'സെയ്ഫ് പണം തന്നു, എത്രയെന്ന് വെളിപ്പെടുത്തില്ല, അദ്ദേഹത്തിന് കൊടുത്ത വാക്കാണത്': ഓട്ടോഡ്രൈവർ പറയുന്നു...
''തുക എത്രയെന്ന് പറയരുതെന്ന് അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചിട്ടുണ്ട്, ആ വാഗ്ദാനം ഞാന്‍ പാലിക്കും. ഞാനും സെയ്ഫും മാത്രം അറിഞ്ഞാല്‍ മതി''
മുംബൈ: രക്ഷിച്ചതിന് നടൻ സെയ്ഫ് അലി ഖാൻ പണം തന്നെന്നും എന്നാൽ അത് എത്രയെന്ന് ആരോടും പറയില്ലെന്നും ഓട്ടോഡ്രൈവർ ഭജൻ സിങ് റാണ. അത് ഞാനും സെയ്ഫും തമ്മിൽ മാത്രമെ അറിയൂ, വെളിപ്പെടുത്തരുതെന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്, ഞാനത് പാലിക്കുമെന്നും ഭജൻ സിങ് റാണ പറഞ്ഞു.
ചോരയിൽ കുളിച്ച സെയ്ഫിനെ, ഭജൻ സിങാണ് ആശുപത്രിയിലെത്തിക്കുന്നത്. അക്രമിയുടെ കുത്തേറ്റ് സെയ്ഫിനെ മകൻ താഴെയിറക്കിയിരുന്നു. കാർ ലഭിക്കാത്തതിനെ തുടർന്ന് ഭജന്‍ സിങിന്റെ ഓട്ടോയിലാണ് താരം, മുംബൈ ലീലാവതി ആശുപത്രിയിലെത്തുന്നത്. അതേസമയം ഭജൻ സിങ് റാണയുടെ ഓട്ടോയിലാണ് സെയ്ഫ് ആശുപത്രിയിലെത്തിയതെന്ന വാർത്ത പ്രചരിച്ചതോടെ അദ്ദേഹം ഇപ്പോൾ താരമാണ്. എല്ലാ ഓൺലൈൻ ചാനലുകൾക്കും ഇന്റർവ്യു കൊടുക്കുകയാണ് ഭജൻ.
അത്തരത്തിലൊരു ഇന്റർവ്യൂവിലാണ് സെയ്ഫ് അലി ഖാൻ തന്ന സമ്മാനത്തെക്കുറിച്ച് ഭജൻ പറഞ്ഞത്. ആശുപത്രി വിടുന്നതിന് മുമ്പ് സെയ്ഫ് അലി ഖാനും ഭജൻ സിങ് റാണയും തമ്മിൽ കണ്ടിരുന്നു. ഇതിന്റെ ചിത്രങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.
സെയ്ഫ് ഇനി പുതിയൊരു ഓട്ടോ സമ്മാനിച്ചാൽ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'ഞാനത് ഒരിക്കലും ചോദിക്കില്ല. എന്ത് സമ്മാനം തന്നാലും സ്വീകരിക്കും. ഞാൻ എന്തെങ്കിലും പാരിതോഷികത്തിന് അർഹനാണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ല. അല്ലെങ്കിലും എന്തെങ്കിലും കിട്ടാൻ വേണ്ടിയല്ല ചെയ്യുന്നതെന്നും ഭജൻ പറഞ്ഞു.
'സമയബന്ധിതമായ സഹായത്തിന് ഖാൻ, നന്ദി പറഞ്ഞതായും കൂടുതല്‍ സാമ്പത്തിക സഹായം വാഗ്ദാനം ചെയ്തെന്നും ഭജന്‍ പറഞ്ഞു. സെയ്ഫ് എനിക്ക് 50,000 രൂപ, അല്ലെങ്കില്‍ ഒരു ലക്ഷം രൂപ നൽകിയെന്നാണ് ആളുകൾ പറയുന്നത്. അവരത് പറഞ്ഞോട്ടെ, പക്ഷേ തുക വെളിപ്പെടുത്താൻ ഞാൻ ആഗ്രഹിക്കുന്നില്ല. തുക എത്രയെന്ന് പറയരുതെന്ന് അദ്ദേഹം എന്നോട് അഭ്യർത്ഥിച്ചിട്ടുണ്ട്, ആ വാഗ്ദാനം ഞാന്‍ പാലിക്കും. ഞാനും സെയ്ഫ് മാത്രം അറിഞ്ഞാല്‍ മതി- ഭജന്‍ സിങ് റാണ പറഞ്ഞു.