ബംഗ്ലാദേശ് വസ്ത്ര ഇറക്കുമതിയിലെ നിയന്ത്രണം; വില വർധനവും കാലതാമസവും ചില്ലറ വിൽപ്പനക്കാർക്ക് തിരിച്ചടിയാവും
ബംഗ്ലാദേശിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾ അതിർത്തി വഴി കരമാർഗം ഇന്ത്യയിലേക്കെത്താൻ രണ്ടോ മൂന്നോ ദിവസം മതി. പുതിയ തീരുമാന പ്രകാരമാണെങ്കിൽ കൊൽക്കത്തയിലേയും മുബൈയിലേയും തുറമുഖങ്ങളിലേക്കെത്താൻ കൂടുതൽ സമയം വേണ്ടി വന്നേക്കും.
ന്യൂഡൽഹി: ബംഗ്ലാദേശിൽ നിന്നും കരമാർഗം റെഡിമെയ്ഡ് വസ്ത്രങ്ങളുടെ കയറ്റുമതിയിൽ നിയന്ത്രണമേർപ്പെടുത്താനുള്ള കേന്ദ്ര സർക്കാരിന്റെ തീരുമാനം തിരിച്ചടിയായത് ചില്ലറ വിൽപനക്കാർക്കാണ്. ലോജിസ്റ്റിക്‌സ് ചെലവുകളിലും ചരക്കുകളെത്താൻ എടുക്കുന്ന സമയത്തിലും വർധനവുണ്ടാകാൻ സർക്കാരിന്റെ ഈ തീരുമാനം കാരണമാകും.
ബംഗ്ലാദേശിൽ ഉൽപ്പാദിപ്പിക്കുന്ന വസ്ത്രങ്ങൾ അതിർത്തി വഴി കരമാർഗം ഇന്ത്യയിലേക്കെത്താൻ രണ്ടോ മൂന്നോ ദിവസം മതി. പുതിയ തീരുമാന പ്രകാരമാണെങ്കിൽ കൊൽക്കത്തയിലേയും മുബൈയിലേയും തുറമുഖങ്ങളിലേക്കെത്താൻ കൂടുതൽ സമയം വേണ്ടി വന്നേക്കും. കംസ്റ്റംസ് അനുമതി കിട്ടിയിട്ടു വേണം ഇന്ത്യൻ വെയർഹൗസുകളിലേക്കെത്താൻ.
ഈ തീരുമാനം ബംഗ്ലാദേശിൽ നിന്നുള്ള വസ്ത്ര കയറ്റുമതിയെ സാരമായി തന്നെ ബാധിക്കും. ഇന്ത്യയിലേക്കുള്ള വസ്ത്ര കയറ്റുമതിയുടെ വലിയൊരു പങ്ക് കരമാർഗമാണെന്നും 76 ശതമാനത്തോളം കയറ്റുമതി പെട്രാപോൾ ലാൻഡ് പോർട് വഴി മാത്രമുണ്ടെന്നും അപ്പാരൽ എക്‌സ്‌പോർട്ട് പ്രമോഷൻ കൗൺസിലിന്റെ സെക്രട്ടറി ജനറൽ മിഥിലേശ്വർ താക്കൂർ പറഞ്ഞു.
കുറഞ്ഞ വേതനവും, സബ്‌സിഡിയുള്ള വൈദ്യുതിയും ഉൾപ്പെടെ ഉൽപ്പാദന നിരക്കിലെ കുറവും വികസനം ഏറ്റവും കുറഞ്ഞ രാജ്യമായത് കൊണ്ടുള്ള തീരുവ ആനുകൂല്യങ്ങളും കാരണം നിരവധി ഇന്ത്യൻ കമ്പനികൾ അതിർത്തിക്കപ്പുറത്ത് യൂണിറ്റുകൾ സ്ഥാപിച്ചിരുന്നു. ഇന്ത്യൻ നിർമ്മാതാക്കൾ പ്രാദേശികമായി നിർമിക്കുന്ന തുണിത്തരങ്ങൾക്ക് അഞ്ച് ശതമാനം ജിഎസ്ടി നൽകേണ്ടി വരുമ്പോൾ ബംഗ്ലാദേശ് സ്ഥാപനങ്ങൾ ചൈനയിൽ നിന്ന് നികുതിയില്ലാതെ ഇറക്കുമതി ചെയ്യുകയും ഇന്ത്യയിലേക്കുള്ള വിൽപനക്ക് കയറ്റുമതി് ആനുകൂല്യങ്ങൾ നേടുകയും ചെയ്യുന്നു. ഇത് ബംഗ്ലാദേശിന് ഏകദേശം 10 മുതൽ 15 ശതമാനം വരെ വിലയിൽ നേട്ടമുണ്ടാക്കുന്നുവെന്ന് വ്യാപാര വിദഗ്ദൻ അജയ് ശ്രീവാസ്തവ പറയുന്നു.
ബംഗ്ലാദേശിന് ലഭിക്കുന്ന ആനുകൂല്യങ്ങൾ കണക്കിലെടുക്കുമ്പോൾ ഇന്ത്യൻ വ്യാപാരികൾക്കും രാജ്യത്ത് പ്രവർത്തിക്കുന്ന ആഗോള ശൃംഖലകൾക്കും വിതരണക്കാരെ മാറ്റുകയെന്നത് അത്ര എളുപ്പമല്ല. ബംഗ്ലാദേശിൽ നിന്നും വലിയ രീതിയിലുള്ള ഉൽപ്പാദനം കുറഞ്ഞ സമയത്തിൽ നടക്കുന്നതും ഒരു കമ്പനിയിൽ നിന്നു തന്നെ ആവശ്യങ്ങൾ നിറവേറ്റാം എന്നതും ഇന്ത്യൻ ചില്ലറ വ്യാപാരികൾക്കിടയിൽ ബംഗ്ലാദേശിന്റെ പ്രീതി വർധിപ്പിക്കുന്നതായിരുന്നു.
ഇന്ത്യക്കു മേൽ ബംഗ്ലാദേശ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾക്കുള്ള തിരിച്ചടിയായാണ് ഇന്ത്യയുടെ നടപടി. ഇന്ത്യയുടെ നൂൽ ഇറക്കുമതി നിരോധിക്കുക, അരി കയറ്റുമതിയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തുക, കടലാസ്, പുകയില, മത്സ്യം, പാൽപ്പൊടി എന്നിവയുൾപ്പെടെ ഡസൻ കണക്കിന് ഇന്ത്യൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതി നിരോധനം എന്നിവയാണ് ബംഗ്ലാദേശ് ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ.