ഉയർന്ന അളവിൽ ബാക്ടീരിയ; കുംഭമേളയിലെ പല സ്ഥലങ്ങളും കുളിക്കാൻ അനുയോജ്യമല്ലെന്ന് മലിനീകരണ നിയന്ത്രണ ബോർഡ്
മറുപടി സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിന്‍റെ അഭിഭാഷകന് ഒരു ദിവസത്തെ സമയം അനുവദിച്ചു
ന്യൂഡൽഹി: കുംഭമേള നടക്കുന്ന പ്രയാഗ്‌രാജിൽ കുളിക്കാനുള്ള പല സ്ഥലങ്ങളും പ്രാഥമിക ജല ഗുണനിലവാരം പാലിക്കുന്നില്ലെന്ന് ദേശീയ ഹരിത ട്രൈബ്യൂണലിനെ (എൻജിടി) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) അറിയിച്ചു. നദീജലത്തിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയകളെ കണ്ടെത്തിയിട്ടുണ്ട്. വെള്ളത്തിൽ ഉയർന്ന അളവിൽ മലമൂത്ര വിസർജ്ജനം നടത്തുന്നത് വഴിയാണ് ഇവയുടെ അളവ് വർധിക്കുന്നത്.
പ്രയാഗ്‌രാജിലെ ഗംഗ, യമുന നദികളിലേക്ക് മലിനജലം തള്ളുന്നത് തടയുന്ന വിഷയം എൻജിടി ചെയർപേഴ്‌സൻ ജസ്റ്റിസ് പ്രകാശ് ശ്രീവാസ്തവ, ജുഡീഷ്യൽ അംഗം ജസ്റ്റിസ് സുധീർ അഗർവാൾ, വിദഗ്ധ അംഗം എ. സെന്തിൽ വേൽ എന്നിവരടങ്ങിയ ബെഞ്ചാണ് കേൾക്കുന്നത്. ഫെബ്രുവരി മൂന്നിന് സിപിസിബി സമർപ്പിച്ച റിപ്പോർട്ടിൽ നിയമലംഘനങ്ങളും പിഴവുകളും ചൂണ്ടിക്കാണിച്ചിട്ടുണ്ടെന്ന് ബെഞ്ച് വ്യക്തമാക്കി.
‘വിവിധ സന്ദർഭങ്ങളിൽ നിരീക്ഷിച്ച എല്ലാ സ്ഥലങ്ങളിലും ഫീക്കൽ കോളിഫോം ബാക്ടീരിയയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. അതിനാൽ തന്നെ പ്രാഥമിക ജല ഗുണനിലവാരവുമായി നദിയിലെ ജലത്തിന്‍റെ ഗുണനിലവാരം പൊരുത്തപ്പെടുന്നില്ല. മഹാകുംഭമേള സമയത്ത് പുണ്യസ്നാന ദിനങ്ങൾ ഉൾപ്പെടെ പ്രയാഗ്‌രാജിലെ നദിയിൽ ധാരാളം ആളുകൾ കുളിക്കുന്നുണ്ട്. ഇത് മലം സാന്ദ്രത വർധിക്കുന്നതിലേക്ക് നയിക്കും’ -റിപ്പോർട്ടിൽ പറയുന്നു.
സമഗ്രമായ നടപടി സ്വീകരിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്ന ട്രൈബ്യൂണലിന്‍റെ മുൻ നിർദ്ദേശം ഉത്തർപ്രദേശ് മലിനീകരണ നിയന്ത്രണ ബോർഡ് (യുപിപിസിബി) പാലിച്ചില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി. ചില ജല പരിശോധനാ റിപ്പോർട്ടുകൾ ഉൾക്കൊള്ളുന്ന കവറിങ് ലെറ്റർ മാത്രമാണ് യുപിപിസിബി സമർപ്പിച്ചതെന്ന് ട്രൈബ്യൂണൽ നിരീക്ഷിച്ചു. യുപിപിസിബി അയച്ച 2025 ജനുവരി 28ലെ കവറിംഗ് ലെറ്ററിനൊപ്പം നൽകിയ രേഖകൾ പരിശോധിച്ചതിൽ, വിവിധ സ്ഥലങ്ങളിൽ ഉയർന്ന അളവിൽ ഫീക്കൽ കോളിഫോം ബാക്ടീരിയകളെ കണ്ടെത്തിയതായി മനസ്സിലായിട്ടുണ്ടെന്നും ട്രൈബ്യൂണൽ വ്യക്തമാക്കി.
റിപ്പോർട്ട് പരിശോധിച്ച് മറുപടി സമർപ്പിക്കാൻ ഉത്തർപ്രദേശ് സർക്കാരിന്‍റെ അഭിഭാഷകന് ഒരു ദിവസത്തെ സമയം ട്രൈബ്യൂണൽ അനുവദിച്ചു. ഫെബ്രുവരി 19ന് നടക്കുന്ന അടുത്ത വാദം കേൾക്കലിൽ യുപിപിസിബി സെക്രട്ടറിയും പ്രയാഗ്‌രാജിലെ ഗംഗാ നദിയിലെ ജലത്തിന്‍റെ ഗുണനിലവാരം പരിശോധിക്കുന്ന സംസ്ഥാന അതോറിറ്റിയും ഓൺലൈനായി ഹാജരാകണമെന്ന് നിർദേശിച്ചു.