എ.രാജക്ക് എംഎല്‍എയായി തുടരാം; ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത വിധി സുപ്രിംകോടതി റദ്ദാക്കി
രാജക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്ന് സുപ്രിംകോടതി
ന്യൂഡല്‍ഹി: ദേവികുളം ഉപതെരഞ്ഞെടുപ്പ് ഫലം സ്റ്റേ ചെയ്ത ഹൈക്കോടതി വിധി സുപ്രിംകോടതി റദ്ദാക്കി. തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയതിനെതിരെ സിപിഎമ്മിന്‍റെ എ.രാജ നൽകിയ ഹരജിയിലാണ് സുപ്രിംകോടതി വിധി ജഡ്ജിമാരായ എ.അമാനത്തുള്ള, പി.കെ മിശ്ര എന്നിവരടങ്ങിയ ബെഞ്ച് കേസിൽ വിധി പറഞ്ഞത്. രാജക്ക് പട്ടിക വിഭാഗം സീറ്റിൽ മത്സരിക്കാൻ അർഹതയുണ്ടെന്നും എംഎൽഎ എന്ന നിലയിൽ ഇതുവരെയുള്ള എല്ലാ അനുകൂല്യങ്ങളും രാജക്ക് നൽകണമെന്നും കോടതി ഉത്തരവിട്ടു.
സുപ്രിംകോടതി വിധിയിൽ സന്തോഷമുണ്ടെന്ന് എ.രാജ മീഡിയവണിനോട് പറഞ്ഞു. കുറേ കാര്യങ്ങൾ പറഞ്ഞിട്ടും അതൊന്നും പരിഗണിക്കാതെയാണ് ഹൈക്കോടതി വിധി പറഞ്ഞത്. അതിനെതിരെ സുപ്രിംകോടതിയിൽ പോയി നിയമയുദ്ധം നടത്തി. വിജയിക്കുമെന്ന് ഞങ്ങൾ അന്ന് തന്നെ പറഞ്ഞിരുന്നു. വാദം കഴിഞ്ഞ് എട്ടുമാസത്തിന് ശേഷമാണ് വിധി വന്നത്.അതിൽ ഒരുപാട് സന്തോഷമുണ്ടെന്നും രാജ പറഞ്ഞു.
അതേസമയം, രാജ സംവരണാര്‍ഹനല്ലെന്നും വിധിയില്‍ നിരാശയെന്നും ഡി. കുമാര്‍ പറഞ്ഞു.എ.രാജക്കെതിരായ ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുകയാണെന്നും കുമാര്‍ മീഡിയവണിനോട് പറഞ്ഞു. തെളിവ് സഹിതം എല്ലാം കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
സംവരണ സീറ്റിൽ മത്സരിക്കാൻ രാജയ്ക്ക് യോഗ്യതയില്ലെന്നു ചൂണ്ടിക്കാട്ടി 2023 മാർച്ച് 20ന് ആണ് ഹൈക്കോടതി തെരഞ്ഞെടുപ്പ് ഫലം റദ്ദാക്കിയത്. നേരത്തെ ഹൈക്കോടതി വിധിക്കെതിരെ സുപ്രിംകോടതി ഇടക്കാല സ്റ്റേ നൽകിയിരുന്നു.
തമിഴ്നാട്ടിൽനിന്ന് മൂന്നാറിലേക്ക് കുടിയേറിയ ഹിന്ദു, പറയർ വിഭാഗക്കാരായ മാതാപിതാക്കൾക്കുണ്ടായ മകനാണ് തന്റെ പിതാവെന്നായിരുന്നു രാജ സുപ്രിംകോടതിയിൽ വാദിച്ചത്.
1950 ന് മുൻപ് കുടിയേറിയതിനാൽ സംവരണത്തിന് ആർഹതയുണ്ടെന്നും രാജ ചൂണ്ടിക്കാട്ടി. രാജയുടെ അച്ഛനും അമ്മയും ഉൾപ്പെടെ മുഴുവൻ കുടുംബവും ക്രിസ്തുമതത്തിലേക്ക് മതം മാറിയതിനാൽ പട്ടിക ജാതി സംവരണത്തിന് അർഹതയില്ലെന്നാണ് യു.ഡി.എഫ് സ്ഥാനാർഥി ഡി.കുമാറിന്റെ മറുവാദം.