പശ്ചിമ ബംഗാൾ ബി.ജെ.പിയിൽ കലഹം; യോഗത്തിനിടെ ഇറങ്ങിപോയി രൂപ ഗാംഗുലി

സോഷ്യൽ മീഡിയയിലും അതൃപ്തി രേഖപ്പെടുത്തി

Update: 2021-12-02 12:16 GMT
Editor : Lissy P | By : Web Desk
Advertising

കൊൽക്കത്ത മുൻസിപ്പൽ കോർപറേഷൻ (കെഎംസി) തെരഞ്ഞെടുപ്പിനുള്ള അന്തിമ തന്ത്രങ്ങൾ ചർച്ച ചെയ്യാൻ വിളിച്ചുചേർത്ത യോഗത്തിൽനിന്ന് നടിയും രാജ്യസഭാ എംപിയുമായ രൂപ ഗാംഗുലി ഇറങ്ങിപോയി. ഇതോടെ പശ്ചിമ ബംഗാൾ ബി.ജെ.പിയിലെ ചേരിതിരിവ് കൂടുതൽ മറനീക്കി പുറത്തു വരികയാണ്.

ചൊവ്വാഴ്ച രാത്രിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ സുകാന്ത മജുംദാറിന്റെ സാന്നിധ്യത്തിലായിരുന്നു യോഗം ചേർന്നത്‌. ചർച്ചയിൽ കെഎംസി തെരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥികളെ കുറിച്ച്  രൂപ അതൃപ്തി പ്രകടിപ്പിക്കുകയും ഇത്തരം യോഗങ്ങൾ വിളിക്കുന്നതിൽ ന്യായമില്ലെന്നും അഭിപ്രായപ്പെട്ടു. യോഗം പകുതിയായപ്പോഴേക്കും ഇറങ്ങിപോയി.

തുടർന്ന് സോഷ്യൽമീഡിയയിൽ സ്ഥാനാർഥികളെ കുറിച്ചുള്ള അതൃപ്തി രേഖപ്പെടുത്തുകയും ചെയ്തു. കാറപകടത്തിൽ ദാരുണമായി കൊല്ലപ്പെട്ട 86ാം വാർഡിലെ ബിജെപി കൗൺസിലർ ടീസ്റ്റ ബിശ്വാസിന്റെ ഭർത്താവ് ഗൗരബ് ബിശ്വാസിന് ഇതേ വാർഡിൽ നിന്ന് ടിക്കറ്റ് നിഷേധിച്ചിട്ടുണ്ട്. പകരം പാർട്ടി സംസ്ഥാന അധ്യക്ഷനുമായി അടുത്ത ബന്ധമുള്ള രാജർഷി ലാഹിരിയെ സ്ഥാനാർഥിയാക്കുമെന്നാണ് സംസാരം. ടിക്കറ്റ് നിഷേധിക്കപ്പെട്ട ഗൗരബ് ബിശ്വാസ് സ്വതന്ത്രനായാണ് മത്സരിക്കുന്നത്.

താൻ  ഗൗരവിനോടൊപ്പമാണെന്നും ടീസ്റ്റയുടെ മരണം അപകടമല്ലെന്നും കൊലപാതകമാണെന്നും രൂപ അഭിപ്രായപ്പെട്ടു. ഇതേ സംശയം ബിജെപി നേതാവ് രാഹുൽ സിൻഹയും അടുത്തിടെ പ്രകടിപ്പിച്ചിരുന്നു.കെഎംസി തെരഞ്ഞെടുപ്പിനുള്ള സ്ത്രീകളും താഴെത്തട്ടിലുള്ള പ്രവർത്തകരുമടങ്ങുന്ന 144 സ്ഥാനാർത്ഥികളുടെ പട്ടിക തിങ്കളാഴ്ചയാണ് ബി.ജെ.പി പ്രഖ്യാപിച്ചത്.യോഗത്തിൽ ബി.ജെ.പി ജനറൽ സെക്രട്ടറി അമിതാഭ ചക്രവർത്തി, ദേശീയ വൈസ് പ്രസിഡന്റ് ദിലീപ് ഘോഷ് തുടങ്ങിയവർ പങ്കെടുത്തു. പാർട്ടിയിലെ കലഹത്തെകുറിച്ച് സംസ്ഥാന നേതൃത്വം കേന്ദ്ര നേതൃത്വത്തെ അറിയിച്ചേക്കും.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News