Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ന്യൂഡൽഹി: മുൻ കേന്ദ്രമന്ത്രി സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായതിനെ കുറിച്ചുള്ള വിവരങ്ങൾ പുറത്തുവിടണമെന്ന വിവരാവകാശ കമ്മീഷന്‍ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കി. മോദിയുടെ കേസിൽ വിധി പറഞ്ഞ അതേ ജഡ്ജിയാണ് ഈ ഉത്തരവും റദ്ദാക്കിയത്.
സ്മൃതി ഇറാനി 10,12 ക്ലാസ് പരീക്ഷകൾ പാസായ വിവരങ്ങൾ പുറത്തുവിടണമെന്നായിരുന്നു സിഐസി ഉത്തരവ്. ഇതിനെ മറികടന്നാണ് ഹൈക്കോടതി വിധി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേത് ഉൾപ്പടെ ഡിഗ്രി രേഖകൾ കാണിക്കണമെന്ന വിവരാവകാശ കമ്മീഷന്റെ ഉത്തരവ് ഡൽഹി ഹൈക്കോടതി റദ്ദാക്കിയിരുന്നു.
മോദിയുടെ 1978ലെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങളൊന്നും തന്നെ പുറത്ത് വിടേണ്ടതില്ല എന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. 2016 ഡിസംബർ 21നായിരുന്നു മോദിയുടേത് ഉൾപ്പടെയുള്ളവരുടെ ഡിഗ്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്ത് വിടണമെന്ന കേന്ദ്ര വിവരാവകാശ കമ്മീഷന്റെ നിർണായക ഉത്തരവുണ്ടായിരുന്നത്. ഈ ഉത്തരവിനെതിരെയാണ് ഡൽഹി സർവകലാശാല ഹൈക്കോടതിയെ സമീപിച്ചത്. കോടതിയെ വിവരങ്ങൾ കാണിക്കാമെന്നും എന്നാൽ വിവരാവകാശ പ്രകാരം വ്യക്തികളുടെ വ്യക്തിഗതവിവരങ്ങളടങ്ങുന്ന ഡിഗ്രി സർട്ടിഫിക്കറ്റുകൾ പുറത്ത് വിടാൻ സാധിക്കില്ല എന്നായിരുന്നു സർവകലാശാലയുടെ വാദം. ഇത് കോടതി ശരിവെക്കുകയായിരുന്നു.