ഇന്ത്യയിൽ ഞായറാഴ്ച അവധിയാകാൻ കാരണം ഇദ്ദേഹമാണ്; ഇതാണാ ചരിത്രം
അടുത്തിടെ വൈറലായ ഒരു ഇൻസ്റ്റാഗ്രാം റീലോട് കൂടിയാണ് ഇത് വീണ്ടും ചർച്ചയായത്
ഇന്ത്യയിൽ ഞായറാഴ്ച അവധിയായതിന് പിന്നിൽ ആരാണെന്ന് അറിയാമോ?. കുടുംബത്തിനും കൂട്ടുകാർക്കുമൊപ്പം ഞായറാഴ്ചകൾ ആഘോഷിക്കുമ്പോൾ ചിലപ്പോൾ നമ്മൾ ഇങ്ങനെ ഒരു കാര്യം ചിന്തിക്കണം എന്നില്ല. സർക്കാരോ രാജാവോ ഒന്നുമല്ല. പത്തൊമ്പതാം നൂറ്റാണ്ടിൽ മുംബൈ നിന്നുള്ള ഒരു മിൽ തൊഴിലാളിയാണ് ഇതിന് പിന്നിൽ. ഇന്ത്യൻ ജീവനക്കാർക്ക് ആഴ്ചയിലെ ഏഴ് ദിവസവും വിശ്രമമില്ലാതെ ജോലി ചെയ്യേണ്ടിവന്നിരുന്നു.
മുംബൈയിലെ മിൽ തൊഴിലാളികൾക്കുവേണ്ടി നിലകൊണ്ട തൊഴിലാളി നേതാവായ നാരായൺ മേഘാജി ലോഖണ്ഡേയുടെ പോരാട്ടമാണ് അതിൽ നിന്നുള്ള മോചനത്തിലേക്ക് നയിച്ചത്. വിപ്ലവകാരിയായ മഹാത്മാ ജ്യോതിറാവു ഫൂലെയുടെ സമകാലികനും പ്രമുഖനുമായ സഹപ്രവർത്തകനായിരുന്നു അദ്ദേഹം. 1843 മുതൽ തന്നെ കൊളോണിയൽ ഇന്ത്യയിലെ ബ്രിട്ടീഷ് ഉദ്യോഗസ്ഥർക്ക് ഞായറാഴ്ച അവധി അനുവദിച്ചിരുന്നുവെങ്കിലും, മിക്ക ഇന്ത്യൻ തൊഴിലാളികളും ആഴ്ചയിലെ എല്ലാ ദിവസവും ജോലി ചെയ്യേണ്ടതി വന്നിരുന്നു. 1883മുതലാണ് അതിന് മാറ്റം വന്ന് തുടങ്ങിയത്. മുംബൈയിലെ മിൽ തൊഴിലാളികൾക്ക് ആഴ്ചതോറും അവധി നൽകണമെന്ന് ലോഖണ്ഡെ ആവശ്യപ്പെട്ടു. ഏഴ് വർഷത്തേക്ക് അദ്ദേഹത്തിന്റെ അപേക്ഷ ആവർത്തിച്ച് നിരസിക്കപ്പെടുകയും ചെയ്തു. എന്നാൽ ലോഖണ്ഡെ പിന്മാറിയില്ല. ഇന്ത്യയിലെ തൊഴിലാളി പ്രസ്ഥാനത്തിന്റെ തുടക്കക്കാരനായിരുന്നു മേഘാജി ലോഖണ്ഡെ.
പൂനയിലും പരിസരത്തും അദ്ദേഹം 18 സ്കൂളുകൾ തുറന്നു. അവയിൽ പലതും പെൺകുട്ടികൾക്കായിരുന്നു. ഹിന്ദുക്കളിൽ, പെൺകുട്ടികൾക്കും ദളിതർക്കും വിദ്യാഭ്യാസം നിരോധിച്ചിരുന്നു. മിൽ തൊഴിലാളികളെ സംഘടിപ്പിക്കുന്നതിനായി മേഘാജി ലോഖണ്ഡെ ബോംബെ മിൽ ഹാൻഡ്സ് അസോസിയേഷൻ (ബിഎംഎച്ച്എ) സ്ഥാപിച്ചു. അതിന്റെ ആദ്യ പ്രസിഡന്റും അദ്ദേഹമായിരുന്നു. നിരന്തരമായ അവശ്യത്തിന് പിന്നാലെ 1890 ആയപ്പോഴേക്കും, മിൽ തൊഴിലാളികൾക്ക് ആഴ്ചയിൽ ഞായറാഴ്ച അവധി ദിവസമായി അംഗീകരിക്കപ്പെട്ടു, പതുക്കെ മറ്റ് ബിസിനസുകളും ഇത് പിന്തുടർന്നു.
ഇന്ന്, മിക്ക ഇന്ത്യക്കാരും ഞായറാഴ്ച അവധി ആസ്വദിക്കുന്നു. അടുത്തിടെ വൈറലായ ഒരു ഇൻസ്റ്റാഗ്രാം റീലോട് കൂടിയാണ് ഇത് വീണ്ടും ചർച്ചയായത്. ഞായറാഴ്ച അവധി എന്ന ആശയം പ്രധാനമായും പാശ്ചാത്യലോകത്ത് നിന്ന് കടമെടുത്തതാണെന്ന് ന്യൂ ഇന്ത്യൻ എക്സ്പ്രസിലെ റിപ്പോർട്ട് ചെയ്യുന്നു. 1840കളിൽ ബ്രിട്ടീഷുകാർ ഞായറാഴ്ച ഒരു ഏകീകൃത അവധി ദിനമായി അവതരിപ്പിച്ചു. അവർ നിയന്ത്രിച്ച ഓഫീസുകൾ, ഫാക്ടറികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ ഇത് ബാധകമാക്കി. എന്നിരുന്നാലും, ശരാശരി ഇന്ത്യൻ തൊഴിലാളിയെ പതിറ്റാണ്ടുകളായി ഈ മാറ്റം ബാധിച്ചിരുന്നില്ല. ഇന്ത്യയുടെ വ്യവസായവത്ക്കരണം ആരംഭിക്കുകയും 1881-ലെയും 1891-ലെയും ഫാക്ടറി നിയമങ്ങൾ പോലുള്ള പുതിയ തൊഴിൽ നിയമങ്ങൾ നടപ്പിലാക്കുകയും ചെയ്തതിന് ശേഷമാണ് ആഴ്ചതോറുമുള്ള അവധികൾ കൂടുതൽ ഔപചാരികമായത്.