ലൈംഗിക പീഡന പരാതി: ബ്രിജ്ഭൂഷനെ പ്രത്യേക അന്വേഷണ സംഘം ചോദ്യംചെയ്യും

ഗുസ്തി താരങ്ങള്‍ നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും

Update: 2023-05-12 08:12 GMT

ഡല്‍ഹി: ലൈംഗിക പീഡന പരാതിയില്‍ ആരോപണ വിധേയനായ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷന്‍ ബ്രിജ്ഭൂഷനെ പ്രത്യേക അന്വേഷണ സംഘം ഉടൻ ചോദ്യംചെയ്യും. ഗുസ്തി താരങ്ങള്‍ നല്‍കിയ ഹരജി കോടതി ഇന്ന് പരിഗണിക്കും. ഗുസ്തിതാരങ്ങളുടെ സമരത്തിന് പിന്തുണയുമായി കൂടുതല്‍ കര്‍ഷക സംഘടനകള്‍ ഡല്‍ഹിയിലെത്തി.

അന്വേഷണത്തിൽ ആക്ഷേപമുണ്ടെങ്കിൽ കീഴ്ക്കോടതിയെ സമീപിക്കാൻ സുപ്രിംകോടതിയാണ് താരങ്ങളോട് നിർദേശിച്ചത്. ഇതിൻ്റെ അടിസ്ഥാനത്തിൽ താരങ്ങൾ നൽകിയ ഹരജി ഡൽഹി റോസ് അവന്യൂ കോടതി ഇന്ന് പരിഗണിക്കും. ബ്രിജ്ഭൂഷണ് എതിരായ പരാതി അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചതായി ഡൽഹി പൊലീസ് കോടതിയിൽ സമർപ്പിച്ച തൽസ്ഥിതി റിപ്പോർട്ടിൽ വ്യക്തമാക്കി. റിപ്പോർട്ട് സമർപ്പിക്കും മുൻപ് ബ്രിജ്ഭൂഷണിൽ നിന്നും ഡൽഹി പൊലീസ് മൊഴി രേഖപ്പെടുത്തിയിരുന്നു. ഇത് രണ്ടാം തവണയാണ് ബ്രിജ്ഭൂഷണിൽ നിന്നും ഡല്‍ഹി പൊലീസ് മൊഴിയെടുത്തത്. ചില രേഖകള്‍ ഗുസ്തി ഫെഡറേഷന്‍ അധ്യക്ഷനിൽ നിന്നും ആവശ്യപ്പെട്ട പ്രത്യേക അന്വേഷണ സംഘം ബ്രിജ്ഭൂഷണെ ഉടൻ ചോദ്യം ചെയ്യുമെന്നാണ് സൂചന.

Advertising
Advertising

തനിക്കെതിരായ ആരോപണങ്ങൾ ബ്രിജ്ഭൂഷൺ നിഷേധിച്ചിട്ടുണ്ട്. ബ്രിജ്ഭൂഷണ് പുറമെ ഗുസ്തി ഫെഡറേഷൻ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിന്റെ മൊഴി പൊലീസ് രേഖപ്പെടുത്തി. ബ്രിജ്ഭൂഷണ് എതിരെ നടപടി സ്വീകരിക്കാൻ ഈ മാസം 21 വരെയാണ് താരങ്ങൾ അധികൃതർക്ക് നൽകിയിരിക്കുന്ന സമയം. പ്രതിഷേധം അടുത്ത ഘട്ടത്തിലേക്ക് കടക്കുന്നതിൻ്റെ മുന്നോടിയായാണ് വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള കർഷകരും തൊഴിലാളികളും താരങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ജന്തർ മന്ദറിലേക്ക് എത്തുന്നത്. ബികെയുവിൻ്റെ നേതൃത്വത്തിലാണ് പഞ്ചാബിൽ നിന്നുള്ള കർഷകർ ഇന്ന് സമര പന്തലിൽ എത്തിയത്.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News