മുംബൈ: എൻസിപി അധ്യക്ഷ സ്ഥാനത്തു നിന്നുമുള്ള മുതിർന്ന നേതാവും മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ശരദ് പവാറിന്റെ രാജി ഐകകണ്ഠ്യേന തള്ളി പാർട്ടി. ഇന്ന് മുംബൈയിൽ പാർട്ടിയുടെ ഉന്നത നേതാക്കളടങ്ങിയ പാനൽ യോഗം ചേർന്നാണ് രാജി തീരുമാനം നിരസിച്ചത്. സ്വയം തീകൊളുത്താനുള്ള ശ്രമം ഉൾപ്പെടെ പാർട്ടി പ്രവർത്തകരിൽ നിന്നുള്ള വൈകാരിക പ്രതിഷേധത്തിന്റെ പശ്ചാത്തലത്തിലാണ് തീരുമാനം.
തന്റെ പിൻഗാമിയെ തെരഞ്ഞെടുക്കാൻ ശരദ് പവാർ ചുമതലപ്പെടുത്തിയ 18 അംഗ സമിതി യോഗം ചേർന്നാണ് അദ്ദേഹം തന്നെ പാർട്ടി തലപ്പത്ത് തുടരണം എന്ന് തീരുമാനിച്ചത്. 1999ൽ താൻ തന്നെ സ്ഥാപിച്ച പാർട്ടിയുടെ തലവനായി തുടരുന്നതിനെക്കുറിച്ച് ചിന്തിക്കാൻ തനിക്ക് സമയം ആവശ്യമാണെന്ന് പവാർ സഹപ്രവർത്തകരോട് പറഞ്ഞു.
മുതിർന്ന എൻസിപി നേതാവ് പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിലുള്ള പാനലാണ് യോഗം ചേർന്നത്. മകൾ സുപ്രിയ സുലെയും അനന്തരവൻ അജിത് പവാറും പങ്കെടുത്ത യോഗത്തിൽ എല്ലാവരും ശരദ് പവാർ തന്നെ അധ്യക്ഷ സ്ഥാനത്ത് തുടരണം എന്ന് അറിയിക്കുകയായിരുന്നു.
'ഇന്നത്തെ യോഗത്തിൽ കമ്മിറ്റി ഐകകണ്‌ഠേന പ്രമേയം പാസാക്കി. ദേശീയ അധ്യക്ഷനായി ശരദ് പവാർ തന്നെ തുടരണമെന്ന് പ്രമേയത്തിൽ ആവശ്യപ്പെടുന്നു. പ്രസിഡന്റ് സ്ഥാനത്ത് നിന്ന് മാറാനുള്ള അദ്ദേഹത്തിന്റെ തീരുമാനത്തെ എല്ലാവരും ഒറ്റക്കെട്ടായി എതിർത്തു'- പ്രഫുൽ പട്ടേൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.
'ശരദ് പവാർ പാർട്ടി അധ്യക്ഷനായി തുടരണമെന്ന് ഞങ്ങൾ എല്ലാവരും ആഗ്രഹിക്കുന്നു. ലക്ഷക്കണക്കിന് ആളുകളുടെ വികാരങ്ങളെ അദ്ദേഹം മാനിക്കണം, അദ്ദേഹം പ്രസിഡന്റായി തുടരണം. കമ്മറ്റി തീരുമാനത്തെക്കുറിച്ച് ഞങ്ങൾ അദ്ദേഹത്തെ അറിയിച്ചു, അതിനെക്കുറിച്ച് ചിന്തിക്കാൻ കുറച്ച് സമയം ആവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു'- പട്ടേൽ വ്യക്തമാക്കി.
എൻസിപി യുവജന വിഭാഗം മുംബൈ ഘടകവും പാർട്ടി അധ്യക്ഷനായി ശരദ് പവാറിനെ വീണ്ടും നിയമിക്കാനുള്ള പ്രമേയം പാസാക്കുകയും ഭാവി നടപടി തീരുമാനിക്കാൻ നിയോഗിച്ച സമിതിക്ക് അയയ്ക്കുകയും ചെയ്തു. അതേസമയം, പവാറിന്റെ രാജി തീരുമാനം തള്ളുകയും വീണ്ടും തുടരാൻ ആവശ്യപ്പെടുകയും ചെയ്ത പാർട്ടി തീരുമാനത്തിൽ ആസ്ഥാനത്തിനു പുറത്ത് ആഹ്ലാദം പ്രകടിപ്പിച്ച് പ്രവർത്തകർ രംഗത്തെത്തി.
രാജിക്കു പിന്നാലെ സ്വയം തീകൊളുത്തൽ ഭീഷണി വരെ മുഴക്കിയ എൻസിപി പ്രവർത്തകർ പാർട്ടിയുടെ പുതിയ തീരുമാനം പടക്കം പൊട്ടിച്ചും പൂക്കൾ വിതറിയും ബാൻഡ് കൊട്ടിയും ആഘോഷിക്കുകയും ആഹ്ലാദ നൃത്തം ചവിട്ടുകയും ചെയ്തു. രാജി പിൻവലിക്കാൻ അവർ പവാറിനോട് വീണ്ടും അഭ്യർഥിക്കുകയും ചെയ്തു. എൻസിപി അധ്യക്ഷനായി തുടരാൻ മറ്റ് രാഷ്ട്രീയ പാർട്ടി നേതാക്കളും പവാറിനോട് അഭ്യർഥിച്ച കാര്യവും പട്ടേൽ ചൂണ്ടിക്കാട്ടി.
പാർട്ടി അധ്യക്ഷ സ്ഥാനം രാജിവച്ച മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ശരദ് പവാറിനോട് തീരുമാനം പുനഃപരിശോധിക്കാൻ അഭ്യർഥിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ രംഗത്തെത്തിയിരുന്നു. രാജിവച്ച തീരുമാനം പുനഃപരിശോധിക്കണമെന്നും വീണ്ടും എൻസിപിയെ നയിക്കണം എന്നുമാണ് ട്വീറ്റിലൂടെ സ്റ്റാലിൻ ആവശ്യപ്പെട്ടത്. ലോക്സഭാ തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന സാഹചര്യത്തിൽ പാർട്ടി നേതൃത്വ സ്ഥാനത്തേക്ക് തിരിച്ചെത്തണമെന്നും സ്റ്റാലിൻ ആവശ്യപ്പെട്ടു.
2024ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായി പ്രതിപക്ഷ നേതാക്കളെ ഒന്നിപ്പിക്കാൻ പ്രവർത്തിക്കുന്ന ശരദ് പവാറിനെ വിളിച്ച് വിവിധ പ്രതിപക്ഷ നേതാക്കൾ സംസാരിക്കുകയും ചെയ്തിരുന്നു. ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല, ഡിഎംകെ നേതാവും തമിഴ്നാട് മുഖ്യമന്ത്രിയുമായ എം.കെ സ്റ്റാലിൻ, സിപിഎം നേതാവ് സീതാറാം യെച്ചൂരി, ആംആദ്മി പാർട്ടി നേതാവ് സഞ്ജയ് സിങ്, സിപിഐ നേതാവ് ഡി രാജ തുടങ്ങിയ പ്രമുഖ നേതാക്കളാണ് അദ്ദേഹവുമായി സംസാരിച്ചത്.
ചൊവ്വാഴ്ച തന്റെ ഓർമക്കുറിപ്പുകളുടെ പ്രകാശന വേളയിലാണ് ശരദ് പവാർ അധ്യക്ഷ സ്ഥാനത്തു നിന്നും അപ്രതീക്ഷിത രാജി പ്രഖ്യാപനം നടത്തിയത്. രാജ്യത്തെ പ്രതിപക്ഷനിരയിലെ മുതിർന്ന നേതാവായ ശരദ് പവാർ രണ്ട് പതിറ്റാണ്ടിനു മുമ്പ് അദ്ദേഹം തന്നെ രൂപീകരിക്കുകയും നയിച്ചുപോരുകയും ചെയ്ത പാർട്ടിയുടെ മേധാവിസ്ഥാനത്തു നിന്നും രാജിവച്ചത് അണികളേയും പാർട്ടി- പ്രതിപക്ഷ നേതാക്കളേയും ഞെട്ടിച്ചിരുന്നു.
മൂന്ന് ദിവസത്തിനുള്ളിൽ മകൾ സുപ്രിയ സുലെ അദ്ദേഹത്തിന്റെ റോൾ ഏറ്റെടുക്കുമെന്നും അജിത് പവാർ സംസ്ഥാനത്തെ പ്രധാന പാർട്ടിയുടെ മുഖം ആയിരിക്കുമെന്നുമുള്ള അഭ്യൂഹങ്ങൾ ഉയർന്നതിനിനിടെയാണ് രാജി തള്ളാനുള്ള പാർട്ടിയുടെ ഐക്യതീരുമാനം.