സെഡ് പ്ലസ് സുരക്ഷ വേണ്ട; കേന്ദ്രത്തിന്റെ 'കരുതൽ' നിരസിച്ച് ശരദ് പവാർ

സെഡ് പ്ലസ് സുരക്ഷയെക്കുറിച്ചും അതിന്റെ ഭാ​ഗമായ നിരീക്ഷണത്തെക്കുറിച്ചും അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു.

Update: 2024-08-30 10:25 GMT

മുംബൈ: കേന്ദ്ര സർക്കാർ അനുവദിച്ച സെഡ് പ്ലസ് സുരക്ഷ നിരസിച്ച് പ്രതിപക്ഷനിരയിലെ പ്രമുഖ നേതാവും എൻ.സി.പി (എസ്.പി) വിഭാ​ഗം അധ്യക്ഷനും മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയുമായ ശരദ് പവാർ. അതിസുരക്ഷ അനുവദിച്ച് രണ്ട് ദിവസത്തിനു ശേഷമാണ് ശരദ് പവാർ ഔദ്യോ​ഗികമായി നിലപാട് അറിയിച്ചത്. സെഡ് പ്ലസ് സുരക്ഷയെക്കുറിച്ചും അതിന്റെ ഭാ​ഗമായ നിരീക്ഷണത്തെക്കുറിച്ചും ആശങ്ക പ്രകടിപ്പിച്ച അദ്ദേഹം സംരക്ഷണം വേണ്ടെന്ന് വ്യക്തമാക്കി. ഇന്റലിജൻസ് ബ്യൂറോയുടെ റിപ്പോർട്ടിനെ തുടർന്നാണ് സുരക്ഷ കൂട്ടുന്നതെന്നായിരുന്നു കേന്ദ്ര സർക്കാർ വിശദീകരണം.

Advertising
Advertising

തനിക്ക് ഇത്തരമൊരു സുരക്ഷ അനുവദിക്കാനുള്ള കേന്ദ്ര നീക്കത്തിനു പിന്നിലുള്ള കാരണം അറിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. നഗര യാത്രയ്‌ക്കായി ഉപയോഗിക്കുന്ന കാർ മാറ്റാനും തൻ്റെ വാഹനത്തിനുള്ളിൽ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥർ ഉണ്ടാവണമെന്നുമുള്ള ശുപാർശകളും അദ്ദേഹം നിരസിച്ചു. 'മൂന്ന് നേതാക്കൾക്ക് സെഡ് പ്ലസ് സുരക്ഷ അനുവദിച്ചതായും അതിലൊരാൾ താനാണെന്നും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിലെ ഒരു ഉദ്യോ​ഗസ്ഥൻ എന്നോട് പറഞ്ഞിരുന്നു. ആരാണ് മറ്റ് രണ്ടുപേർ എന്ന് ചോദിച്ചപ്പോൾ, ആർ.എസ്.എസ് മേധാവി മോഹൻ ഭഗവതും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമാണ് അവരെന്ന് അദ്ദേഹം പറഞ്ഞു'- ശരദ് പവാർ പറഞ്ഞു.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ തന്നെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ കൈക്കലാക്കാനുള്ള ഒരു നീക്കമായിരിക്കാം ഇതെന്നും അദ്ദേഹം പരിഹസിച്ചു. തന്നെ നിരീക്ഷിക്കാനാണോ കൂടുതൽ സുരക്ഷയെന്ന സംശയവും അദ്ദേഹം പ്രകടിപ്പിച്ചു. സി.ആർ.പി.എഫിന്റെ 55 അം​ഗ സായുധ സംഘത്തെയാണ് പവാറിന്റെ സെഡ് പ്ലസ് സുരക്ഷയ്ക്കായി കേന്ദ്രം നിയോ​ഗിച്ചത്. വസതിയിലും യാത്രയിലും ഈ സംഘം അനുഗമിക്കുന്ന രീതിയിലായിരുന്നു സുരക്ഷ. ഭീഷണികൾ വിലയിരുത്താൻ ചേർന്ന യോ​ഗത്തിൽ വിവിധ കേന്ദ്ര ഏജൻസികളാണ് പവാറിന് ശക്തമായ സുരക്ഷ ശുപാർശ ചെയ്തതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.

അതേസമയം, ഒരു പ്രതിപക്ഷ നേതാവിന് അദ്ദേഹം ആവശ്യപ്പെടാതെ സെഡ് പ്ലസ് സുരക്ഷ നൽകാനുള്ള കേന്ദ്രത്തിൻ്റെ തീരുമാനത്തിൽ സംശയം ഉയർന്നിരുന്നു. ബി.ജെ.പിയെ പവാറും അദ്ദേഹം അവരെയും നിരന്തരം കടന്നാക്രമിക്കാറുണ്ടെന്നിരിക്കെയാണ് കേന്ദ്രത്തിന്റെ ഇത്തരമൊരു അപ്രതീക്ഷിത നീക്കം. സുരക്ഷ കൂട്ടി ജനങ്ങളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നത് കുറയ്ക്കാനാണ് കേന്ദ്രം ലക്ഷ്യമിടുന്നത് എന്നാണ് മഹാവികാസ് അഘാഡി നേതാക്കള്‍ പറയുന്നത്. കോൺഗ്രസിനെയും ശിവസേനയെയും ഒരുമിച്ച് നിർത്തി മഹാവികാസ് അഘാഡി സഖ്യം രൂപീകരിക്കുന്നതിൽ നിർണായക പങ്കുവഹിച്ച നേതാവാണ് ശരദ് പവാർ.

2019ലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ സോളാപൂരിൽ നടന്ന ഒരു റാലിയിൽ, മഹാരാഷ്ട്രയ്ക്ക് അദ്ദേഹം നൽകിയ സംഭാവനകളെക്കുറിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ചോദ്യങ്ങൾ ഉന്നയിച്ചിരുന്നു. ഈ വർഷം നടന്ന പൊതുതെരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി തന്നെ ശരദ് പവാറിനെതിരെ രംഗത്തെത്തിയിരുന്നു. അദ്ദേഹത്തെ അലഞ്ഞുതിരിയുന്ന ആത്മാവ് എന്നാണ് മോദി വിശേഷിപ്പിച്ചത്. ലോക്സഭാ തെരഞ്ഞെടുപ്പില്‍ എന്‍.ഡി.എ സംസ്ഥാനത്ത് പരാജയപ്പെടാനുള്ള കാരണവും ബി.ജെ.പി നേതാക്കളുടെ ഇത്തരത്തിലുള്ള പരാമര്‍ശങ്ങളാണെന്ന് വിലയിരുത്തലുണ്ടായിരുന്നു. 


Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News