സിനിമാ മോഹവുമായി എത്തിയ യുവതികളെ ഉപയോഗിച്ച് നീലച്ചിത്ര നിർമാണം; സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ

മുപ്പതിലധികം ഹാർഡ് ഡിസ്‌കുകളിൽ മുന്നൂറിലധികം അശ്ലീല വീഡിയോകൾ പൊലീസ് കണ്ടെത്തി

Update: 2022-09-11 08:58 GMT
Editor : abs | By : abs
Advertising

സിനിമാ മോഹവുമായി എത്തുന്ന പെൺകുട്ടികളെ ഉപയോഗിച്ച് അശ്ലീല വീഡിയോ നിർമിച്ച കേസിൽ സംവിധായകനും സഹസംവിധായികയും അറസ്റ്റിൽ. തമിഴ്‌നാട് സേലത്ത് ഗ്ലോബല്‍ ക്രിയേഷൻ എന്ന പേരിൽ സിനിമാ കമ്പനി നടത്തുന്ന വേൽസത്രിയൻ (38), സുഹൃത്ത് ജയജ്യോതി (23) എന്നിവരാണ് അറസ്റ്റിലായത്. സിനിമയിൽ അവസരം നൽകാമെന്ന് പറഞ്ഞ് നാനൂറിലേറെ സ്ത്രീകളിൽനിന്ന് ഇവർ പണം തട്ടിയതായാണ് വിവരം.

കമ്പനിയിൽ എത്തുന്ന പെൺകുട്ടികളെ ഉപയോഗിച്ചാണ് അശ്ലീല വിഡിയോ നിർമിച്ചിരുന്നത്. മുപ്പതിലധികം ഹാർഡ് ഡിസ്‌കുകളിൽ ഇത്തരത്തിൽ മുന്നൂറിലധികം വീഡിയോകൾ പൊലീസ് കണ്ടെത്തി. സിനിമയിലെ റോളുകൾക്കായി മുപ്പതിനായിരം രൂപ ഇയാൾ അഡ്വാൻസ് വാങ്ങിയിരുന്നതായും പൊലീസ് പറയുന്നു. ഇരുവരെയും സേലം ജില്ലാ കോടതിയിൽ ഹാജരാക്കി. കോടതി ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടിട്ടുണ്ട്.

നമ്പര്‍ എന്നു പേരിട്ട ചിത്രത്തിൽ അഭിനേതാക്കളെ തേടിയാണ് സത്രിയൻ ഏറ്റവും ഒടുവിൽ സമൂഹമാധ്യമത്തില്‍ പരസ്യം ചെയ്തത്. ചിത്രത്തിന്‍റെ ഓഡിഷന് വേണ്ടി എത്തുന്ന യുവതികളെ കൊണ്ട് ഇന്റിമേറ്റ് സീനുകളിൽ അഭിനയിപ്പിച്ചു. ചിത്രങ്ങളുമെടുത്തു. ഇവ കാണിച്ച് യുവതികളെ ഭീഷണിപ്പെടുത്തുകയും ചെയ്തു.

ചിത്രത്തിൽ വേഷം തേടിയെത്തി വഞ്ചിക്കപ്പെട്ട യുവതിയാണ് പൊലീസിനെ സമീപിച്ചത്. സിനിമയില്‍ അവസരം തരാമെന്ന് പറഞ്ഞ് ഇവരിൽ നിന്ന് വേൽ സത്രിയനും ജയജ്യോതിയും മുപ്പതിനായിരം രൂപ കൈപ്പറ്റിയിരുന്നു. പണം തിരിച്ചുചോദിച്ചതോടെ യുവതിക്ക് സിനിമാ കമ്പനിയിൽ ഓഫീസ് ഗേളിന്റെ ജോലി നൽകി. മൂന്നു മാസം ജോലി ചെയ്തിട്ടും ശമ്പളമൊന്നും കിട്ടിയില്ല. വേൽ സത്രിയന്റെ കൂടെ ഇന്റിമേറ്റ് രംഗങ്ങളിൽ അഭിനയിക്കാൻ നിർബന്ധിക്കുകയും ചെയ്തു.

ഇതോടെ യുവതി ജോലി ഉപേക്ഷിച്ചു. ശമ്പളത്തിനായുള്ള ശ്രമങ്ങൾക്കിടെയാണ് നിരവധി യുവതികളുടെ വീഡിയോകളും ചിത്രങ്ങളും ഇവരുടെ ശ്രദ്ധയിൽപ്പെട്ടത്. ഇതോടെ ഇവർ സൂരമംഗലം പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു. സംവിധായകനെതിരെ ഇതുവരെ 12 പരാതികളാണ് ലഭിച്ചിട്ടുള്ളതെന്ന് പൊലീസ് അറിയിച്ചു. തട്ടിപ്പിനിരയായ എല്ലാവരും പരാതി നൽകണമെന്ന് സേലം സിറ്റി പൊലീസ് കമ്മിഷണർ നജ്മുൽ ഹുദ അഭ്യർത്ഥിച്ചു. പരാതികൾക്കായി സൂരമംഗലം വനിതാ പൊലീസ് സ്റ്റേഷനിൽ പ്രത്യേക സംവിധാനം രൂപീകരിച്ചു. പരാതി നൽകുന്നവരുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്. 

Tags:    

Writer - abs

contributor

Editor - abs

contributor

By - abs

contributor

Similar News