യോഗി ആദിത്യനാഥിനെ കാണാൻ മോഹൻ ഭാഗവത്; കരുതലോടെ 'മോദിയും ടീമും'

ഉച്ചക്ക് ശേഷമാകും ആർ.എസ്.എസ് തലവനും ഉത്തർപ്രദേശ് മുഖ്യമന്ത്രിയും തമ്മിലെ 'വലിയ കൂടിക്കാഴ്ച' എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്

Update: 2024-06-16 02:35 GMT
Editor : rishad | By : Web Desk

ലക്‌നൗ: പ്രധാനമന്ത്രി നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാറിനും എതിരെ ഒളിഞ്ഞും തെളിഞ്ഞും വിമർശനങ്ങൾ ഉയർത്തുന്നതിനിടെ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. യോഗിയുടെ തട്ടകമായ ഗോരഖ്പൂരിൽവെച്ചാണ് കൂടിക്കാഴ്ച. ഇവിടെ ആർ.എസ്.എസിന്റെ ഒരു പരിപാടിയിൽ പങ്കെടുക്കാനാണ് മോഹൻ ഭാഗവത് എത്തുന്നത്.

ഉച്ചക്ക് ശേഷമാകും ഇരുവരും തമ്മിലെ 'വലിയ കൂടിക്കാഴ്ച' എന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഉത്തർപ്രദേശിലെ തിരിച്ചടിക്ക് കാരണം ആദിത്യനാഥിന്റെ ഇടപെടലുകൾ കാരണമാണെന്ന വിമർശനം പാർട്ടിക്കുള്ളിൽ തന്നെ ഉയരുന്നുണ്ട്. ഇത്തരം വിമര്‍ശനങ്ങളെ ആര്‍.എസ്.എസ് തലവനെ തന്നെ മുന്നില്‍ നിര്‍ത്തി ചെറുക്കാനാണ് യോഗിയും ടീമും ലക്ഷ്യമിടുന്നത്.

Advertising
Advertising

ആര്‍.എസ്.എസ് ആകട്ടെ മോദി-അമിത് ഷാ കൂട്ടുകെട്ടില്‍ അപ്രസക്തമായ നിലയിലുമാണ്. ആര്‍.എസ്.എസ് ഇല്ലാതെ തന്നെ ബി.ജെ.പിക്ക് ഒറ്റയ്ക്ക് കാര്യങ്ങള്‍ നിയന്ത്രിക്കാനാവുമെന്ന തരത്തില്‍ അദ്ധ്യക്ഷനും ഇപ്പോള്‍ കേന്ദ്രമന്ത്രിയുമായ ജെ.പി നദ്ദ നടത്തിയ പ്രസ്താവനയൊക്കെ ആര്‍.എസ്.എസിനെ കാര്യമായി ചൊടിപ്പിച്ചിട്ടുണ്ട്. ഇതിനിടയിലാണ് മണിപ്പൂര്‍ വിഷയം ഉയര്‍ത്തിക്കാട്ടി മോഹന്‍ ഭാഗവത് കേന്ദ്രസര്‍ക്കാറിനെതിരെ തിരിഞ്ഞത്. മണിപ്പൂര്‍ കത്തുകയാണെന്നും ഒരു വര്‍ഷമായി അവിടം സമാധാനത്തിനു വേണ്ടി കേഴുകയാണെന്നുമായിരന്നു ഭാഗവതിന്റെ പ്രസ്താവന.

മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ അടിയന്തര ഇടപെടല്‍ വേണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് അദ്ദേഹം ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഈ പരാമര്‍ശത്തിന്റെ അലയൊലികള്‍ അടങ്ങുംമുമ്പെയാണ് മറ്റൊരു ആർഎസ്എസ് നേതാവായ ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവനയും വരുന്നത്. അഹങ്കാരം മൂലമാണ് ലോക്സഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ പ്രകടനം മോശമാക്കിയത് എന്നായിരുന്നു ഇന്ദ്രേഷ് കുമാറിന്റെ പ്രസ്താവന. എന്നാൽ വിമർശനം വലിയ ചർച്ചയായതോടെ പരാമർശം തിരുത്തേണ്ടി വന്നു.  

മോദിക്കെതിരെ ആർ.എസ്.എസിൽ അതൃപ്തി പുകയുന്നു എന്ന് വ്യക്തമാക്കുന്നതായിരുന്നു ഈ വിർശനങ്ങളെല്ലാം. ഇതിന് പിന്നാലെയാണ് യോഗി ആദിത്യനാഥ്- മോഹന്‍ ഭാഗവത് കൂടിക്കാഴ്ച വരുന്നത്. അതേസമയം ഈ കൂടിക്കാഴ്ചയെ ഗൗരവമായി കാണുന്നത് മോദിയും ടീമുമാണ്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ ഉത്തർപ്രദേശിൽ നിന്ന് കാര്യമായ തിരിച്ചടി ബി.ജെ.പിക്ക് ലഭിച്ചതിൽ ആർ.എസ്.എസ് ഉള്ളാലെ സന്തോഷിക്കുന്നുണ്ടെന്നാണ് അവർ വിലയിരുത്തുന്നത്. അതിലുള്ള നന്ദിപ്രകടനം എന്ന നിലയിലും മോഹൻ ഭാഗവത്- യോഗി ആദിത്യനാഥ് കൂടിക്കാഴ്ചയെ കാണുന്നവരും ഉണ്ട്. 

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News