'സ്‌കൂളിൽ മതപരമായ മുദ്രാവാക്യം തടസ്സപ്പെടുത്തി'; മധ്യപ്രദേശിൽ മലയാളി കന്യാസ്ത്രീകൾക്കെതിരെ കേസ്

രണ്ടുമാസം മുമ്പ് നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്

Update: 2023-12-24 12:34 GMT
Editor : Lissy P | By : Web Desk
Advertising

ഭോപ്പാൽ: സ്‌കൂളിൽ മതപരമായ മുദ്രാവാക്യം വിളിച്ചത് തടസപ്പെടുത്തിയെന്നാരോപിച്ച് മധ്യപ്രദേശിൽ കന്യാസ്ത്രീകൾക്കെതിരെ കേസ്. മലയാളി കന്യാസ്ത്രീകൾക്കെതിരെയാണ് മധ്യപ്രദേശ് പൊലീസ് കേസെടുത്തത്.  മധ്യപ്രദേശിലെ ഗഞ്ച് ബസോദ ഭാരത് മാതാ കോൺവെന്റ് സ്‌കൂളിലെ രണ്ട് കന്യാസ്ത്രീകൾക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. രണ്ടുമാസം മുമ്പ് നടന്ന സംഭവത്തിലാണ് കേസെടുത്തിരിക്കുന്നത്. വിദ്യാർഥികൾ സ്‌കൂൾ കോമ്പൗണ്ടിൽ മതപരമായ മുദ്രാവാക്യങ്ങൾ വിളിച്ചത് തടഞ്ഞതാണ് കേസിന് ആധാരം. 

അതേസമയം, സ്‌കൂൾ ചടങ്ങിൽ 'ജയ് ശ്രീറാം' മുദ്രാവാക്യം വിളിച്ച വിദ്യാർഥികളെ മർദിച്ചതിനാണ് മിഷനറി സ്‌കൂൾ മാനേജ്‌മെന്റിനെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തതെന്ന് പൊലീസിനെ ഉദ്ധരിച്ച് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.  ദേശീയ ബാലാവകാശ സംരക്ഷണ കമ്മീഷൻ ചെയർമാൻ പ്രിയങ്ക് കനൂംഗോ സ്‌കൂളിലെത്തുകയും വിഷയത്തെക്കുറിച്ച് അന്വേഷണം നടത്തുകയും ചെയ്തതിന് ശേഷമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. ജുവനൈൽ ജസ്റ്റിസ് ആക്ടിലെ സെക്ഷൻ 75 പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

ശിശുദിന ചടങ്ങിനിടെ 'ജയ് ശ്രീറാം' വിളിച്ചതിന് സ്‌കൂളിൽ വെച്ച് കുട്ടികളെ മർദിച്ചെന്ന് കാണിച്ച് എബിവിപി നേതാവ് വിവേക് വിശ്വകർമയാണ് ബാലാവകാശ കമ്മീഷനിൽ പരാതി നൽകിയത്. ഇരകളായ കുട്ടികളുടെ മൊഴി നേരിട്ട് രേഖപ്പെടുത്തിയെന്നും പരാതി സത്യമാണെന്ന് കണ്ടെത്തുകയും ചെയ്തതായി പ്രിയങ്ക് കനൂംഗോ ഹിന്ദുസ്ഥാൻ ടൈംസിനോട് പറഞ്ഞു.

Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News