കശ്മീരിലെ വലിയ പ്രശ്‌നത്തിന് പരിഹാരമായി; ആർട്ടിക്കിൾ 370 റദ്ദാക്കിയത് അനുകൂലിച്ച് സൽമാൻ ഖുർഷിദ്

സർവ്വകക്ഷി സംഘത്തിന്റെ ഇന്തോനേഷ്യൻ സന്ദർശത്തിനിടെയാണ് സൽമാൻ ഖുർഷിദിന്റെ പരാമർശം

Update: 2025-05-30 08:04 GMT

ന്യൂഡൽഹി: കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയത് അനുകൂലിച്ച് കോൺഗ്രസ് വക്താവ് സൽമാൻ ഖുർഷിദ്. ആർട്ടികൾ 370 റദ്ദാക്കിയതിനുശേഷം ജമ്മു കശ്മീരിൽ അഭിവൃദ്ധി ഉണ്ടായി. ജമ്മു കശ്മീരിലെ വലിയ പ്രശ്‌നത്തിലാണ് സർക്കാർ പരിഹാരം കണ്ടതെന്നും സൽമാൻ ഖുർഷിദ് പറഞ്ഞു. സർവ്വകക്ഷി സംഘത്തിന്റെ ഇന്തോനേഷ്യൻ സന്ദർശത്തിനിടെയാണ് സൽമാൻ ഖുർഷിദിന്റെ പരാമർശം.

ആർട്ടിക്കിൾ 370 കശ്മീരിനെ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളിൽ നിന്നും വേറിട്ട് നിർത്തിയിരുന്നെന്നും റദ്ദാക്കിയതോടെ കശ്മീരിന്റെ പ്രധാന പ്രശ്‌നത്തിനാണ് പരിഹാരമായതെന്നും ഖുർഷിദ് പറഞ്ഞു. 370 റദ്ദാക്കിയതോടെ കശ്മീരിലെ സാമൂഹിക സാഹചര്യത്തിലും മാറ്റമുണ്ടായതായി ഖുർഷിദ് അഭിപ്രായപ്പെട്ടു. കേന്ദ്ര ഭരണ പ്രദേശമായിരുന്നിടത്ത് 65 ശതമാനം വോട്ടർമാർ പങ്കെടുത്ത് വോട്ടെടുപ്പ് നടന്നെന്നും തെരഞ്ഞെടുക്കപ്പെട്ട ഭരണകൂടം നിലവിൽ വന്നെന്നും ഖുർഷിദ് കൂട്ടിച്ചേർത്തു. കശ്മീരിൽ അഭിവൃദ്ധി കൊണ്ടുവന്നതിനെയെല്ലാം ഇല്ലാതാക്കാൻ ആളുകൾ ആഗ്രഹിക്കുന്നുണ്ടെന്നും ഇത് ഉചിതമായ തീരുമാനമല്ലയെന്നും കോൺഗ്രസിന്റെ മുതിർന്ന നേതാവു കൂടിയായ ഖുർഷിദ് വ്യക്തമാക്കി.

Advertising
Advertising

ആർട്ടിക്കിൾ 370 റദ്ദാക്കിയ മോദി സർക്കാരിന്റെ തീരുമാനത്തെ കോൺഗ്രസ് ശക്തമായി എതിർത്തിരുന്നു. 2019ൽ ഖുർഷിദ് തന്നെ റദ്ദാക്കിയതിനെതിരെ ശക്തമായി അപലപിച്ച് രംഗത്തു വന്നിരുന്നു.

തെക്കു കിഴക്കൻ ഏഷ്യൻ രാജ്യങ്ങൾ സന്ദർശിക്കുന്ന ഇന്ത്യൻ പ്രതിനിധി സംഘത്തിലെ അംഗമാണ് ഖുർഷിദ്. ബിജെപി എംപി അപരാജിത സാരംഗി, ബ്രിജ് ലാൽ, പ്രദാൻ ബറുവ, ഹേമാങ് ജോഷി, ടിഎംസിയുടെ അഭിഷേക് ബാനർജി, സിപിഐ(എം) നേതാവ് ജോൺ ബ്രിട്ടാസ്, മുൻ ഇന്ത്യൻ അംബാസഡർ മോഹൻ കുമാർ എന്നിവരാണ് സംഘത്തിലുള്ളത്. ഇന്തോനേഷ്യ, മലേഷ്യ, സൗത്ത് കൊറിയ, ജപ്പാൻ, സിംഗപ്പൂർ എന്നീ രാജ്യങ്ങളിലാണ് സംഘം സന്ദർശനം നടത്തുക.

Tags:    

Writer - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

Editor - അരീജ മുനസ്സ

വെബ് ജേണലിസ്റ്റ്, മീഡിയവൺ

By - Web Desk

contributor

Similar News