ഓപ്പറേഷൻ സിന്ദൂർ: ഉത്തർപ്രദേശിൽ റെഡ് അലർട്ട്; ജമ്മുവില്‍ നാല് മേഖലയില്‍ നിര്‍ദേശം

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ സജ്ജമെന്നും യുപി പൊലീസ്

Update: 2025-05-07 04:55 GMT
Editor : Lissy P | By : Web Desk

ന്യൂഡല്‍ഹി: 'ഓപ്പറേഷൻ സിന്ദൂർ' തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ഉത്തർപ്രദേശിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് സുരക്ഷ ശക്തമാക്കാനും നിര്‍ദേശം നല്‍കി.

പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കാൻ ഉത്തർപ്രദേശ് പൊലീസ് സജ്ജമെന്നും അധികൃതര്‍ അറിയിച്ചു. തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ പാക് അതിര്‍ത്തി സംസ്ഥാനങ്ങളി‍ല്‍ കനത്ത ജാഗ്രതയാണ് പുറപ്പെടുവിച്ചിരിക്കുന്നത്.  രാജസ്ഥാനിലെ പാക് അതിർത്തി  ജില്ലകളിലെ മുഴുവൻ സ്കൂളുകൾക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.ഗംഗനഗർ, ബിക്കാനീർ, ജയ്സാൽമീർ, ബാർമർ എന്നീ ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്.

Advertising
Advertising

ജമ്മുവിൽ നാല് മേഖലയിൽ ജാഗ്രതാ നിർദേശം നല്‍കിയിട്ടുണ്ട്. ജമ്മു കശ്മീരിലെ അതിർത്തി ജില്ലകളിലെ സാഹചര്യം  ജമ്മു കശ്മീർ ലെഫ്റ്റ് ഗവർണർ വിലയിരുത്തി. ഗ്രാമവാസികളെ സുരക്ഷിതമായ മേഖലയിലേക്ക് മാറ്റാൻ നിർദ്ദേശം നൽകിയെന്ന് ഗവർണർ മനോജ്‌ സിൻഹ പറഞ്ഞു.  താമസം, ഭക്ഷണം, വൈദ്യസഹായം, ഗതാഗതം എന്നിവ ഉറപ്പാക്കുമെന്നും എല്ലാ പൗരന്മാരുടെയും സുരക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കശ്മീർ യൂണിവേഴ്സിറ്റി നടത്താനിരുന്ന എല്ലാ പരീക്ഷകളും മാറ്റിവെച്ചിട്ടുണ്ട്.ധർമശാല,ജമ്മു,ശ്രീനഗർ,അമൃത്സർ,ലേ വിമാനത്താവളങ്ങൾ അടച്ചിട്ടുണ്ട്.

ഇന്ന് പുലര്‍ച്ചെയാണ് പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ പാകിസ്താന് ഇന്ത്യ തിരിച്ചടി നല്‍കിയത്. 'ഓപ്പറേഷൻ സിന്ദൂർ' എന്ന് പേരിട്ട സൈനിക ആക്രമണത്തിൽ പാക് അധീന കശ്മീർ അടക്കമുള്ള പാകിസ്താനിലെ ഒമ്പത് ഭീകരകേന്ദ്രങ്ങൾ തകർത്തതായി സൈന്യം അറിയിച്ചു.ബഹാവൽപൂർ, മുസാഫറബാദ്, കോട്ലി, മുറിഡ്കെ തുടങ്ങിയ സ്ഥലങ്ങളിലാണ് ആക്രമണം നടന്നത്.

തിരിച്ചടിയെ പ്രശംസിച്ച് കേന്ദ്ര മന്ത്രിമാരും ബിജെപി മുഖ്യമന്ത്രിമാരും കോണ്‍ഗ്രസ് നേതാക്കളും എക്‌സിൽ പോസ്റ്റ് ചെയ്തു.തിരിച്ചടിയുടെ പശ്ചാതലത്തിൽ രാജ്യത്ത് സുരക്ഷാ സന്നാഹങ്ങൾ ശക്തമാക്കി. വിമാന സർവീസുകൾ മുടങ്ങുമെന്ന് കമ്പനികൾ അറിയിച്ചു.

ആക്രമണം നടക്കുമെന്ന് പ്രതീക്ഷിരുന്നുവെന്നും ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്‌നം വേഗത്തിൽ പരിഹരിക്കാൻ കഴിയെട്ടെയെന്നും അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രതികരിച്ചു.സംയമനം പാലിക്കണമെന്ന് ഇരുരാജ്യങ്ങളോടും ഐക്യരാഷ്ട്രസഭ അറിയിച്ചു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News