നിങ്ങളുടെ വാ ഡെറ്റോള്‍ ഉപയോഗിച്ച് കഴുകൂ; കോണ്‍ഗ്രസിന്‍റെ അഴിമതി ആരോപണത്തിനെതിരെ നിര്‍മല സീതാരാമന്‍
രാജസ്ഥാനിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്, അവർ ഈ വർഷം കഴിഞ്ഞ വർഷത്തെ ബജറ്റ് വായിക്കുകയാണ്
നിര്‍മല സീതാരാമന്‍
ഡല്‍ഹി: ബജറ്റ് ചര്‍ച്ചക്കിടെ കേന്ദ്രത്തിനെതിരെ അഴിമതി ആരോപണമുന്നയിച്ച കോണ്‍ഗ്രസിന് മറുപടിയുമായി ധനമന്ത്രി നിര്‍മല സീതാരാമന്‍.'നിങ്ങളുടെ വാ ഡെറ്റോള്‍ ഉപയോഗിച്ച് കഴുകൂ' എന്നാണ് നിര്‍മല പറഞ്ഞത്. കഴിഞ്ഞ ദിവസം രാജസ്ഥാനില്‍ മുഖ്യമന്ത്രി അശോക് ഗെഹ്‍ലോട്ട് കഴിഞ്ഞ വര്‍ഷത്തെ ബജറ്റ് വായിച്ചതിനെയും നിര്‍മല പരിഹസിച്ചു.
"രാജസ്ഥാനിൽ എന്തൊക്കെയോ പ്രശ്നങ്ങളുണ്ട്, അവർ ഈ വർഷം കഴിഞ്ഞ വർഷത്തെ ബജറ്റ് വായിക്കുകയാണ്. ആരും അങ്ങനെ ഒരു തെറ്റ് ചെയ്യരുതെന്ന് ഞാൻ ദൈവത്തോട് പ്രാർത്ഥിക്കുന്നു, എന്നാൽ ഇന്ന് അത് സംഭവിച്ചു, അതിനാൽ ഞാൻ അത് സൂചിപ്പിക്കേണ്ടതുണ്ട്'' നിര്‍മല പറഞ്ഞു. സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കേന്ദ്ര നികുതി വിഹിതത്തില്‍ കുറവുണ്ടാകില്ലെന്നും കഴിഞ്ഞ വര്‍ഷത്തെക്കാള്‍ അധികമാണ് ഇത്തവണ ലഭിക്കുകയെന്നും ധനമന്ത്രി വ്യക്തമാക്കി. പെട്രോളിയം ഉല്‍പന്നങ്ങള്‍ക്ക് രണ്ടു തവണ കേന്ദ്രം എക്സൈസ് ഡ്യൂട്ടി കുറച്ചിട്ടും കുറയ്ക്കുന്നതിനു പകരം കൂട്ടിയ കേരളം പോലുള്ള സംസ്ഥാനങ്ങള്‍ ഇവിടെയുണ്ടെന്നും നിര്‍മല കൂട്ടിച്ചേര്‍ത്തു.
എട്ടു മിനിറ്റോളമാണ് ഗെഹ്‍ലോട്ട് പഴയ ബജറ്റ് വായിച്ചത്. കോണ്‍ഗ്രസ് എം.എല്‍.എമാര്‍ക്കു പോലും പിന്നീടാണ് മനസിലായത്. ഒടുവില്‍ ചീഫ് വിപ്പ് ഇടപെട്ട് ഗെഹ്‍ലോട്ടിനോട് കാര്യം പറയുകയും ബജറ്റ് അവതരണം നിര്‍ത്തുകയായിരുന്നു.ആദ്യ രണ്ട് പദ്ധതികള്‍ അവതരിപ്പിച്ചപ്പോള്‍ തന്നെ പഴയ ബജറ്റാണെന്ന് സഭയില്‍ പ്രതിപക്ഷം പറയുന്നുണ്ടായിരുന്നു. എന്നാലും ഇതൊന്നും ശ്രദ്ധിക്കാതെ ഗെഹ്‍ലോട്ട് വായന തുടരുകയായിരുന്നു. ബജറ്റ് ചോര്‍ന്നോ എന്നായിരുന്നു ബി.ജെ.പിയുടെ ചോദ്യം. പിന്നീട് സംഭവത്തില്‍ ഗെഹ്‍ലോട്ട് മാപ്പ് പറയുകയും ചെയ്തു.