'സിനിമ നിരോധിക്കേണ്ടതില്ല, യാഥാർഥ്യത്തിന് നിരക്കാത്തതാണെന്ന് പറയാൻ മലയാളികള്‍ക്ക് അവകാശമുണ്ട്'; ശശി തരൂർ

ചിത്രത്തിന് പ്രദർശനാനുമതി നൽകരുതെന്നായിരുന്നു വി.ഡി സതീശൻ കഴിഞ്ഞദിവസം ആവശ്യപ്പെട്ടത്

Update: 2023-05-01 11:48 GMT
Editor : Lissy P | By : Web Desk
Advertising

ന്യൂഡൽഹി: 'ദി കേരള സ്റ്റോറി'ക്കെതിരെ വീണ്ടും കോൺഗ്രസ് എം.പി ശശി തരൂർ. അത് നിങ്ങളുടെ കേരളത്തിന്റെ കഥയായിരിക്കാം,ഞങ്ങളുടെ കേരളത്തിന്റെ കഥയല്ലെന്ന് അദ്ദേഹം ഞായറാഴ്ച ട്വീറ്റ് ചെയ്തിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്തുകയാണെന്ന് പറഞ്ഞാണ് പുതിയ ട്വീറ്റ്.

'സിനിമ നിരോധിക്കണമെന്ന് ഞാൻ ആവശ്യപ്പെടുന്നില്ല. ഉള്ളടക്കം ദുരുയോഗം ചെയ്യപ്പെടുമെന്നതുകൊണ്ട് മാത്രം ആവിഷ്‌കാര സ്വാതന്ത്ര്യത്തിന് വിലയില്ലാത്തതായി തീരുന്നില്ല. എന്നാൽ ഇതിന് യാഥാർഥ്യവുമായി ബന്ധവുമില്ലെന്ന് ഉറക്കെ പറയാൻ എല്ലാ അവകാശവും കേരളീയർക്കുണ്ട്' ..തരൂർ ട്വീറ്റ് ചെയ്തു.

സംസ്ഥാനത്ത് നിന്ന് 32,000 പെൺകുട്ടികൾ കാണാതാകുകയും പിന്നീട് ഭീകര സംഘടനയായ ഐ.എസിൽ ചേരുകയും ചെയ്തുവെന്നാണ് ചിത്രം പറയുന്നത്. സുദീപ്തോ സെൻ സംവിധാനം ചെയ്ത് വിപുൽ അമൃത്‌ലാൽ ഷാ നിർമ്മിച്ച ചിത്രം 2023 മെയ് 5 ന് തിയേറ്ററുകളിൽ എത്തും. ചിത്രത്തിനെതിരെ വ്യാപക പ്രതിഷേധമാണുയരുന്നത്. സിനിമ ബഹിഷ്‌കരിക്കണമെന്നും പ്രദർശനാനുമതി നൽകരുതെന്നും ആവശ്യപ്പെട്ട് നിരവധി സംഘടനകൾ രംഗത്തെത്തിയിട്ടുണ്ട്.

 കേരളത്തിലെ 32,000 സ്ത്രീകൾ മതംമാറി ഇസ്ലാമിക് സ്റ്റേറ്റിൽ അംഗങ്ങളായി എന്ന വ്യാജേനയുള്ള 'ദി കേരള സ്റ്റോറി'ക്ക് പ്രദർശനാനുമതി  നൽകരുതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആവശ്യപ്പെട്ടിട്ടുണ്ട്. സിനിമ എന്താണ് പറയാൻ ഉദ്ദേശിക്കുന്നതെന്ന് ട്രെയിലറിൽനിന്ന് വ്യക്തമാണെന്നും വി.ഡി സതീശൻ ഫേസ്ബുക്കിൽ കുറിച്ചു. സംഘപരിവാറിന്റെ അജണ്ട നടപ്പാക്കാനും ന്യൂനപക്ഷ വിഭാഗങ്ങൾക്ക് മേൽ സംശയത്തിന്റെ നിഴൽ വീഴ്ത്തി സാമൂഹിക ഭിന്നത സൃഷ്ടിക്കാനുമുള്ള ശ്രമത്തിന്റെ ഭാഗമാണ് സിനിമയെന്നും അദ്ദേഹം ആരോപിച്ചു. 

ദി കേരള സ്റ്റോറിക്കെതിരെ മുസ്‍ലിം ലീഗ് നിയമ നടപടി സ്വീകരിക്കുമെന്ന് മുസ്‍ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പറഞ്ഞിരുന്നു.

ലവ് ജിഹാദ് പ്രമേയക്കമായി നിർമിക്കുന്ന 'ദ കേരള സ്റ്റോറി' കേരളീയ സമൂഹത്തിൽ വിഭാഗീയത സൃഷ്ടിച്ച് നേട്ടം കൊയ്യാനുള്ള സംഘപരിവാർ നീക്കത്തിന്റെ ഭാഗമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പ്രതികരിച്ചിരുന്നു. വർഗീയ ധ്രുവീകരണം ലക്ഷ്യമിട്ടും കേരളത്തിനെതിരെ വിദ്വേഷപ്രചാരണം ലാക്കാക്കിയും ആസൂത്രിതമായി നിർമിച്ചതെന്ന് ഒറ്റനോട്ടത്തിൽ വ്യക്തമാവുന്നതാണ് സിനിമ. കേരളത്തിൽ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാൻ സംഘപരിവാർ നടത്തുന്ന വിവിധ ശ്രമങ്ങളുടെ പശ്ചാത്തലത്തിൽ വേണം പ്രൊപഗൻഡ സിനിമകളെയും അതിലെ മുസ്ലിം അപരവൽക്കരണത്തേയും കാണാനെന്നും മുഖ്യമന്ത്രി പറഞ്ഞു.


Tags:    

Writer - Lissy P

Web Journalist, MediaOne

Editor - Lissy P

Web Journalist, MediaOne

By - Web Desk

contributor

Similar News