'സതീഷ് കൗശികിനെ കൊല്ലാന്‍ എന്‍റെ ഭര്‍ത്താവ് പദ്ധതിയിട്ടിരുന്നു': പരാതിയുമായി സ്ത്രീ

മരണത്തിനു മുന്‍പ് സതീഷ് കൗശിക് ഹോളി ആഘോഷിച്ച ഫാം ഹൗസിന്‍റെ ഉടമയായ വ്യവസായിക്കെതിരെയാണ് പരാതി

Update: 2023-03-12 11:54 GMT

Satish Kaushik

ഡല്‍ഹി: ബോളിവുഡ് നടനും സംവിധായകനും നിര്‍മാതാവുമായ സതീഷ് കൗശികിന്‍റെ മരണം കൊലപാതകമാണെന്ന ആരോപണവുമായി സ്ത്രീ രംഗത്ത്. തന്‍റെ ഭര്‍ത്താവിന് സതീഷ് കൗശികിന്‍റെ മരണത്തില്‍ പങ്കുണ്ടെന്നാണ് സ്ത്രീ പൊലീസില്‍ പരാതി നല്‍കിയത്. മരണത്തിനു മുന്‍പ് സതീഷ് കൗശിക് ഹോളി ആഘോഷിച്ച ഫാം ഹൗസിന്‍റെ ഉടമയായ വ്യവസായിക്കെതിരെയാണ് പരാതി. ഡല്‍ഹി പൊലീസ് അന്വേഷണം തുടങ്ങിയെന്ന് വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു.

"സതീഷ് ജിയുടെ മരണവുമായി ബന്ധപ്പെട്ട് ഞാന്‍ പരാതി രജിസ്റ്റർ ചെയ്തിട്ടുണ്ട്. അദ്ദേഹം എന്റെ ഭർത്താവിന്‍റെ ഫാം ഹൗസിൽ ഒരു പാർട്ടിക്ക് വന്നിരുന്നു. അവിടെവെച്ച് അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി. ഫാം ഹൗസിൽ നിന്ന് ദോഷകരമായ ചില മരുന്നുകളും കണ്ടെത്തിയിട്ടുണ്ട്"- എന്നാണ് സ്ത്രീ പറഞ്ഞത്.

Advertising
Advertising

സതീഷ് കൗശിക്കും തന്‍റെ ഭര്‍ത്താവും തമ്മില്‍ ബിസിനസ് ഇടപാടുണ്ടായിരുന്നുവെന്നും ഇരുവരും തമ്മിൽ പണമിടപാട് സംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും സ്ത്രീ പറഞ്ഞു- "2022 ആഗസ്തില്‍ സതീഷ് ജിയും എന്‍റെ ഭർത്താവും തമ്മിൽ തർക്കമുണ്ടായി. നേരത്തെ നല്‍കിയ 15 കോടി രൂപ തിരികെവേണമെന്ന് സതീഷ് ജി പറഞ്ഞു. ഞാന്‍ ഇക്കാര്യം ഭര്‍ത്താവിനോട് ചോദിച്ചപ്പോള്‍ പണം വാങ്ങിയിരുന്നുവെന്നും കോവിഡ് കാലത്ത് നഷ്ടം സംഭവിച്ചെന്നും അദ്ദേഹം പറഞ്ഞു. സതീഷ് കൗശികിനെ ഇല്ലാതാക്കാൻ ബ്ലൂ പില്ലുകളും റഷ്യൻ പെൺകുട്ടികളെയും ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അതുകൊണ്ടാണ് സതീഷ് കൗശിക്കിന്‍റെ മരണത്തില്‍ അന്വേഷണം വേണമെന്ന് ഞാന്‍ ആവശ്യപ്പെടുന്നത്".

വ്യവസായിയുടെ രണ്ടാം ഭാര്യയാണ് താനെന്ന് സ്ത്രീ പറഞ്ഞു. തന്നെ ബലാത്സംഗം ചെയ്ത ശേഷം നിര്‍ബന്ധിച്ച് വിവാഹം കഴിക്കുകയായിരുന്നു ഇയാളെന്ന് അവര്‍ പറഞ്ഞു. വിവാഹത്തിന് ശേഷം ഭര്‍ത്താവിന്‍റെ ആദ്യ ബന്ധത്തിലെ മകനും ബലാത്സംഗം ചെയ്തു. ഇതോടെ 2022 ഒക്ടോബറിൽ താന്‍ വീടുവിട്ടെന്നും സ്ത്രീ പറഞ്ഞു. ദാവൂദ് ഇബ്രാഹിം ഉള്‍പ്പെടെയുള്ള അധോലോക നായകന്മാരുമായി ഭര്‍ത്താവിന് ബന്ധമുണ്ടെന്നും സ്ത്രീ ആരോപിച്ചു.

മാര്‍ച്ച് 9നാണ് സതീഷ് കൌശിക് അന്തരിച്ചത്. ഹൃദയാഘാതമാണ് മരണ കാരണമെന്നായിരുന്നു റിപ്പോര്‍ട്ട്. വ്യവസായിയുടെ ഫാം ഹൌസില്‍ ഹോളി ആഘോഷിച്ച ശേഷം രാത്രി 9.30ന് ഉറങ്ങാന്‍ കിടന്ന സതീഷ് കൌശികിന് അര്‍ധരാത്രിയോടെയാണ് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. മാനേജരാണ് സതീഷ് കൗശികിനെ ഫോര്‍ട്ടിസ് ആശുപത്രിയിലെത്തിച്ചത്. പുലര്‍ച്ചെ 1.43ഓടെ മരണം സംഭവിച്ചു. ഫാം ഹൌസിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പൊലീസ് പറഞ്ഞു.

Summary- In connection with the veteran actor Satish Kaushik's death, the owner of the farmhouse's second wife has levelled serious accusations against her husband, claiming his role in the death of the actor




Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News