'എഐഎംഐഎം ഇവിടെ നിന്നും തുടച്ചുനീക്കപ്പെടുമെന്ന് അവര്‍ കരുതി, ഞങ്ങൾ പോരാടി ജയിച്ചു'; വൈറലായി പാര്‍ട്ടിയിലെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലർ സഹർ ഷെയ്ഖിന്‍റെ പ്രസംഗം

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹര്‍ തന്‍റെ എതിരാളികളെ ലക്ഷ്യമാക്കി നടത്തിയ പ്രസംഗമാണ് വൈറലായത്

Update: 2026-01-21 11:12 GMT

താനെ: ബൃഹൻ മുംബൈ (ബിഎംസി)ഉൾപ്പെടെയുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിന് പിന്നാലെ മുംബ്ര വീണ്ടും മഹാരാഷ്ട്രയുടെ രാഷ്ട്രീയ ചർച്ചകളുടെ കേന്ദ്രബിന്ദുവായി മാറിയിരിക്കുകയാണ്. 22 കാരിയും എഐഎംഐഎമ്മിന്‍റെ ഏറ്റവും പ്രായം കുറഞ്ഞ വനിതാ കൗൺസിലറുമായ സഹർ ഷെയ്ഖിന്‍റെ പ്രസംഗം സോഷ്യൽ മീഡിയയിൽ വൈറലായതോടെ രാഷ്ട്രീയ വൃത്തങ്ങളിൽ ചൂടേറിയ ചര്‍ച്ചകൾക്കാണ് തുടക്കം കുറിച്ചത്.

തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ സഹര്‍ തന്‍റെ എതിരാളികളെ ലക്ഷ്യമാക്കി നടത്തിയ പ്രസംഗമാണ് വൈറലായത്. “എഐഎംഐഎം തുടച്ചുനീക്കപ്പെടുമെന്ന് ഞങ്ങളുടെ എതിരാളികൾ വിശ്വസിച്ചിരുന്നു. പക്ഷേ ഞങ്ങൾ ഈ തെരഞ്ഞെടുപ്പിൽ തന്ത്രപരമായും ദൃഢനിശ്ചയത്തോടെയും പോരാടി, ഞങ്ങൾ വിജയിച്ചു” അവർ പറഞ്ഞു. തന്നെ സിംഹക്കുട്ടിയോട് താരതമ്യം ചെയ്തുകൊണ്ട് തന്നെ പരാജയപ്പെടുത്താൻ  മുഴുവൻ കഴുകന്മാരുടെ സൈന്യത്തെയും വിന്യസിച്ചെങ്കിലും പരാജയപ്പെട്ടുവെന്ന് അവകാശപ്പെട്ടു.

Advertising
Advertising

എന്നിരുന്നാലും, സഹറിന്‍റെ പ്രസംഗത്തിലെ ഏറ്റവും ശ്രദ്ധേയമായ ഭാഗം, പ്രദേശത്തിന്‍റെ ഭാവി രാഷ്ട്രീയ ഭൂപ്രകൃതിയെക്കുറിച്ചുള്ള പ്രഖ്യാപനമായിരുന്നു. "അടുത്ത അഞ്ച് വർഷത്തിനുള്ളിൽ, മുംബ്രയിലെ എല്ലാ സ്ഥാനാർഥികളും എഐഎംഎമ്മിൽ നിന്നുള്ളവരായിരിക്കും. മുംബ്രയെ പൂർണമായും പച്ച വരയ്ക്കണം'' അവര്‍ തെരഞ്ഞെടുപ്പ് വിജയത്തിന് ശേഷം സംഘടിപ്പിച്ച അനുമോദന ചടങ്ങിൽ വേദിയിൽ നിന്ന് ഉറക്കെ പ്രഖ്യാപിച്ചു.എന്നാൽ പ്രഖ്യാപനങ്ങൾ പ്രദേശത്ത് ധ്രുവീകരണം വർധിപ്പിക്കുമെന്ന് വിമർശകർ മുന്നറിയിപ്പ് നൽകി.

