''രണ്ടു വർഷത്തെ യാതന വിവരിക്കാനാകില്ല; പിന്തുണച്ച എല്ലാവര്‍ക്കും നന്ദി''-സിദ്ദീഖ് കാപ്പന്റെ ഭാര്യ റൈഹാന

ജാമ്യം ലഭിച്ച ശേഷം ആറാഴ്ച സിദ്ദീഖ് കാപ്പന്‍ ഡൽഹിയിൽ കഴിയണം. എല്ലാ തിങ്കളാഴ്ചയും നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പിന്നീട് ജന്മനാട്ടിലേക്ക് പോകാം

Update: 2022-09-09 10:52 GMT
Editor : Shaheer | By : Web Desk
Advertising

ന്യൂഡൽഹി: മലയാളി മാധ്യമപ്രവർത്തകൻ സിദ്ദീഖ് കാപ്പന് സുപ്രിംകോടതി ജാമ്യം ലഭിച്ചതിനു പിന്നാലെ 'മീഡിയവണി'നോട് പ്രതികരിച്ച് ഭാര്യ റൈഹാനത്ത്. രണ്ടു വർഷം സിദ്ദീഖും കുടുംബവും അനുഭവിച്ച യാതനകൾ വിവരിക്കാനാകാത്തതാണെന്ന് റൈഹാനത്ത് പറഞ്ഞു. പിന്തുണച്ച മുഴുവൻ മനുഷ്യര്‍ക്കും നന്ദിയുണ്ടെന്നും അവർ പറഞ്ഞു.

''നന്ദിയുണ്ട്. രണ്ടു വർഷമായി ഒരു സാധാരണ മാധ്യമപ്രവർത്തകൻ അനുഭവിച്ച യാതനകളും വിഷയങ്ങളും കുടുംബം അനുഭവിച്ച പ്രശ്‌നങ്ങളൊന്നും ഒരു സമയം കൊണ്ട് വിവരിക്കാൻ പറ്റാത്തതാണ്. രണ്ടു വർഷം പിടിച്ചിട്ടുവെന്നത് നിസ്സാര കാര്യമല്ല. ഇപ്പോൾ ജാമ്യം കിട്ടിയതിൽ സന്തോഷമുണ്ട്.''-റൈഹാനത്ത് പറഞ്ഞു.

ഇ.ഡി കേസിൽ ജാമ്യത്തിന് അപേക്ഷിച്ചിട്ടുണ്ട്. വെറും 45,000 രൂപയ്ക്കു വേണ്ടിയാണ് ഒരു മനുഷ്യനെതിരെ ഇ.ഡി കേസും യു.എ.പി.എയും എല്ലാം ഇട്ടിട്ടുള്ളത്. മാധ്യമപ്രവർത്തകർ എന്റെ കൂടെയുണ്ടായിട്ടുണ്ട്. കെ.യു.ഡബ്ല്യു.ജെ, മുതിർന്ന മാധ്യമപ്രവർത്തകർ, ഐക്യദാർഢ്യസമിതി, എന്റെ നാട്ടുകാർ, രാഷ്ട്രീയ നേതാക്കന്മാർ... പറഞ്ഞറിയിക്കാൻ കഴിയാത്ത അത്രയും ആളുകൾ പിന്തുണ നൽകിയിട്ടുണ്ട്. മനുഷ്യത്വമുള്ള മനുഷ്യരെല്ലാം പിന്തുണച്ചിട്ടുണ്ടെന്നും റൈഹാനത്ത് കൂട്ടിച്ചേർത്തു.

Full View

ഹാഥ്റസിൽ കലാപം സൃഷ്ടിക്കാൻ ശ്രമിച്ചുവെന്നാരോപിച്ചാണ് യു.പി പൊലീസ് കാപ്പനെ യു.എ.പി.എ ചുമത്തി അറസ്റ്റ് ചെയ്തത്. അലഹബാദ് ഹൈക്കോടതി നേരത്തെ കാപ്പന് ജാമ്യം നിഷേധിച്ചിരുന്നു. ഇതേ തുടർന്നാണ് ജാമ്യം തേടി ഭാര്യ സുപ്രിംകോടതിയെ സമീപിച്ചത്. ഉപാധികളോടെയാണ് കോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. ജാമ്യം ലഭിച്ച ശേഷം ആറാഴ്ച ഡൽഹിയിൽ കഴിയണം. എല്ലാ തിങ്കളാഴ്ചയും ഡൽഹിയിലെ നിസാമുദ്ദീൻ പൊലീസ് സ്റ്റേഷനിൽ ഹാജരാകണം. പിന്നീട് ജന്മനാട്ടിലേക്ക് പോകാം. അവിടെയും പ്രാദേശിക പൊലീസ് സ്റ്റേഷനിൽ ഹാജകാരണം. പാസ്‌പോർട്ട് വിചാരണാ കോടതിയിൽ സമർപ്പിക്കാനും കോടതി ആവശ്യപ്പെട്ടിട്ടുണ്ട്.

Summary: "The suffering of two years is intense; Thank you to everyone who supported'', says Siddique Kappan's wife Raihana

Tags:    

Writer - Shaheer

contributor

Editor - Shaheer

contributor

By - Web Desk

contributor

Similar News