തെലങ്കാനയിൽ കൈ ഉയർത്തിയ മുൻ എബിവിപിക്കാരൻ: കോൺഗ്രസിന്റെ രക്ഷകൻ, രേവന്ത് റെഡ്ഡി എന്ന വിജയശിൽപി

തെലങ്കാനയില്‍ സർക്കാർ രൂപീകരണത്തിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് കോൺഗ്രസ് ആദ്യം പരിഗണിക്കുന്നതും രേവന്തയെ ആയിരിക്കുമെന്നതില്‍ സംശയമില്ല

Update: 2023-12-03 12:58 GMT
Editor : banuisahak | By : Web Desk
Advertising

ഡൽഹി: തെലങ്കാനയിൽ ആദ്യമായി കോൺഗ്രസ് അധികാരത്തിലേക്ക് എത്തുമ്പോള്‍ താരമായി മാറുന്നത് രേവന്ത് റെഡ്ഡിയെന്ന പിസിസി അധ്യക്ഷന്‍. എ.ബി.വി.പിയിലൂടെ പൊതുരംഗത്തെത്തി ടി.ഡി.പി-യിലൂടെ എംഎൽ.എ-യായി പിന്നീട് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനായി മാറിയ രേവന്തയെ മുന്നിൽ നിർത്തിയാണ് പാർട്ടി തെലങ്കാനയിൽ അധികാരം പിടിച്ചെടുത്തത്. തെലങ്കാനയില്‍ മുഖ്യമന്ത്രിയാകാന്‍ കൂടുതല്‍ സാധ്യതയുള്ളതും രേവന്ത റെഡ്ഡിക്ക് തന്നെ.

അനുമുല രേവന്ത് റെഡ്‌ഡി, തെലങ്കാനയിലെ കോൺഗ്രസ് ഉയർത്തെഴുന്നേല്‍പ്പിന്റെ ശില്പി. രണ്ടു വർഷം മുമ്പ് പി സിസി അധ്യക്ഷ സ്ഥാനം ഏറ്റെടുത്തതു മുതല്‍ പാർട്ടിയെ താഴെതട്ടില്‍ പുനസംഘടിപ്പിക്കാന്‍ ഓടി നടന്നു. ജോഡോ യാത്രയെ പാർട്ടി പുനരുജ്ജീവന സന്ദർഭമാക്കി മാറ്റി. പ്രായം 56 ആയെങ്കിലും ഒരു ചെറുപ്പക്കാരന്റെ ചുറുചുറുക്കോടെ തെലങ്കാനയിലുടനീളം സജീവ സാന്നിധ്യമായി. എ ഐ സി സി നേതൃത്വം ആളും അർഥവും നല്കി സഹായിച്ചതോടെ കെ ചന്ദ്രശേഖർ റാവുവിനോട് എതിരിടാന്‍ കഴിയുന്ന നേതാവായി രേവന്ത റെഡ്ഡി വളർന്നു. 

 അധികാരം പിടിക്കുമെന്ന അവകാശവാദം ഉന്നയിച്ച തുടങ്ങിയ തെരഞ്ഞെടുപ്പില്‍ കെ ചന്ദ്രശേഖർ റാവുവിനെ നേരിട്ട് എതിർക്കാന്‍ തന്നെ രേവന്ത് തയ്യാറായി. അങ്ങനെ കാമറെഡ്ഡിയില്‍ ബി ആർ എസിന്റെ ഏറ്റവും വലിയ നേതാവിനെ തന്നെ പരാജയപ്പെടുത്തിയാണ് രേവന്ത ഈ തെരഞ്ഞെടുപ്പിൽ തിളിങ്ങി നിൽക്കുന്നത്. തെലങ്കാനയില്‍ സർക്കാർ രൂപീകരണത്തിലേക്ക് പോകുമ്പോള്‍ മുഖ്യമന്ത്രി സ്ഥാനാർഥിക്ക് കോൺഗ്രസ് ആദ്യം പരിഗണിക്കുന്നതും രേവന്തയെ ആയിരിക്കുമെന്നതില്‍ സംശയമില്ല. 

Also Read: കെസിആർ ജയിലിലടച്ച പോരാളി; തെലങ്കാനയിൽ ഇനി രേവന്ത് റെഡ്ഢി യുഗം

ആർ എസ് എസിന്റെ വിദ്യാർഥി സംഘടനയായ എ ബി വി പിയിലൂടെയാണ് രേവന്ത് പൊതുരംഗത്തേക്ക് വരുന്നത്. എന്നാല്‍ ആന്ധ്രയിലെ രാഷ്ട്രീയത്തിനൊത്തു നീങ്ങിയ രേവന്ത് 2004 മുതല്‍ ടി ഡി പിയുടെ ഭാഗമായി. രണ്ടു തവണ കൊടങ്ങല്‍ നിയമസഭാ മണ്ഡലത്തില് നിന്ന് എം എൽ എ യായി. തെലങ്കാനയില്‍ ടി ഡി പിയുടെ സാധ്യത കുറഞ്ഞുവരുന്നത് തിരിച്ചറിഞ്ഞ രേവന്ത 2017 ല്‍ കോൺഗ്രസിലെത്തി. ഊർജസ്വലനായി നേതാവിനെ തെരഞ്ഞെടുനടന്ന എ ഐ സി സി യുടെ കണ്ണ് അങ്ങനെയാണ് രേവന്തയിലുടുക്കുന്നത്. 2018 ല്‍ സ്വന്തം മണ്ഡലമായി കൊടങ്ങലില്‍ തോറ്റെങ്കിലും അടുത്തവർഷം മല്‍ക്കാജ്ഗിരിയില്‍ നിന്ന് ജയിച്ച് എം പിയായി.

 കർണാടകയിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ തെലങ്കാനയിലെ സാധ്യത തിരിച്ചറിഞ്ഞ രേവന്ത പ്രവർത്തനങ്ങള്‍ സജീവമാക്കി. ഹൈദരാബാദില്‍ ചേർന്ന കോൺഗ്രസ്  പ്രവർത്തക സമിതിയുടെ സമാപനമായി നടന്ന വിജയഭേരി റാലിയിലൂടെ തെരഞ്ഞെടുപ്പ് പ്രചരണത്തിന് തുടക്കമിട്ടു. ആരോപണ പ്രത്യാരോപണം കൊണ്ട് നിറഞ്ഞ തെലങ്കാന രാഷ്ട്രീയത്തിൽ കെസിആറിനും കെടിആറിനും ഉരുളക്കുപ്പേരി പോലെ മറുപടി നല്കാന്‍ രേവന്തക്കായി. സ്വന്തം മണ്ഡലമായ കൊടങ്ങലിനൊപ്പം കെ സി ആറിനെ കാമറെഡ്ഡിയിൽ കൂടി തോല്പിച്ചതോടെ സമ്പൂർണവിജയമാണ് രേവന്ത് നേടിയത്. 

 119 അംഗ സഭയിൽ 65ലേറെ സീറ്റുകൾ നേടിയാണ് റെഡ്ഢിയുടെ നേതൃത്വത്തിൽ കോൺഗ്രസ് സംസ്ഥാനത്ത് അധികാരമേറുന്നത്. രേവന്ത് റെഡ്ഢി എന്ന രാഷ്ട്രീയ നേതാവിന്റെ വ്യക്തിപരമായ വിജയം കൂടിയാണ് തെലങ്കാനയിലേത്. കെസിആർ അധികാരത്തിലിരുന്ന കാലത്ത് ജയിലിലടയ്ക്കപ്പെട്ട കോൺഗ്രസ് നേതാവു കൂടിയാണ് ഇദ്ദേഹം. സ്വന്തം മകളുടെ വിവാഹത്തിന് മാത്രമാണ് ഗവൺമെന്റ് ഇദ്ദേഹത്തിന് പരോൾ നൽകിയിരുന്നത്.

 സ്‌കൂൾ പഠനകാലത്ത് എബിവിപിയുമായി സഹകരിച്ച് പ്രവർത്തിച്ചിരുന്ന വിദ്യാർത്ഥി നേതാവായിരുന്നു റെഡ്ഢി. പിന്നീട് സംഘ്പരിവാർ ആശയം വിട്ട് തെലുങ്കുദേശം പാർട്ടിയിലേക്കും പിന്നീട് കോൺഗ്രസിലേക്ക് ചേക്കേറി. 2009, 2014 വർഷങ്ങളിൽ രണ്ടു തവണ ടിഡിപി ടിക്കറ്റിൽ ആന്ധ്ര നിയമസഭയിലെത്തിയിട്ടുണ്ട്. 2017ൽ കോൺഗ്രസിലെത്തി. അടുത്ത വർഷം കോൺഗ്രസ് ടിക്കറ്റിലും മത്സരിച്ചു ജയിച്ചു. തെലങ്കാന രാഷ്ട്രീയത്തിലെ സുപ്രധാന വഴിത്തിരിവായി രാഷ്ട്രീയ വിദഗ്ധർ ഇതിനെ വിലയിരുത്തിയിരുന്നു. 2019ൽ മൽകാജ്ഗിരി ലോക്‌സഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച അദ്ദേഹം പാർലമെന്റിലുമെത്തി.

'കോൺഗ്രസാണ് തെലങ്കാന സമ്മാനിച്ചത്. അതിനെ വികസിപ്പിക്കാൻ ആ പാർട്ടിക്കു മാത്രമേ കഴിയൂ. തെലങ്കാനയ്ക്കു വേണ്ടി പൊരുതി മരിച്ച രക്തസാക്ഷികളുടെ ആഗ്രഹങ്ങൾ സഫലമാക്കുന്നതിനു വേണ്ടിയാണ് ഞാൻ കോൺഗ്രസിൽ ചേർന്നത്. രാഹുൽ ഗാന്ധി അടുത്ത പ്രധാനമന്ത്രിയാകും. ഞങ്ങളൊന്നിച്ച് തെലങ്കാനയുടെ സ്വപ്‌നങ്ങൾ യാഥാർഥ്യമാക്കും' - എന്നായിരുന്നു കോൺഗ്രസിൽ ചേർന്നയുടൻ അദ്ദേഹത്തിന്റെ വാക്കുകൾ. ഇതിന്റെ തുടക്കം തെലങ്കാനയിൽ രേവന്ത് റെഡ്ഡി യാഥാർഥ്യമാക്കുകയും ചെയ്തു. 

 

Tags:    

Writer - banuisahak

contributor

Editor - banuisahak

contributor

By - Web Desk

contributor

Similar News