തരൂരും കോൺഗ്രസ് നേതൃത്വവും തമ്മിൽ താത്കാലിക വെടിനിർത്തൽ ധാരണ; പാർട്ടിയുമായി സംയമനം പാലിക്കും
വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പാർട്ടി വിമർശനത്തിൽ തരൂർ സംയമനം പാലിച്ചു
ഡൽഹി: ശശി തരൂർ എംപിയും കോൺഗ്രസ് നേതൃത്വവും തമ്മിൽ താത്കാലിക വെടിനിർത്തൽ ധാരണ. വിദേശത്ത് നിന്ന് മടങ്ങിയെത്തിയ ശേഷം പാർട്ടി വിമർശനത്തിൽ തരൂർ സംയമനം പാലിച്ചു. സമൂഹ്യമാധ്യമങ്ങളിൽ കൂടിപ്പോലും തരൂരിനെ വിമർശിക്കേണ്ട എന്നാണ് ഹൈക്കമാൻഡ് തീരുമാനം.
ഓപറേഷൻ സിന്ദൂറുമായി ബന്ധപെട്ട എല്ലാ കേന്ദ്രനടപടികൾക്കും പിന്തുണ പ്രഖ്യാപിച്ച ശശി തരൂർ കോൺഗ്രസ് നിലപാടിനോട് 2 ദിവസം മുൻപ് വരെ വിയോജിപ്പ് ആയിരുന്നു. ഇന്ത്യാ-പാക് വെടിനിർത്തലിൽ അമേരിക്കയുടെ റോൾ എന്താണെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നിരന്തരം കേന്ദ്രത്തോട് ചോദിക്കുകയാണ്. മൂന്നാമത് രാജ്യത്തിന് പങ്കില്ലെന്ന് മറുപടി പറഞ്ഞത് തരൂരാണ്.
ഓപറേഷൻ സിന്ദൂർ വിശദീകരിക്കാവായി പ്രത്യേക പാർലമെൻ്റ് സമ്മേളനം വിളിച്ചുചേർക്കണമെന്ന കോൺഗ്രസിൻ്റെ ആവശ്യം ശശി തരൂർ ഏറ്റ്പിടിച്ചിട്ടില്ല എന്നതും ശ്രദ്ധേയം. കോൺഗ്രസിൻ്റെ പരമോന്നത സമിതി അംഗമായിട്ട് പോലും അതൊന്നും പരിഗണിക്കാതെ ഉദിത് രാജ്,പവൻ ഖേഡ,ജയറാം രമേശ് എന്നിവർ തരൂരിനെ പരസ്യമായിവിമർഗിച്ചിരുന്നു.
ഈ അവഗണനയും കുറ്റപ്പെടുത്തലും തുടർന്നാൽ പാർട്ടി വിടാൻ തന്നെ തരൂർ ഒരുങ്ങിയതാണ്.എന്നാൽ തരൂർ കോൺഗ്രസിൽ നിന്നും രാജിവച്ചാൽ മതേതര ചേരിയെ ദുർബലപ്പെടുത്തുമെന്ന് സുഹൃത്തുക്കളും അക്കാദമീഷ്യന്മാരും തരൂരിനെ ഉപദേശിച്ചിരുന്നു.യുകെ, റഷ്യ എന്നീ രാജ്യങ്ങളിലെ പരിപാടികളിൽ പങ്കെടുത്തശേഷം 18ന് മടങ്ങിയെത്തും. അത് വരെയാണ് അനാക്രമണ സന്ധി.