സുനന്ദ പുഷ്‌കറിന്റെ മരണം: ഡൽഹി പൊലീസിന്റെ വാദം തള്ളി, ശശി തരൂർ കുറ്റവിമുക്തൻ

സുനന്ദ പുഷ്കർ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതിക്ക് മുമ്പാകെയുണ്ടായിരുന്നത്

Update: 2021-08-18 07:38 GMT
Editor : rishad | By : Web Desk
Advertising

സുനന്ദ പുഷ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ ശശി തരൂർ കുറ്റവിമുക്തൻ. ഡല്‍ഹി പൊലീസിന്റെ വാദം തള്ളിയാണ് ഡൽഹി റോസ് അവന്യൂ കോടതിയുടെ ഉത്തരവ്. സുനന്ദ പുഷ്കർ ദുരൂഹമരണക്കേസില്‍ ഭര്‍ത്താവും എം.പിയുമായ ശശി തരൂരിനെതിരെ കുറ്റം ചുമത്തണമെന്നാവശ്യപ്പെട്ടുള്ള ഹർജിയാണ് കോടതിക്ക് മുമ്പാകെയുണ്ടായിരുന്നത്. 

മൂന്ന് തവണ കേസ് വിധി പറയുന്നതിനായി മാറ്റി വെച്ചിരുന്നു. കേസില്‍ കൂടുതല്‍ വാദങ്ങൾ സമർപ്പിക്കാൻ അനുമതി തേടി ഡല്‍ഹി പൊലീസ് നേരത്തെ അപേക്ഷ നല്‍കിയിരുന്നു. ഡൽഹി പൊലീസിന് കൂടുതൽ കാര്യങ്ങൾ സമർപ്പിക്കാനുണ്ടെങ്കിൽ സമർപ്പിക്കാമെന്ന് വ്യക്തമാക്കിയ കോടതി ഇനിയൊരു അപേക്ഷയ്ക്ക് അനുമതി നല്‍കില്ലെന്നും വ്യക്തമാക്കിയിരുന്നു.

ശശി തരൂരിനെതിരെ കൊലക്കുറ്റം ചുമത്തിയില്ലെങ്കില്‍ ആത്മഹത്യാപ്രേരണ, ഗാര്‍ഹികപീഡന കുറ്റങ്ങള്‍ ചുമത്തണമെന്നാണ് പബ്ലിക് പ്രോസിക്യൂട്ടർ അതുൽ ശ്രീവാസ്തവ വാദിച്ചത്. എന്നാൽ സുനന്ദ ആത്മഹത്യ ചെയ്യുമെന്ന് കരുതുന്നില്ലെന്നായിരുന്നു സഹോദരന്‍ ആശിഷ് ദാസ് കോടതിയില്‍ മൊഴി നല്‍കിയത്. മരണത്തിൽ തരൂരിന് പങ്കില്ലെന്ന് സുനന്ദയുടെ മകൻ ശിവ് മേനോനും വ്യക്തമാക്കിയിരുന്നു.

സുനന്ദയുടെ കുടുംബവും സുഹൃത്തുക്കളും അവര്‍ ആത്മഹത്യ ചെയ്യില്ലെന്ന വാദത്തിൽ ഉറച്ചുനില്‍ക്കുമ്പോൾ ആത്മഹത്യാ പ്രേരണ കുറ്റം എങ്ങനെ ചുമത്താനാകുമെന്നായിരുന്നു തരൂരിന്റെ അഭിഭാഷകൻ അഡ്വ. വികാസ് പഹ്വയുടെ വാദം. ആത്മഹത്യയാണെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് ഇതുവരെ സാധിച്ചിട്ടില്ല. 2014 ജനുവരിയിലാണ് ഡൽഹിയിലെ ആഡംബര ഹോട്ടലിൽ സുനന്ദയെ മരിച്ച നിലയിൽ കണ്ടെത്തിയത്‌. സുനന്ദയുടെ മരണത്തില്‍ ശശി തരൂരിന് പങ്കുണ്ടെന്ന് ആരോപണം വലിയ രാഷ്ട്രീയ കോളിളക്കമുണ്ടാക്കിയിരുന്നു.

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News