സെയ്ഫ് അലി ഖാന് കുത്തേറ്റ സംഭവം: മധ്യപ്രദേശിൽ ഒരാൾ കസ്റ്റഡിയിൽ
വ്യാഴാഴ്ച പുലർച്ചെയോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ വ്യക്തി അദ്ദേഹത്തെ കുത്തിപ്പരിക്കേൽപ്പിച്ചത്.
മുംബൈ: ബോളിവുഡ് താരം സെയ്ഫ് അലി ഖാനെ വീട്ടിൽ കയറി കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ ഒരാളെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തു. മധ്യപ്രദേശിൽനിന്നാണ് ആക്രമണവുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇന്ന് പുലർച്ചെ കസ്റ്റഡിയിലെടുത്തയാളെ ചോദ്യം ചെയ്തുവരികയാണെന്ന് പൊലീസ് പറഞ്ഞു.
വ്യാഴാഴ്ച പുലർച്ചെയോടെയാണ് സെയ്ഫ് അലി ഖാന്റെ ബാന്ദ്രയിലെ വസതിയിൽ അതിക്രമിച്ചു കയറിയ വ്യക്തി താരത്തെ കുത്തിപ്പരിക്കേൽപ്പിച്ചത്. കഴുത്തിനും നട്ടെല്ലിനും കുത്തേറ്റ താരത്തിന് ഗുരുതര പരിക്കേറ്റിരുന്നു. ലീലാവതി ആശുപത്രിയിൽ എത്തിച്ച അദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയമാക്കിയിരുന്നു.
സെയ്ഫ് അലി ഖാന്റെ വീട്ടിലെ കോണിപ്പടിയിൽ നിൽക്കുന്ന അക്രമിയുടെ സിസിടിവി ദൃശ്യങ്ങൾ വ്യാഴാഴ്ച തന്നെ പുറത്തുവന്നിരുന്നു. ആക്രമണത്തിന് ശേഷം ഇയാൾ ദാദറിലെ കടയിൽനിന്ന് ഹെഡ്‌ഫോൺ വാങ്ങുന്ന ദൃശ്യങ്ങളും പിന്നീട് പൊലീസിന് ലഭിച്ചിരുന്നു.
സെയ്ഫ് അലി ഖാന്റെ ഇളയ മകൻ ജഹാംഗീർ കിടക്കുന്ന മുറിയിലെത്തിയ അക്രമി മകനെ ബന്ദിയാക്കുകയും മോചനദ്രവ്യമായി ഒരു കോടി രൂപ ആവശ്യപ്പെടുകയുമായിരുന്നു. മുറിയിൽ ആഭരണങ്ങൾ ഉണ്ടായിരുന്നെങ്കിലും അക്രമി അതൊന്നും എടുത്തിട്ടില്ലെന്ന് സെയ്ഫ് അലി ഖാന്റെ ഭാര്യയും ബോളിവുഡ് നടിയുമായ കരീന കപൂർ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.
അതേസമയം ചികിത്സയിൽ കഴിയുന്ന സെയ്ഫ് അലി ഖാന്റെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടൈന്നും മൂന്നോ നാലോ ദിവസത്തിനുള്ളിൽ ഡിസ്ചാർജ് ചെയ്യുമെന്നും ഡോക്ടർമാർ പറഞ്ഞു. നേരത്തെ ഐസിയുവിലായിരുന്ന സെയ്ഫിനെ ഇപ്പോൾ വാർഡിലേക്ക് മാറ്റിയിട്ടുണ്ട്. താരം നടക്കുകയും സാധാരണ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുണ്ടെന്നും ഡോക്ടർമാർ പറഞ്ഞു.