'മുരുഗ മഠത്തിൽ മൂന്നര വർഷം പീഡനം; ശിവമൂർത്തിക്ക് കുട്ടികളെ കാഴ്ചവച്ചത് ഹോസ്റ്റൽ വാർഡൻ'- ഗുരുതര ആരോപണങ്ങൾ

അറസ്റ്റിനു പിന്നാലെ നെഞ്ചുവേദനയെ തുടർന്ന് മുരുഗ മഠാധിപതി ശിവമൂര്‍ത്തി ശരനരുവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു

Update: 2022-09-02 16:27 GMT
Editor : Shaheer | By : Web Desk
Advertising

ബംഗളൂരു: പട്ടികജാതി വിഭാഗക്കാരായ രണ്ട് പെൺകുട്ടികളെ മഠത്തിൽ മൂന്നര വർഷത്തോളം പീഡിപ്പിച്ച കേസിലാണ് ലിംഗായത്ത് സന്ന്യാസിയായ ശിവമൂർത്തി മുരുഗ ശരനരു ഇന്ന് അറസ്റ്റിലായത്. കർണാടകയിലെ ലിംഗായത്ത് സമുദായത്തിന്റെ പ്രധാന ആത്മീയകേന്ദ്രമാണ് ചിത്രദുർഗ നഗരത്തിലെ മുരുഗ മഠം. മഠത്തിന്റെ അധിപതിയാണ് മുരുഗ ശരനരു.

ഹോസ്റ്റലിൽനിന്ന് രക്ഷപ്പെട്ട് എൻ.ജി.ഒയ്ക്കു മുൻപിൽ വെളിപ്പെടുത്തൽ

മഠത്തിനു കീഴിലുള്ള സ്‌കൂളിൽ പഠിക്കുന്ന 145ഉം 16ഉം വയസുള്ള രണ്ട് വിദ്യാർത്ഥിനികളെ മുരുഗ ശരനരു വർഷങ്ങളായി പീഡിപ്പിച്ചുവരുന്നുവെന്നാണ് പരാതി. കഴിഞ്ഞ ജൂലൈയിൽ സ്‌കൂൾ ഹോസ്റ്റലിൽനിന്ന് രക്ഷപ്പെട്ട വിദ്യാർത്ഥിനികൾ മൈസൂരുവിലെത്തി ഒരു എൻ.ജി.ഒയെ സമീപിക്കുകയായിരുന്നു. സംഘത്തോട് കുട്ടികൾ വിവരങ്ങളെല്ലാം തുറന്നുപറഞ്ഞു. തുടർന്ന് ആഗസ്റ്റ് 26നാണ് എൻ.ജി.ഒ പൊലീസിൽ പരാതി നൽകിയത്.

ആഗസ്റ്റ് 30ന് ജുഡീഷ്യൽ മജിസ്‌ട്രേറ്റിനുമുൻപാകെ കുട്ടികളുടെ മൊഴിരേഖപ്പെടുത്തി. ഇതാണ് പീഡനപരാതിയിലെ പ്രധാന തെളിവായി കണക്കാക്കുന്നത്. സ്‌കൂൾ ഹോസ്റ്റൽ വാർഡനായ രശ്മിയാണ് കുട്ടികളെ ശിവമൂർത്തി ശരനരുവിനുമുൻപിൽ കാഴ്ചവച്ചിരുന്നതും കുട്ടികളെ സ്ഥിരമായി എത്തിച്ചുകൊടുത്തിരുന്നതുമെന്നാണ് പരാതിയിലുള്ളത്. ഇവരെ കർണാടക പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സി.ആർ.പി.സി 164-ാം വകുപ്പു പ്രകാരമാണ് രശ്മിക്കെതിരെ കേസെടുത്തിരിക്കുന്നത്.

നിലപാടെടുക്കാതെ സർക്കാരും പ്രതിപക്ഷവും

പീഡന പരാതി ഉയർന്നതിനു പിന്നാലെ ശരനരുവിനും മറ്റു പ്രതികൾക്കുമെതിരെ നടപടി ആവശ്യപ്പെട്ട് കടുത്ത പ്രതിഷേധമാണ് ചിത്രദുർഗയിലും ബംഗളൂരുവിന്റെ വിവിധ ഭാഗങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ നടന്നത്. കടുത്ത പ്രതിഷേധത്തിനൊടുവിലാണ് വൻ സുരക്ഷാസന്നാഹങ്ങളോടെ മഠത്തിൽനിന്ന് ശിവമൂർത്തി ശരനരുവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. കേസിൽ ഇയാൾ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നെങ്കിലും കോടതി പരിഗണിക്കുന്നതിനു തനേന്നാൾ തന്നെ അറസ്റ്റ് നടന്നു.

കഴിഞ്ഞ ദിവസം ശരനരു മാധ്യമങ്ങൾക്കുമുൻപിലെത്തിയിരുന്നു. താൻ നിരപരാധിയാണെന്നാണ് അദ്ദേഹം മാധ്യമങ്ങൾക്കുമുൻപിൽ വ്യക്തമാക്കിയത്. കോടതിയിൽ നിരപരാധിത്വം തെളിയിക്കാനാകുമെന്ന ആത്മവിശ്വാസവും ശരനരു രേഖപ്പെടുത്തി. കാലങ്ങളായുള്ള ഒരു ഗൂഢാലോചനയുടെ ഭാഗമാണ് കേസെന്നാണ് മഠാധിപതിയുടെ വിശദീകരണം.

അതേസമയം, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഭയന്ന് സർക്കാരും പ്രതിപക്ഷവും വിഷയത്തിൽ പരസ്യമായി നിലപാടെടുത്തിട്ടില്ല. വൻജനരോഷത്തിനിടയിലും പ്രതിപക്ഷം വിഷയം ഏറ്റെടുത്തിട്ടില്ല. സംസ്ഥാന ജനസംഖ്യയുടെ 16 ശതമാനം വരുന്ന ലിംഗായത്ത് വോട്ട് 100 മണ്ഡലങ്ങളുടെ വിധി നിർണയിക്കാൻ ശേഷിയുള്ളതാണെന്നാണ് കരുതപ്പെടുന്നത്. മുൻ മുഖ്യമന്ത്രിയും ലിംഗായത്ത് നേതാവുമായ ബി.എസ് യെദ്യൂരപ്പയാണ് ശിവമൂർത്തി ശരനരുവിനെ ആദ്യമായി പിന്തുണച്ച് രംഗത്തെത്തിയ നേതാവ്.

ശരനരുവിനെ ഈ മാസം അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ജാമ്യാപേക്ഷ തള്ളിയാണ് കോടതി മൂന്നു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയിൽ വിട്ടത്. നേരത്തെ നെഞ്ചുവേദനയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങൾ തടയൽ(പോക്സോ) ആക്ട്, പട്ടികജാതി-പട്ടികവർഗ(അതിക്രമങ്ങൾ തടയൽ) നിയമം എന്നിവ പ്രകാരമാണ് ശരനരുവിനെതിരെ കേസെടുത്തിരിക്കുന്നത്.

Summary: Serious allegations of sexual assault on minor girls raised against Shivamurthy Murugha Sharanaru, the chief pontiff of the Murugha mutt in Chitradurga 

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News