ഡ്രൈവർക്ക് ഹൃദയാഘാതം; ശിവസേന സ്ഥാനാർഥി സഞ്ചരിച്ച കാർ നിയന്ത്രണംവിട്ട് പാഞ്ഞുകയറി നാല് മരണം

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവുകയായിരുന്നു നേതാക്കൾ.

Update: 2025-11-22 05:49 GMT

മുംബൈ: മഹാരാഷ്ട്രയിൽ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ശിവസേന നേതാവ് സഞ്ചരിച്ചിരുന്ന കാറിന്റെ ഡ്രൈവർക്ക് ഹൃദയാഘാതമുണ്ടായതോടെ അപകടം. വാഹനം മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറി നാല് പേർക്ക് ദാരുണാന്ത്യം. നാല് പേർക്ക് പരിക്കേറ്റു. താനെയിലെ അംബർനാഥ് മേൽപ്പാലത്തിൽ വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്.

മഹാരാഷ്ട്രയിൽ വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിലേക്കുള്ള ശിവസേന വനിതാ സ്ഥാനാർഥിയായ കിരൺ ചൗബെ സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഭുവപാഡ പ്രദേശത്തേക്ക് പോവുകയായിരുന്നു നേതാക്കൾ. വാഹനം ഓടിക്കുന്നതിനിടെ ഡ്രൈവർ ലക്ഷ്മൺ ഷിൻഡേയ്ക്ക് ഹൃദയാഘാതമുണ്ടാവുകയായിരുന്നു. ഇതോടെ കാർ നിയന്ത്രണംവിട്ട് ഡിവൈഡർ തകർത്ത് എതിർദിശയിൽ വന്ന ബൈക്കുകളെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.

Advertising
Advertising

അപകടത്തിൽ ഡ്രൈവർ ലക്ഷ്മൺ ഷിൻഡെ, മുനിസിപ്പൽ കൗൺസിൽ ജീവനക്കാരായ ചന്ദ്രകാന്ത് അനാർകെ (57), ഷൈലേഷ് ജാദവ് (47), നാട്ടുകാരൻ സുമിത് ചെലാനി (17) എന്നിവരാണ് മരിച്ചത്. ഇതിൽ ഡ്രൈവറും ജാദവും ചെലാനിയും തത്ക്ഷണവും അനാർകെ ആശുപത്രിയിലുമാണ് മരിച്ചത്. അപകടത്തിൽ ​ഗുരുതരമായി പരിക്കേറ്റ ചന്ദ്രകാന്തിനെ ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും‍ ജീവൻ രക്ഷിക്കാനായില്ല.

ഇടിയുടെ ആഘാതത്തിൽ ജാദവിനൊപ്പം ബൈക്കിലുണ്ടായിരുന്ന അനാർക്കെ പാലത്തിൽ നിന്ന് താഴേക്ക് തെറിച്ചുവീണു. കിരൺ ചൗബേ, സഹായികളായ അമിത് ചൗഹാൻ, അഭിഷേക് ചൗഹാൻ എന്നിവരടക്കമുള്ളവർക്കാണ് പരിക്കേറ്റത്. കാറിന്റെ ​ഗ്ലാസ് തകർത്താണ് നാട്ടുകാർ കിരൺ ചൗബെയെ പുറത്തെടുത്തത്. തുടർന്ന് അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരടക്കം പരിക്കേറ്റ നാലുപേരും ആശുപത്രിയിൽ ചികിത്സയിലാണ്.

ഡ്രൈവർ പെട്ടെന്ന് പെട്ടെന്ന് നിശ്ചലനാവുകയും എന്താണ് സംഭവിക്കുന്നതെന്ന് മനസിലാകുംമുമ്പ് വാഹനം അതിവേഗത്തിൽ നിയന്ത്രണം വിട്ട് മറ്റ് വാഹനങ്ങളിലേക്ക് ഇടിച്ചുകയറുകയായിരുന്നെന്നും ചൗബെ പറഞ്ഞു. സംഭവത്തിൽ പൊലീസ് കേസെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. ദൃക്സാക്ഷികളുടെ മൊഴിയെടുക്കുകയും സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുകയും ചെയ്യുന്നുണ്ട്. ഡ‍ിസംബർ രണ്ടിന് നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ അംബർനാഥ് മുനിസിപ്പൽ കൗൺസിലിലേക്കാണ് ചൗബെ മത്സരിക്കുന്നത്. 




Tags:    

Writer - ഷിയാസ് ബിന്‍ ഫരീദ്

contributor

Editor - ഷിയാസ് ബിന്‍ ഫരീദ്

contributor

By - Web Desk

contributor

Similar News