ഡൽഹി കലാപം: മൂന്നു വിദ്യാർഥികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരായ ഡൽഹി പൊലീസിന്‍റെ ഹരജി സുപ്രിംകോടതി തള്ളി

വിദ്യാർഥി നേതാക്കളായ ദേവാംഗന കലിത, നടാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയത് ചോദ്യംചെയ്താണ് ഡല്‍ഹി പൊലീസ് സുപ്രിംകോടതിയെ സമീപിച്ചത്

Update: 2023-05-02 16:39 GMT
Advertising

ഡല്‍ഹി: ഡൽഹി കലാപവുമായി ബന്ധപ്പെട്ട ഗൂഢാലോചന കേസിൽ മൂന്നു വിദ്യാര്‍ഥി നേതാക്കള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ ഡല്‍ഹി പൊലീസ് സമര്‍പ്പിച്ച ഹരജി സുപ്രിംകോടതി തള്ളി. വിദ്യാർഥി നേതാക്കളായ ദേവാംഗന കലിത, നടാഷ നർവാൾ, ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്ക് ഡല്‍ഹി ഹൈക്കോടതി ജാമ്യം നല്‍കിയത് ചോദ്യംചെയ്താണ് ഡല്‍ഹി പൊലീസ് സുപ്രിംകോടതിയെ സമീപിച്ചത്. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ, ജസ്റ്റിസ് അഹ്സനുദ്ദീന്‍ അമാനുല്ല എന്നിവരുടെ ബെഞ്ചിന്‍റേതാണ് വിധി.

ഡൽഹി പൊലീസിനായി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത, ഹൈക്കോടതിയുടെ ഉത്തരവ് ഒരു കീഴ്‍വഴക്കമായി കണക്കാക്കരുതെന്ന് വ്യക്തമാക്കണമെന്ന് വാദിച്ചു. 2021 ജൂൺ 18ന് ഡൽഹി പൊലീസിന്റെ ഹരജിയിൽ നോട്ടീസ് പുറപ്പെടുവിക്കവേ, ഉത്തരവ് ഒരു കീഴ്വഴക്കമായി ഉപയോഗിക്കരുതെന്ന് അന്നത്തെ ബെഞ്ച് വ്യക്തമാക്കിയിട്ടുണ്ടെന്ന് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗൾ മറുപടി നൽകി. എന്നാലും കൂടുതല്‍ വ്യക്തമായ പരാമര്‍ശം നടത്തണമെന്ന് സോളിസിറ്റർ ജനറൽ ആവശ്യപ്പെട്ടു. ഉത്തരവിൽ ഇതിനകം നിരീക്ഷണങ്ങളുണ്ടെന്ന് ജസ്റ്റിസ് കൗൾ മറുപടി നൽകി.

"ഞങ്ങളുടെ വീക്ഷണത്തിൽ വസ്തുതാപരമായി പരിശോധിക്കേണ്ട ഒരേയൊരു വിഷയം പ്രതിക്ക് ജാമ്യം നൽകണോ വേണ്ടയോ എന്നതാണ്. വിധി കീഴ്‌വഴക്കമായി കണക്കാക്കരുതെന്ന് ഞങ്ങള്‍ നിരീക്ഷിച്ചിട്ടുണ്ട്. പ്രതികൾ രണ്ടു വർഷമായി ജാമ്യത്തിലാണ്. ഈ വിഷയം സജീവമായി നിലനിര്‍ത്താന്‍ ഞങ്ങള്‍ ഒരു കാരണവും കാണുന്നില്ല. കൂട്ടുപ്രതികളിൽ ഒരാൾ തത്തുല്യമായ ജാമ്യത്തിന് അര്‍ഹതയുണ്ടെന്ന് ഹരജി സമര്‍പ്പിച്ചു. അർഹതയുണ്ടെങ്കിൽ കോടതി അതു പരിഗണിക്കണം. ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ വിഷയവുമായി ബന്ധപ്പെട്ട് നിയമപരമായ നിലപാടിലേക്ക് ഞങ്ങള്‍ പോയിട്ടില്ല"- ബെഞ്ച് വ്യക്തമാക്കി.

ഡൽഹി ഹൈക്കോടതിയുടെ വിധി യു.എ.പി.എ ഭരണഘടനാ വിരുദ്ധമാണെന്ന് പ്രഖ്യാപിക്കുന്നുവെന്ന് സോളിസിറ്റര്‍ ജനറല്‍ വാദിച്ചു. ഹൈക്കോടതി ഉത്തരവ് ഒരു കീഴ്വഴക്കമായി കണക്കാക്കരുതെന്ന് പ്രത്യേകം വ്യക്തമാക്കണമെന്ന അഭ്യർത്ഥന വീണ്ടും മുന്നോട്ടുവച്ചു. എന്നാൽ ഈ ഉത്തരവ് സ്റ്റേറ്റിന്റെ ആശങ്ക പരിഗണിക്കുന്നുണ്ടെന്ന നിലപാടിൽ ജസ്റ്റിസ് കൗൾ ഉറച്ചുനിന്നു.

കേസിന്റെ വാദം കേൾക്കുന്നതിനിടെ, ജാമ്യ ഉത്തരവുകളിലെ ദീർഘമായ ചർച്ചകളോട് ജസ്റ്റിസ് കൗള്‍ വിയോജിപ്പ് പ്രകടിപ്പിച്ചു. ഡൽഹി പൊലീസിന് വേണ്ടി ഹാജരായ അഭിഭാഷകൻ ഹരജി മാറ്റിവെയ്ക്കണമെന്ന് അഭ്യര്‍ഥിച്ചു. എന്നാൽ നേരത്തെ പല തവണയും ഹരജി മാറ്റിവച്ചിട്ടുണ്ടെന്ന് ബെഞ്ച് നിരീക്ഷിച്ചു. തുടര്‍ന്ന് സോളിസിറ്റര്‍ ജനറല്‍ ഹാജരായി.

ഡൽഹി കലാപ ഗൂഢാലോചന കേസിൽ ആസിഫ് ഇഖ്ബാൽ തൻഹ, നടാഷ നർവാൾ, ദേവാംഗന കലിത എന്നിവർക്കെതിരെ യു.എ.പി.എ പ്രഥമദൃഷ്ട്യാ നിലനില്‍ക്കില്ലെന്ന് 2021 ജൂൺ 15ലെ വിധിയിലാണ് ഡൽഹി ഹൈക്കോടതി നിരീക്ഷിച്ചത്. പ്രതികള്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നാണ് കുറ്റപത്രത്തില്‍ നിന്ന് വ്യക്തമാകുന്നതെന്ന് ജസ്റ്റിസുമാരായ സിദ്ധാർത്ഥ് മൃദുലും അനൂപ് ഭംഭാനിയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കുകയുണ്ടായി. പ്രതിഷേധിക്കാനുള്ള അവകാശം നിയമവിരുദ്ധമല്ലെന്നും യു.എ.പി.എ പ്രകാരമുള്ള ഭീകരപ്രവർത്തനമെന്ന് അതിനെ വിളിക്കാൻ കഴിയില്ലെന്നും പറഞ്ഞു.

Tags:    

Writer - സിതാര ശ്രീലയം

contributor

Editor - സിതാര ശ്രീലയം

contributor

By - Web Desk

contributor

Similar News