തന്‍റെ പാര്‍ട്ടിക്കെതിരെ പണവും രാഷ്ട്രീയ ഗൂഢാലോചനകളും ഉപയോഗിച്ചുവെന്ന് അവർ ആരോപിച്ചു, എന്നാൽ വോട്ടർമാർ ആ തന്ത്രങ്ങൾ നിരസിക്കുകയും എഐഎംഐഎമ്മിന്‍റെ തെരഞ്ഞെടുപ്പ് ചിഹ്നമായ പട്ടത്തിൽ വിശ്വാസം അർപ്പിക്കുകയും ചെയ്തു. മുംബ്രയില്‍ ശരദ് പവാര്‍ വിഭാഗത്തിന്‍റെ തുതാരി ചിഹ്നത്തെക്കാൾ കൂടുതൽ വോട്ട് നോട്ടക്ക് ലഭിച്ചതായി സഹര്‍ ചൂണ്ടിക്കാട്ടി. പരമ്പരാഗത രാഷ്ട്രീയ പാർട്ടികളോടുള്ള പൊതുജനങ്ങളുടെ നിരാശയും ബദൽ പ്രാതിനിധ്യത്തിനായുള്ള വർധിച്ചുവരുന്ന അന്വേഷണവും ഈ പ്രവണത പ്രതിഫലിപ്പിക്കുന്നു എന്ന് അവർ കൂട്ടിച്ചേര്‍ത്തു.

എഐഎംഐഎമ്മിന്റെ ഏറ്റവും പ്രായം കുറഞ്ഞ കൗൺസിലറും മുംബ്രയുടെ രാഷ്ട്രീയ രംഗത്ത് വളർന്നുവരുന്ന യുവ നേതാവുമായാണ് സഹർ ഷെയ്ഖിനെ വിശേഷിപ്പിക്കുന്നത്. ജിതേന്ദ്ര അവാദിന്റെ മുൻ അടുത്ത അനുയായിയായിരുന്ന യൂനുസ് ഷെയ്ഖിന്‍റെ മകളാണ്. പ്രചാരണ വേളയിൽ, സഹർ ഷെയ്ഖ് സോഷ്യൽ മീഡിയയിൽ സജീവമായ ഇടപെടലിലൂടെയും താഴെത്തട്ടിലുള്ള ആളുകളുടെ ഇടപെടലിലൂടെയും വോട്ടർമാരുമായി, പ്രത്യേകിച്ച് യുവാക്കളുമായും സ്ത്രീകളുമായും ശക്തമായ ബന്ധം സ്ഥാപിച്ചു. അവരുടെ പ്രസംഗങ്ങളും റാലികളും ഓൺലൈനിൽ വൈറലാകുകയും പരമ്പരാഗത രാഷ്ട്രീയ വൃത്തങ്ങൾക്കപ്പുറം അവരുടെ ദൃശ്യത വർധിപ്പിക്കാൻ സഹായിക്കുകയും ചെയ്തു.

മുംബ്രയിലും കൽവയിലും എഐഎംഐഎമ്മിന്‍റെ വിജയത്തിന് എൻസിപിയിലെ ആഭ്യന്തര ഭിന്നതകളും കാരണമായി പറയപ്പെടുന്നു. ശരദ് പവാർ, അജിത് പവാർ വിഭാഗങ്ങൾ തമ്മിലുള്ള പിളർപ്പ് മൂലം വോട്ടുകൾ ഭിന്നിച്ചതും എഐഎംഐഎമ്മിന് പരോക്ഷമായി ഗുണം ചെയ്തു. മുൻപ് എഐഎംഐഎമ്മിന് മുംബ്രയിൽ നിന്ന് രണ്ട് കൗൺസിലർമാർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. എന്നാൽ ഇപ്പോൾ ഇത് അഞ്ചായി ഉയർന്നു. സഹർ ഷെയ്ഖിനൊപ്പം, നഫീസ് അൻസാരി, ഷെയ്ഖ് സുൽത്താന, ഡോംഗ്രെ ഷോയിബ് ഫരീദ് എന്നിവരുൾപ്പെടെയുള്ള സ്ഥാനാർഥികൾ ഇവിടെ നിന്നും വിജയിച്ചു. 

Tags:    

Writer - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

Editor - ജെയ്സി തോമസ്

Chief web Journalist

മീഡിയവൺ ഓൺലൈനിൽ ചീഫ് വെബ് ജേർണലിസ്റ്റ്. 2013 മുതൽ മീഡിയവണിൽ. 2008 മുതൽ മാധ്യമപ്രവർത്തന രംഗത്ത്. ജേർണലിസത്തിൽ ബിരുദാനന്തര ബിരുദം. കേരളകൗമുദി, മാതൃഭൂമി, മനോരമ എന്നിവിടങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്. സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖരുമായുള്ള അഭിമുഖങ്ങൾ, നിരവധി ഫീച്ചറുകൾ എന്നിവ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

By - Web Desk

contributor

Similar News