യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ കമ്പനിയെ സ്വന്തമാക്കി റിലയന്‍സ്

നൊർവേ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആർ.ഇ.സി. ലോകത്തെ തന്നെ പ്രമുഖ സോളാർ ഉൽപ്പന്ന നിർമാതാക്കളാണ്.

Update: 2021-10-10 14:46 GMT
Editor : rishad | By : Web Desk

യൂറോപ്പിലെ ഏറ്റവും വലിയ സൗരോർജ പാനൽ നിർമാണക്കമ്പനിയായ ആർഇസി ഗ്രൂപ്പിനെ ഏറ്റെടുത്ത് റിലയന്‍സ് ഗ്രൂപ്പ്. ഏകദേശം 77 കോടി ഡോളറിന്റെയാണ് ഇടപാട്. 2035 ഓടെ കാർബൺ മുക്ത കമ്പനിയായി മാറുകയെന്ന പ്രഖ്യാപിത ലക്ഷ്യം മുൻനിർത്തിയാണ് ഏറ്റെടുപ്പ്. നൊർവേ ആസ്ഥാനമായി പ്രവർത്തിച്ചിരുന്ന ആർ.ഇ.സി. ലോകത്തെ തന്നെ പ്രമുഖ സോളാർ ഉൽപ്പന്ന നിർമാതാക്കളാണ്.

1996ൽ പ്രവർത്തനം തുടങ്ങിയ കമ്പനി ഇതോടകം നാലു കോടി സോളാർ പാനലുകൾ നിർമിച്ചിട്ടുണ്ടെന്നാണ് ഔദ്യോഗിക വെബ്‌സൈറ്റിൽ വ്യക്തമാക്കിയിട്ടുള്ളത്. കൂടാതെ 11 ഗിഗാവാട്ട് വൈദ്യതിയും നിർമിച്ചു. കമ്പനിയുടെ ഏറ്റെടുപ്പ് റിലയൻസിന് വൻ നേട്ടമാകുമെന്നാണു വിലയിരുത്തൽ.

Advertising
Advertising

സൗരോർജ മേഖലകളിൽ നൂതന പരീക്ഷണങ്ങൾ നടത്തുന്ന രാജ്യാന്തരതലത്തിൽ തന്നെ മുന്നിലുള്ള കമ്പനിയാണ് ആർഇസി. ഉയർന്ന കാര്യക്ഷമതയുള്ള സോളാർ സെല്ലുകളും മൊഡ്യൂളുകളും മറ്റ് ഘടകഭാഗങ്ങളും നിർമിക്കുന്നതിൽ പ്രസിദ്ധമാണ് കമ്പനി.

"റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പൂർണ ഉടമസ്ഥതയിലുള്ള റിലയൻസ് ന്യൂ എനർജി സോളാർ ലിമിറ്റഡ്, ചൈന നാഷണൽ ബ്ലൂസ്റ്റാർ ഗ്രൂപ്പ് കോ ലിമിറ്റഡിൽ നിന്ന് ആർഇസി സോളാർ കമ്പനിയെ ഏറ്റെടുത്തു. ഏകദേശം 5800 കോടി രൂപയുടേതാണ് ഏറ്റെടുക്കൽ''- റിലയൻസ് ഇൻഡസ്ട്രീസ് പ്രസ്താവനയിൽ പറഞ്ഞു. കുറഞ്ഞ ചെലവിൽ സോളാർ ഉൽപ്പന്നങ്ങൾ നിർമിക്കുന്നതിനൊപ്പം വിപണിയിൽ മേൽകൈ നേടാനും ഏറ്റെടുപ്പു സഹായിക്കും. നോർവേയാണ് കമ്പനിയുടെ ആസ്ഥാനമെങ്കിലും സിംഗപ്പൂർ ആസ്ഥാനത്തുനിന്നാണ് പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നത്. വടക്കേ അമേരിക്ക, യൂറോപ്പ്, ഏഷ്യ- പസഫിക് മേഖലകളിലും കമ്പനിക്കു ഹബുകളുണ്ട്.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News