മുംബൈ: പ്രമുഖ വ്യവസായ ഗ്രൂപ്പായ സോണ ഗ്രൂപ്പിന്റെ ഉടമസ്ഥാവകാശത്തെച്ചൊല്ലിയുള്ള കപൂര്‍ കുടുംബ തർക്കം പുതിയ തലത്തിലേക്ക്. അന്തരിച്ച വ്യവസായി സഞ്ജയ് കപൂറിന്റെ മാതാവ് റാണി കപൂർ മരുമകൾ പ്രിയ കപൂറിനെതിരെ ഡൽഹി ഹൈക്കോടതിയെ സമീപിച്ചു. വ്യാജമായി നിർമിച്ച ട്രസ്റ്റ് ഉപയോഗിച്ച് കുടുംബ സ്വത്തുകൾ പ്രിയ തട്ടിയെടുത്തു എന്നാണ് റാണി കപൂറിന്‍റെ ആരോപണം.
2017 ഒക്ടോബര്‍ 26ന് 'ആർകെ ഫാമിലി ട്രസ്റ്റ്' (റാണി കപൂർ ഫാമിലി ട്രസ്റ്റ്) എന്ന പേരിൽ ഉണ്ടാക്കിയ ട്രസ്റ്റ് വ്യാജമാണെന്നും നിയമവിരുദ്ധമാണെന്നും റാണി കോടതിയിൽ പറയുന്നു. ട്രസ്റ്റ് പിരിച്ചുവിടണമെന്ന് റാണി കപൂര്‍ ആവശ്യപ്പെട്ടു. 2025 ജൂണിൽ ലണ്ടനിൽ പോളോ കളിക്കുന്നതിനിടെയാണ് സഞ്ജയ് കപൂർ മരിച്ചത്.ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പറയപ്പെടുന്നുണ്ടെങ്കിലും ഒരു തേനീച്ച വായിൽ പറന്നതിനെ തുടർന്ന് അദ്ദേഹത്തിന് അനാഫൈലക്റ്റിക് ഷോക്ക്(ജീവൻ തന്നെ അപകടത്തിലാവുന്ന ഗുരുതരമായ അലർജി) സംഭവിച്ചതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. തന്‍റെ മകന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നും പിന്നിൽ രാജ്യാന്തര ഗൂഢാലോചനയുണ്ടെന്നും റാണി കപൂര്‍ ആരോപിച്ചിരുന്നു.
2015 ജൂണിൽ അന്തരിച്ച സോണ ഗ്രൂപ്പിന്‍റെ സ്ഥാപകനും പ്രൊമോട്ടറുമായ പരേതനായ ഭർത്താവ് സുരീന്ദർ കപൂറിന്റെ മുഴുവൻ എസ്റ്റേറ്റിന്റെയും ഏക ഗുണഭോക്താവും അനന്തരാവകാശിയുമാണ് റാണി കപൂർ എന്ന് ഹരജിയിൽ പറയുന്നു. സോണ ഗ്രൂപ്പ് കമ്പനികളിലെ ഓഹരി പങ്കാളിത്തം ഉൾപ്പെടെ എല്ലാ ജംഗമ, സ്ഥാവര സ്വത്തുക്കളും ഭാര്യയ്ക്ക് മാത്രമായി എഴുതി നൽകിക്കൊണ്ട് 2013 ഫെബ്രുവരി 6-ന് സുരീന്ദർ ഒരു വിൽപത്രം എഴുതിയിരുന്നു. സഞ്ജയ് കപൂര്‍ ഉൾപ്പെടെയുള്ള മൂന്ന് മക്കൾക്കും ഇതിനോട് എതിര്‍പ്പുണ്ടായിരുന്നില്ല.
എന്നിരുന്നാലും, 2017 സെപ്റ്റംബറിൽ പക്ഷാഘാതം വന്നതിനെത്തുടർന്ന് റാണി ശാരീരികമായും വൈകാരികമായും മകൻ സഞ്ജയ് കപൂറിനെയും മൂന്നാമത്തെ ഭാര്യ പ്രിയ കപൂറിനെയും ആശ്രയിക്കാൻ തുടങ്ങി എന്നും ഇത് മുതലെടുത്ത് പ്രിയയും മറ്റ് കുടുംബാംഗങ്ങളും അവരുടെ സ്വത്തുക്കൾ രഹസ്യമായി അവരുടെ സമ്മതമില്ലാതെ ആർകെ ഫാമിലി ട്രസ്റ്റിലേക്ക് മാറ്റിയെന്നും ആരോപിക്കുന്നു.
2016 ൽ തന്നെ സാധുതയുള്ളതും രജിസ്റ്റർ ചെയ്തതുമായ രണ്ട് ട്രസ്റ്റുകൾ(ഡോ. എസ്.കെ ഫാമിലി ട്രസ്റ്റ്, എം.കെ ഫാമിലി ട്രസ്റ്റ്) താൻ ഉണ്ടാക്കിയിരുന്നതായും ഇവയ്ക്ക് വിരുദ്ധമായി തന്‍റെ സ്വത്തുക്കൾ ആർകെ ഫാമിലി ട്രസ്റ്റിലേക്ക് വകമാറ്റിയെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു.
അതിനിടെ ഭര്‍തൃസഹോദരി മന്ദിര കപൂർ സ്മിത്തിനെതിരെ ക്രിമിനൽ മാനനഷ്ടക്കേസ് ഫയൽ ചെയ്ത പ്രിയ കപൂർ പട്യാല ഹൈക്കോടതിയിൽ മൊഴി നൽകി നൽകിയിരുന്നു. പോഡ്‌കാസ്റ്റുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ, അഭിമുഖങ്ങൾ എന്നിവയിലൂടെ തനിക്കെതിരെ നടത്തിയ നിരവധി പ്രസ്താവനകൾ തന്‍റെ പ്രശസ്തിയെ തകർക്കുന്നതിനുള്ള മനഃപൂർവവുമായ നീക്കമാണെന്ന് പ്രിയ ആരോപിച്ചിരുന്നു.
പ്രശസ്ത നടി കരിഷ്മ കപൂറിന്‍റെ ആദ്യഭര്‍ത്താവ് കൂടിയാണ് സഞ്ജയ് കപൂര്‍. പ്രിയ അനന്തരാവകാശത്തിൽ നിന്ന് തങ്ങളെ ഒഴിവാക്കുന്നതിനായി സഞ്ജയുടെ വ്യാജ വിൽപത്രം ഉണ്ടാക്കിയതായി ആരോപിച്ച് കരിഷ്മയുടെ മക്കളായ സമൈറയും കിയാനും ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തിട്ടുണ്ട്.