പ്രണയവിവാഹത്തെ ചൊല്ലി കലഹം, യുവാവിന്‍റെ മൂക്ക് മുറിച്ച് ഭാര്യവീട്ടുകാർ

രാജസ്ഥാനിലെ ബാർമർ ഗ്രാമത്തിൽ ഇന്നലെ രാത്രിയാണ് സംഭവം

Update: 2025-12-19 12:09 GMT

ജയ്പൂർ: രാജസ്ഥാനില്‍ പ്രണയവിവാഹത്തെ ചൊല്ലി കുടുംബങ്ങള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ യുവാവിന്റെ മൂക്ക് മുറിച്ചു. സംഭവത്തില്‍ രണ്ട് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബുധനാഴ്ച രാത്രി ബാർമർ ഗ്രാമത്തിലാണ് സംഭവം.

കല്യാണപ്പെണ്ണിന്റെ വീട്ടുകാരാണ് യുവാവിനെ അതിക്രൂരമായി മര്‍ദിച്ചത്. യുവതിയുടെ മൂത്ത സഹോദരന്റെ നേതൃത്വത്തിലായിരുന്നു ആക്രമണം. ഇതിന് പകരമായി, യുവാവിന്റെ ബന്ധുക്കള്‍ യുവതിയുടെ അമ്മാവനെ ഉപദ്രവിക്കുകയും കാല് തല്ലിയൊടിക്കുകയും ചെയ്യുകയായിരുന്നു. പരിക്കേറ്റവര്‍ ഗുരുതരാവസ്ഥയില്‍ തുടരുകയാണ്.

രാജസ്ഥാനിലെ ബാര്‍മര്‍ ഗ്രാമത്തിലെ ശ്രാവണ്‍ സിങും മറ്റൊരു പെണ്‍കുട്ടിയും തമ്മിലുള്ള പ്രണയവിവാഹത്തെ തുടര്‍ന്നാണ് പ്രശ്‌നങ്ങളുടെ തുടക്കം. യുവതിയുടെ വീട്ടുകാര്‍ വിവാഹത്തെ തുടക്കം മുതലേ എതിര്‍ത്തിരുന്നു. ഇതുകാരണം ഇരുവീട്ടുകാരും തമ്മില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും ചെയ്തു. പിന്നീടുണ്ടായ ആക്രമത്തില്‍ യുവതിയുടെ സഹോദരനും മറ്റ് ബന്ധുക്കളും ചേര്‍ന്ന് യുവാവിനെ അതിക്രൂരമായി മര്‍ദിക്കുകയായിരുന്നു. പിന്നാലെ, മര്‍ദനമേറ്റ യുവാവിന്റെ ബന്ധുക്കളില്‍ ചിലര്‍ യുവതിയുടെ വീട്ടില്‍ കയറി അമ്മാവനെ മര്‍ദിച്ച് കാല് തല്ലിയൊടിക്കുകയും ചെയ്തു.

പരിക്കേറ്റവരെ സമീപത്തുള്ള ഗൂഡല്‍മണി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൂടുതല്‍ ചികിത്സയ്ക്കായി യുവാവിനെ തൊട്ടടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവസ്ഥലത്തെത്തിയ ഡിഎസ്പിയും ഗൂഡല്‍മണി പൊലീസ് സ്റ്റേഷനിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരും പ്രാഥമിക അന്വേഷണം നടത്തി. ഇരുകൂട്ടരുടെയും പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Tags:    

Writer - അൻഫസ് കൊണ്ടോട്ടി

contributor

anfas123

Editor - അൻഫസ് കൊണ്ടോട്ടി

contributor

anfas123

By - Web Desk

contributor

Similar News