവശ്യപ്പെട്ട ഒരൊറ്റ വിവരം പോലും നൽകാൻ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയില്ല എന്ന് ചുരുക്കം. കർണാടക തെരഞ്ഞെടുപ്പ് കമ്മീഷനും ഇതേ ആവശ്യം ഉന്നയിച്ചെങ്കിലും അവരോട് മുഖം തിരിക്കുകയായിരുന്നു എന്നാണ് രാഹുൽ ഗാന്ധി പറയുന്നത്.

കർണാടകയിലോ മഹാരാഷ്ട്രയിലോ മാത്രമല്ല, യുപിയിലും ഹരിയാനയിലുമെല്ലാം ഇത്തരം കള്ളത്തരങ്ങൾ നടന്നിട്ടുണ്ടെന്നും നടക്കുന്നുണ്ടെന്നുമാണ് രാഹുൽ പറയുന്നത്. ഒരു സംസ്ഥാനത്തുള്ളവരുടെ നമ്പറുകളാണ് ഉപയോഗിക്കുന്നതെങ്കിലും അവ പുറംസംസ്ഥാനങ്ങളിൽ നിന്നാണ് ഓപ്പറേറ്റ് ചെയ്യപ്പെടുന്നത്. അതായത് കർണാടകയിലെ ഒരാളുടെ നമ്പർ ഹരിയാനയിലോ ഡൽഹിയിലോ ഒക്കെ ഇരുന്ന് ഓപ്പറേറ്റ് ചെയ്യപ്പെടുന്നുവെന്നും കോൾ സെന്ററുകളുടെ മറവിൽ സോഫ്റ്റ്‌വെയർ ഉപയോഗിക്കുന്ന ഒരു സംഘമാണ് ഈ വോട്ട് കൊള്ളക്ക് പിന്നിലെന്ന് പറയുന്നുണ്ട് രാഹുൽ.

ഓരോ ബൂത്തിലെയും ഒന്നാം നമ്പർ വോട്ടറുടെ വോട്ടർ ലോഗിൻ ഐഡി ഉപയോഗിച്ചാണ് ആളുകളുടെ വോട്ട് നീക്കം ചെയ്യാനുള്ള അപേക്ഷകൾ സമർപ്പിക്കുന്നത്. ഇതൊരു സോഫ്റ്റ്വെയർ ഉപയോഗിച്ചാണ് നടക്കുന്നത് എന്ന അനുമാനത്തിൽ പ്രതിപക്ഷ നേതാവ് എത്തുന്നത് ഇതിന്റെ അടിസ്ഥാനത്തിലാണ്. ഈ നമ്പറുകളും ഡിവൈസുകളും പ്രവർത്തിക്കുന്നത് എവിടെനിന്നാണെന്നുള്ള വിവരങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ കൈവശമാണുള്ളത്. എന്നാൽ കർണാടകയിൽ പുരോഗമിക്കുന്ന അന്വേഷണത്തിന്റെ ഭാഗമായി, ഈ രേഖകൾ ആവശ്യപ്പെട്ടെങ്കിലും അവരത് കൈമാറാൻ തയാറാകുന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടിയാണ് ഗ്യാനേഷ് കുമാറിനെതിരായ ആരോപണങ്ങൾ രാഹുൽ ഗാന്ധി ഉന്നയിക്കുന്നത്. ജനാധിപത്യത്തെ കശാപ്പു ചെയ്യുന്നവരെ സംരക്ഷിക്കുന്നത് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷണർ ആണെന്നാണ് അദ്ദേഹം പറയുന്നത്. അല്ലാത്തപക്ഷം എന്തുകൊണ്ട് കർണാടക സിഐഡി 18 തവണ ആവശ്യപ്പെട്ടിട്ടും രേഖകൾ പുറത്തുവിടുന്നില്ലെന്നും ചോദിക്കുന്നുണ്ട് അദ്ദേഹം.

വിവരങ്ങെല്ലാം ഒരാഴ്ചക്കുള്ളിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിടണമെന്നാണ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടിരിക്കുന്നത്. മഹാദേവപുരയും രാജൂറിയും അലന്ദുമൊക്കെ വലിയൊരു മഞ്ഞുമലയുടെ അറ്റം മാത്രമാണെന്ന സൂചനയും പ്രതിപക്ഷം നൽകുന്നുണ്ട്. ഒപ്പം ഒരു ഹൈഡ്രജൻ ബോംബ് ഉടൻ പൊട്ടിക്കുമെന്ന മുന്നയിപ്പും. മഹാദേവപുര വിഷയം ഉയർത്തിയപ്പോൾ സത്യവാങ്മൂലം സമർപ്പിക്കുകയോ അല്ലെങ്കിൽ രാജ്യത്തോട് മാപ്പ് പറയുകയോ ചെയ്യണമെന്നായിരുന്നു കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന്റെ പ്രതികരണം. പുതിയ ആരോപണത്തിലാകട്ടെ, രാഹുൽ ഉന്നയിച്ച ആരോപണങ്ങൾ തെറ്റും അടിസ്ഥാനരഹിതവുമാണെന്ന് പറഞ്ഞ് തള്ളിയിരിക്കുകയാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ.

Tags:    

Writer - അഹമ്മദലി ശര്‍ഷാദ്

contributor

Editor - അഹമ്മദലി ശര്‍ഷാദ്

contributor

By - Web Desk

contributor

Similar News