Writer - നബിൽ ഐ.വി
Trainee Web Journalist, MediaOne
ബെംഗളൂരു: ഡോ. ബി.ആര്‍ അംബേദ്കറേയും ദലിതരേയും സ്‌കിറ്റിലൂടെ അപമാനിച്ചുവെന്ന കേസ് റദ്ദാക്കി കര്‍ണാടക ഹൈക്കോടതി. ജെയിന്‍ സെന്റര്‍ ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലെ വിദ്യാര്‍ഥികള്‍ക്കും അധ്യാപകർക്കുമെതിരെയായിരുന്നു കേസ്. ജസ്റ്റിസ് എസ്.ആർ കൃഷ്ണ കുമാറാണ് കേസ് റദ്ദാക്കിയത്.
ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 19 പ്രകാരം സംസാര സ്വാതന്ത്ര്യവും ആവിഷ്‌കാര സ്വാതന്ത്ര്യവും ഉറപ്പ് നല്‍കുന്നുവെന്ന് കോടതി വ്യക്തമാക്കി. യൂണിവേഴ്‌സിറ്റി നിംഹാന്‍സ് കണ്‍വെന്‍ഷന്‍ സെന്ററില്‍ ജെയിന്‍ യൂണിവേഴ്‌സിറ്റി യൂത്ത് ഫെസ്റ്റ് 2023ലാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടിയുടെ ഭാഗമായി ഡോ.അംബേദ്കറുടെ വിഷയം പ്രമേയമാക്കി വിദ്യാര്‍ഥികള്‍ സ്‌കിറ്റ് അവതരിപ്പിച്ചിരുന്നു. എന്നാല്‍ ഈ സ്‌കിറ്റ് ദലിത് സമൂഹത്തെ അപമാനിക്കുന്നതാണെന്ന് ചൂണ്ടിക്കാണിച്ചായിരുന്നു പരാതി.
ബിഎൻഎസ് സെക്ഷൻ 153-എ, 149, 295-എ, 1989 ലെ പട്ടികജാതി-പട്ടികവർഗ നിയമത്തിലെ സെക്ഷൻ 3(1)(ആർ)(എസ്), (വി) എന്നീ വകുപ്പുകൾ പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. എന്നാല്‍ എസ്‌സി-എസ്ടി വിഭാഗത്തില്‍പ്പെട്ട ആളുകൾ പരാതിപ്പെട്ടില്ലെന്നും ഈ സമുദായങ്ങളിലെ ഏതെങ്കിലും അംഗത്തെ അപമാനിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും കോടതി നിരീക്ഷിച്ചു. സ്‌കിറ്റ് കേവലം വിനോദ ആവശ്യങ്ങള്‍ക്കായി ചെയ്തതാണെന്നും ഏതെങ്കിലും സമൂഹത്തേയോ വംശത്തേയോ ദ്രോഹിക്കുകയോ അപമാനിക്കുകയോ പരാമര്‍ശിക്കുകയോ ചെയ്യാത്തപ്പോള്‍ കുറ്റകൃത്യമല്ലെന്നും കോടതി പറഞ്ഞു.