'കുടുംബവാഴ്ച ജനാധിപത്യത്തിന് ഭീഷണി, അംഗീകരിക്കേണ്ടത് കഴിവിനെ'; നെഹ്റു കുടുംബത്തെയടക്കം വിമർശിച്ച് ശശി തരൂർ
നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന രീതി വരണമെന്നും ഇതിനായി വോട്ടര്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കണമെന്നും തരൂർ പറയുന്നു.
Photo| Special Arrangement
കോഴിക്കോട്: രാഷ്ട്രീയത്തിലെ കുടുംബാധിപത്യം ചൂണ്ടിക്കാട്ടി നെഹ്റു കുടുംബത്തെയടക്കം പേരെടുത്ത് വിമർശിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗവും മുതിര്‍ന്ന നേതാവുമായ ശശി തരൂര്‍ എംപി. കുടുംബവാഴ്ചയ്ക്ക് പകരം കഴിവിനെയാണ് അംഗീകരിക്കേണ്ടത്. ജവഹര്‍ലാല്‍ നെഹ്റു, ഇന്ദിരാ ഗാന്ധി, രാജീവ് ഗാന്ധി, രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി വാദ്ര എന്നിവരുള്‍പ്പെടുന്ന നെഹ്റു- ഗാന്ധി കുടുംബത്തിന്റെ സ്വാധീനം രാഷ്ട്രീയ നേതൃത്വം ഒരു ജന്മാവകാശം ആണെന്ന ധാരണയ്ക്ക് ഇത് അടിത്തറയിട്ടെന്നും ഈ ആശയം ഇന്ത്യയിലെ എല്ലാ പാര്‍ട്ടികളിലും വ്യാപിച്ചു കഴിഞ്ഞെന്നും ശശി തരൂർ പറയുന്നു. 'കുടുംബവാഴ്ച ഇന്ത്യന്‍ ജനാധിപത്യത്തിന്റെ ഭീഷണി' എന്ന തലക്കെട്ടിൽ മംഗളം ദിനപത്രത്തിൽ എഴുതിയ ലേഖനത്തിലാണ് തരൂരിന്റെ വിമർശനം.
സമാജ്‌വാദി പാർട്ടി, ശിവസേന, ബിഹാറില്‍ ലോക് ജനശക്തി പാര്‍ട്ടി, ശിരോമണി അകാലി ദള്‍, കശ്മീരിലെ പിഡിപി, തമിഴ്നാട്ടിലെെ ഡിഎംകെ എന്നീ പാര്‍ട്ടികളെയും കുടുംബവാഴ്ചയുടെ പേരില്‍ തരൂര്‍ വിമര്‍ശിക്കുന്നുണ്ട്. തെലങ്കാനയില്‍ ഭാരത് രാഷ്ട്ര സമിതി സ്ഥാപകന്‍ കെ. ചന്ദ്രശേഖര റാവുവിന്റെ മകനും മകളും തമ്മില്‍ പിന്തുടര്‍ച്ചാവകാശ പോരാട്ടം നടക്കുകയാണ്. ഈ പ്രതിഭാസം ഏതാനും പ്രമുഖ കുടുംബങ്ങളില്‍ മാത്രം ഒതുങ്ങുന്നതല്ല, ഗ്രാമസഭകള്‍ മുതല്‍ പാര്‍ലമെന്റിന്റെ ഉന്നതതലങ്ങള്‍ വരെ, ഇന്ത്യന്‍ ഭരണക്രമത്തിന്റെ ഘടനയില്‍ ഇത് ആഴത്തില്‍ വേരൂന്നിയതാണ്.
നേതാക്കളെ യോഗ്യതയുടെ അടിസ്ഥാനത്തില്‍ തെരഞ്ഞെടുക്കുന്ന രീതി വരണമെന്നും ഇതിനായി വോട്ടര്‍മാര്‍ക്ക് വിദ്യാഭ്യാസം നല്‍കാനും ശാക്തീകരിക്കാനുമുള്ള കൂട്ടായ പരിശ്രമം ആവശ്യമാണെന്നും തരൂർ അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ രാഷ്ട്രീയം ഒരു കുടുംബ സംരംഭമായി തുടരുന്നിടത്തോളം കാലം, ജനാധിപത്യത്തിന്റെ യഥാര്‍ഥ വാഗ്ദാനമായ 'ജനങ്ങളാല്‍, ജനങ്ങള്‍ക്ക് വേണ്ടി, ജനങ്ങളുടെ ഭരണം' പൂര്‍ണമായി യാഥാര്‍ഥ്യമാക്കാന്‍ കഴിയില്ലെന്നും തരൂര്‍ മുന്നറിയിപ്പ് നല്‍കുന്നു.
കുടുംബാധിപത്യങ്ങള്‍ അവസാനിപ്പിക്കാന്‍ നിയമപരമായി നിര്‍ബന്ധിതമായ കാലാവധി ഏര്‍പ്പെടുത്തുന്നത് മുതല്‍ അര്‍ഥവത്തായ ആഭ്യന്തര പാര്‍ട്ടി തെരഞ്ഞെടുപ്പുകള്‍ നിര്‍ബന്ധമാക്കുന്നത് വരെയുള്ള അടിസ്ഥാനപരമായ പരിഷ്‌കാരങ്ങള്‍ ആവശ്യമാണെന്നും തരൂര്‍ പറയുന്നു. കുടുംബവാഴ്ചാ രാഷ്ട്രീയം ഇന്ത്യന്‍ ജനാധിപത്യത്തിന് ഗുരുതരമായ ഭീഷണിയാണ് ഉയര്‍ത്തുന്നത്. കഴിവ്, പ്രതിബദ്ധത, അല്ലെങ്കില്‍ താഴെത്തട്ടിലുള്ള ഇടപെടല്‍ എന്നിവയേക്കാള്‍ പാരമ്പര്യത്തിനു പ്രാധാന്യം ലഭിക്കുമ്പോള്‍ ഭരണത്തിന്റെയും നേതൃത്വത്തിന്റെയും ഗുണനിലവാരം കുറയ്ക്കുന്നു.
ഒരാളെ തെരഞ്ഞെടുക്കാൻ ചെറിയ ഒരു കൂട്ടത്തെ മാത്രം പരിഗണിക്കുന്നത് ഒരിക്കലും പ്രയോജനകരമല്ലെന്നും തരൂർ വ്യക്തമാക്കുന്നു. കോണ്‍ഗ്രസിനെ പ്രതിക്കൂട്ടിലാക്കി പ്രധാനമന്ത്രി നരേന്ദ്രമോദിയെയടക്കം പുകഴ്ത്തി രംഗത്തെത്തിയ തരൂർ, ചെറിയ ഇടവേളയ്ക്ക് ശേഷം വീണ്ടും പാർട്ടിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ബിജെപി കോണ്‍ഗ്രസിനെ വിമര്‍ശിക്കാൻ ഉപയോഗിക്കുന്ന കുടുംബവാഴ്ചാ ആരോപണം ഉയർത്തിയാണ് തരൂരും രംഗത്തെത്തിയിരിക്കുന്നത് എന്നതാണ് ശ്രദ്ധേയം. എന്നാൽ, ലേഖനത്തിലെ വിമർശനത്തിൽ മറ്റ് കോൺഗ്രസ് നേതാക്കളാരും പ്രതികരിച്ചിട്ടില്ല.