നാടുകടത്തപ്പെട്ടവരെ​ തലപ്പാവ്​ ധരിക്കാൻ അനുവദിച്ചില്ല; യുഎസിനെതിരെ സിഖ്​ നേതാക്കൾ

‘ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദേശകാര്യ മന്ത്രാലയം ഇടപെടണം’

Update: 2025-02-17 09:27 GMT

ന്യൂഡൽഹി: അമേരിക്കയിൽ അനധികൃത കുടിയേറ്റത്തിന്​ പിടിയിലായി നാടുകടത്തപ്പെട്ട സിഖുകാരെ തലപ്പാവ്​ ധരിക്കാൻ അനുവദിച്ചില്ലെന്ന്​ ​ആക്ഷേപം. ഇതിനെതിരെ ശിരോമണി ഗുരുദ്വാര പർബന്ധക് കമ്മിറ്റി (എസ്‌ജിപിസി) അടക്കം രംഗത്തുവന്നു. തലപ്പാവില്ലാതെ അമൃത്​സർ വിമാനത്താവളത്തിൽ ഇറങ്ങിയ സിഖുകാരുടെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്​. തലപ്പാവ് ധരിക്കാതെ നിരവധി പേർ തറയിൽ ഇരിക്കുന്നത് വിഡിയോയിൽ കാണാം.

തങ്ങളെ തലപ്പാവ്​ ധരിക്കാൻ അനുവദിച്ചില്ലെന്ന്​ ഫെബ്രുരി 15ന്​ യുഎസ്​ സൈനിക വിമാനത്തിൽ വന്നിറങ്ങിയയാൾ പറഞ്ഞു. യുഎസ് അധികൃതരുടെ നടപടിയെ എസ്‌ജിപിസി ശക്തമായി അപലപിച്ചു. അമൃത്സർ വിമാനത്താവളത്തിൽ വന്നിറങ്ങിയവർക്ക്​ എസ്‌ജിപിസി പ്രവർത്തകർ തലപ്പാവ് നൽകുകയും ചെയ്തു.

Advertising
Advertising

‘നാടുകടത്തപ്പെട്ടവരെ ചങ്ങലകളിൽ ബന്ധിച്ചതും സിഖുകാർക്ക്​ തലപ്പാവ്​ നിഷേധിച്ചതും ഖേദകരമാണ്’ -വിവാദത്തോട് പ്രതികരിച്ചുകൊണ്ട് എസ്‌ജിപിസി ജനറൽ സെക്രട്ടറി ഗുർചരൺ സിംഗ് ഗ്രേവാൾ പറഞ്ഞു. ഈ വിഷയം എസ്‌ജിപിസി ഉടൻ തന്നെ യുഎസ് അധികാരികളുമായി ചർച്ച ചെയ്യും. തലപ്പാവ് സിഖുകാരന്‍റെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സിഖുകാരെ തലപ്പാവ് ധരിക്കാതെ നാടുകടത്തിയതിനെ ശിരോമണി അകാലിദൾ നേതാവ് ബിക്രം സിങ്​ മജീതിയയും അപലപിച്ചു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാൻ വിദേശകാര്യ മന്ത്രാലയം ഉടൻ തന്നെ യുഎസ് അധികാരികളുമായി വിഷയം ചർച്ച ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം വന്നിറങ്ങിയ വിമാനത്തിൽ 65 പേർ പഞ്ചാബിൽ നിന്നുള്ളവരാണ്​. കൂടാതെ ഹരിയാനയിൽനിന്ന്​ 33 പേരുമുണ്ട്​. 

Tags:    

Writer - വി.കെ. ഷമീം

Senior Web Journalist

Editor - വി.കെ. ഷമീം

Senior Web Journalist

By - Web Desk

contributor

Similar News