മുംബൈ: മഹാരാഷ്ട്രയിൽ മുനിസിപ്പൽ കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ നാല് കുട്ടികളുടെ അമ്മയായ പുഷ്പ വാഗ്മാരെയ്ക്ക് അനുമതി നൽകിയതിനെതിരെ രാഷ്ട്രീയ പോര്. സൗത്ത്-വെസ്റ്റ് നാഗ്പൂരിലെ വാർഡ് നമ്പർ 36 ൽ തെരഞ്ഞെടുപ്പിൽ മത്സരിക്കാനാണ് ഇവർക്ക് അനുമതി ലഭിച്ചത്. നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി (ശരദ്ചന്ദ്ര പവാർ) സ്ഥാനാർഥിയാണ് ഇവർ.
1995-ൽ മഹാരാഷ്ട്ര മുനിസിപ്പൽ കോർപ്പറേഷനുകളും മുനിസിപ്പൽ കൗൺസിലുകളും, നഗർ പഞ്ചായത്തുകളും, ഇൻഡസ്ട്രിയൽ ടൗൺഷിപ്പുകളിലും രണ്ടാം ഭേദഗതി നിയമം നടപ്പിലാക്കുകയായിരുന്നു. ഇത്പ്രകാരം രണ്ടിൽ കൂടുതൽ കുട്ടികളുള്ള സ്ഥാനാർഥികൾക്ക് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് മത്സരിക്കാൻ കഴിയില്ല. നാല് കുട്ടികളുണ്ടെങ്കിലും പുഷ്പയുടെ അപേക്ഷ മുനിസിപ്പൽ തിരഞ്ഞെടുപ്പിൽ സാധുവായി കണക്കാക്കുകയായിരുന്നു. നിയമലംഘനത്തിനെതിരെ പ്രചാരണം ശക്തമാക്കുകയാണ് ബിജെപി.
നാമനിർദ്ദേശ പത്രിക സ്വീകരിച്ച ഉദ്യോഗസ്ഥരോട് വിശദീകരണം നൽകാൻ നാഗ്പൂർ മുനിസിപ്പൽ കമ്മീഷണറും ചീഫ് റിട്ടേണിംഗ് ഓഫീസറുമായ അഭിജിത് ചൗധരി ആവശ്യപ്പെട്ടു. തുടർനടപടികൾ സ്വീകരിക്കാൻ റിട്ടേണിംഗ് ഉദ്യോഗസ്ഥർക്ക് അധികാരമില്ലെന്നും പ്രതിപക്ഷ അംഗങ്ങൾ നടപടിക്കായി കോടതിയെ സമീപിക്കേണ്ടിവരുമെന്നും ചൗധരി വ്യക്തമാക്കി.
തൻ്റെ നാല് കുട്ടികളെക്കുറിച്ചുള്ള എല്ലാ വിവരങ്ങളും സത്യവാങ്മൂലത്തിൽ സമർപ്പിച്ചതായി പുഷ്പ വാഗ്മാരെ പറഞ്ഞു. രണ്ട് കുട്ടികൾ 2001 സെപ്റ്റംബർ 12 ന് ശേഷമാണ് ജനിച്ചത്. തനിക്ക് ശരിയായ ഉപദേശം ലഭിച്ചിരുന്നെങ്കിൽ,നാമനിർദ്ദേശ ഫോം സമർപ്പിക്കുമായിരുന്നില്ലെന്നും പുഷ്പ പറഞ്ഞു.
ഫോമുകൾ പരിശോധിക്കുന്നതിനും അപേക്ഷകൾ പിൻവലിക്കുന്നതിനുമുള്ള അവസാന തീയതി 2026 ജനുവരി രണ്ട് ആയിരുന്നു. 2026 ജനുവരി ആറിന് യോഗ്യതയുള്ള എല്ലാ സ്ഥാനാർത്ഥികളുടെയും സത്യവാങ്മൂലങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷൻ വെബ്സൈറ്റിൽ പോസ്റ്റ് ചെയ്തു. സമയപരിധി കഴിഞ്ഞതിനാൽ, പുഷ്പയുടെ സ്ഥാനാർത്ഥിത്വത്തെ എതിർക്കാൻ പ്രതിപക്ഷ പാർട്ടികളിലെ അംഗങ്ങൾക്ക് കഴിഞ്ഞില്ല. കാറ്ററിംഗ് ബിസിനസിലെ ചെറുകിട സംരംഭകയായ വാഗ്മാരെ, സാമൂഹിക പ്രവർത്തക കൂടിയാണ്.
2011ൽ, സൗത്ത് മുംബൈയിൽ നിന്നള്ള ഗുൽഷൻ ചൗഹാന്റെ നാമനിർദേശം നാല് കുട്ടികളുള്ളതിന്റെ പേരിൽ അയോഗ്യമാക്കപ്പെട്ടിരുന്നു. രണ്ടിൽ കൂടുതൽ കുട്ടികളുണ്ടാകാൻ പാടില്ലെങ്കിലും, ദത്തെടുക്കുന്ന കുട്ടികൾക്ക് പരിധിയില്ല. അവരുടെ നാല് കുട്ടികളിൽ രണ്ടുപേരെ സ്ഥാനാർഥിയുടെ സഹോദരി ദത്തെടുത്തതാണെന്നായിരുന്നു വാദം.
മുംബൈ, പൂനെ, പിംപ്രി-ചിഞ്ച്വാഡ് എന്നിവയുൾപ്പെടെ സംസ്ഥാനത്തെ 29 മുനിസിപ്പൽ കോർപ്പറേഷനുകളിലേക്കുള്ള വോട്ടെടുപ്പ് ജനുവരി 15 ന് നടക്കും, വോട്ടെണ്ണൽ ജനുവരി 16 ന് നടക്കും.
മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെയും കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെയും ജന്മനാടാണ് നാഗ്പൂർ. 2017 ലെ അവസാന തദ്ദേശ തെരഞ്ഞെടുപ്പ് വരെ, തുടർച്ചയായി മൂന്ന് തവണ ബിജെപിയായിരുന്നു നാഗ്പൂർ നഗരസഭ ഭരിച്ചത്. 38 പ്രഭാഗുകളിലായി 151 സീറ്റുകളിലേക്ക് നടന്ന നാഗ്പൂർ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിൽ സൂക്ഷ്മപരിശോധനയിൽ 80 ഫോമുകൾ നിരസിച്ചു.