പോണ്ടിച്ചേരി യൂനിവേഴ്‌സിറ്റിയിൽ വിദ്യാർഥികൾക്ക് നേരെ ലൈംഗിക അതിക്രമം; നിഷ്ക്രിയരായി അധികൃതർ ; പ്രതിഷേധവുമായി എസ്എഫ്ഐ
ഡോ. സി. മാധവയ്യക്കെതിരെ 10 ലധികം വിദ്യാർഥിനികളാണ് ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി നൽകിയിട്ടുള്ളത്
പോണ്ടിച്ചേരി: പോണ്ടിച്ചേരി സർവകലാശാലയിൽ വിദ്യാർഥികൾക്ക് നേരെയുണ്ടായ ലൈംഗിക അതിക്രമത്തിൽ അധികൃതരുടെ നിഷ്ക്രിയത്വത്തിനെതിരെ പ്രതിഷേധവുമായി എസ്എഫ്ഐ. സമാധാനപരമായ പ്രതിഷേധത്തെ പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തുന്ന നടപടിയാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് എസ്എഫ്ഐ ആരോപിച്ചു. പ്രതിഷേധത്തിനിടെ ആറ് പെൺകുട്ടികൾ ഉൾപ്പെടെ 24 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തു.
പോണ്ടിച്ചേരി സർവകലാശാലയിലെ കാരക്കൽ ബ്രാഞ്ച് മേധാവി പ്രൊഫസർ മാധവയ്യക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു എസ്എഫ്ഐയുടെ പ്രതിഷേധം. വിദ്യാർഥിനികൾക്കെതിരെ ലൈംഗിക അതിക്രമം നടത്തിയെന്ന പരാതിയിൽ സർവകലാശാലയുടെ ഇന്റേണൽ കംപ്ലയിന്റ്സ് കമ്മിറ്റി (ഐസിസി) ഉചിതമായ നടപടി സ്വീകരിക്കുന്നതിൽ പരാജയപ്പെട്ടുവെന്നും പ്രതിഷേധക്കാർ ആരോപിച്ചു. ഇരകളെ കുറ്റപ്പെടുത്തുകയും കുറ്റാരോപിതരെ സംരക്ഷിക്കുകയും ചെയ്യുന്ന നിലപാടാണ് അധികൃതരുടെ ഭാഗത്തു നിന്ന് ഉണ്ടായതെന്ന് വിദ്യാർത്ഥികൾ പറഞ്ഞു. 2015ലെ യുജിസി ചട്ടപ്രകാരം പരാതി രജിസ്റ്റർ ചെയ്ത് 90 ദിവസത്തിനകം വിചാരണ പൂർത്തിയാക്കണം എന്നാണ് വ്യവസ്ഥ. ഒരു വർഷം മുമ്പ് രജിസ്റ്റർ ചെയ്ത പരാതികൾ പോലും ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി (ICC) പരിഗണിക്കാതെ മുടങ്ങി കിടക്കുകയാണ്. പരാതി ലഭിച്ച ഫാക്കൽറ്റി അംഗങ്ങളും സുരക്ഷാ ഗാർഡുകളും ഇപ്പോഴും സർവകലാശാലയിൽ ജോലി തുടരുന്നുണ്ടെന്നും വിദ്യാർഥികൾ ആരോപിക്കുന്നു.
ഡോ. സി. മാധവയ്യക്കെതിരെ 10 ലധികം വിദ്യാർഥിനികളാണ് ലൈംഗിക അതിക്രമം നടത്തിയെന്ന് പരാതി നൽകിയിട്ടുള്ളത്. കരൈക്കൽ കാമ്പസിലെ ഒരു വിദ്യാർഥിനി ഇയാളിൽ നിന്ന് താൻ നേരിട്ട അക്രമങ്ങൾ വെളിപ്പെടുത്തുകയും ചെയ്തിട്ടുണ്ട്. ഇത്രയേറെ ആരോപണങ്ങൾ ഉയർന്നിട്ടും മാധവയ്യ ക്യാമ്പസിൽ ഇപ്പോഴും അധ്യാപനം തുടരുകയാണ്. ഡിപ്പാർട്ട്മെന്റ് ഓഫ് എർത്ത് സയൻസ് അധ്യാപകൻ ഡോ.ഷൈലേന്ദ്ര സിംഗിനെതിരെയും ലൈംഗികാരോപണം ഉയർന്നിട്ടുണ്ട്.
മൂന്ന് വിദ്യാർഥി പ്രതിനിധികളുമായി വൈസ് ചാൻസലർ പ്രൊഫ. പി. പ്രകാശ് ബാബു ചർച്ച നടത്തുമെന്നാണ് അധികൃതർ അറിയിച്ചിരുന്നത്. എന്നാൽ, ഡീൻ ഓഫ് സ്റ്റുഡന്റ് വെൽഫെയർ (DSW) മാത്രമാണ് ചർച്ചക്ക് എത്തിയത്. തുടർന്ന്, ചർച്ച ഫലം കാണാതെ പിരിയുകയായിരുന്നു. വൈസ് ചാൻസലർ, രജിസ്ട്രാർ, ഡീൻ എന്നിവർ ഇപ്പോഴും വിദ്യാർഥികളെ കാണാൻ തയ്യാറായിട്ടില്ലെന്നും വിദ്യാർത്ഥി പ്രതിനിധി മീഡിയ വൺ ഓൺലൈനോട് പറഞ്ഞു. പ്രതിഷേധത്തിനിടെ ആറ് പെൺകുട്ടികൾ ഉൾപ്പെടെ 24 വിദ്യാർഥികളെ പൊലീസ് കസ്റ്റഡിയിലെടുത്തതായും വിദ്യാർഥി പ്രതിനിധി മീഡിയവണിനോട് പ്രതികരിച്ചു.
ഇതിനിടെ കരൈക്കൽ കേസുമായി ബന്ധപ്പെട്ട് ഒരു ഓഡിയോ സന്ദേശം പുറത്ത് വന്നിട്ടുണ്ട്. ആരോപണങ്ങൾ ഒതുക്കി തീർക്കുന്നത് സംബന്ധിച്ചാണ് പുറത്തുവന്ന ഓഡിയോ സന്ദേശത്തിലുള്ളത്. എന്നാൽ, ഇത് പഴയ ഓഡിയോ സന്ദേശമാണ് എന്നാണ് അധികൃതരുടെ നിലപാട്. ഇരയുടെയും കുറ്റാരോപിതന്റെയും പങ്കാളിത്തത്തോടെ ഒരു സുതാര്യമായ അന്വേഷണം നടത്തണമെന്നാണ് വിദ്യാർഥികളുടെ ആവശ്യം.
നിഷ്ക്രിയമായ ഇന്റേണൽ കംപ്ലെയിന്റ്സ് കമ്മിറ്റി (ICC) പിരിച്ചുവിട്ട് 2015ലെ യുജിസി ചട്ടങ്ങൾക്കനുസരിച്ച് തെരഞ്ഞെടുക്കപ്പെട്ട മൂന്ന് വിദ്യാർഥി പ്രതിനിധികളെ ഉൾപ്പെടുത്തി പുതിയ കമ്മിറ്റി രൂപീകരിക്കുക. ലൈംഗിക അതിക്രമ ആരോപണം നേരിടുന്ന ഫാക്കൽറ്റി അംഗങ്ങൾക്കും മറ്റ് ജീവനക്കാർക്കും എതിരെ ഉടൻ ഭരണനടപടികൾ സ്വീകരിക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് എസ്എഫ്ഐ പ്രതിഷേധം നടത്തുന്നത്.