'ഗവർണര്‍ക്ക് വീറ്റോ അധികാരം നൽകിയിട്ടില്ല, നിയമങ്ങൾ കൊണ്ടുവരുന്നത് ജനത്തിന് വേണ്ടി': തമിഴ്‌നാട് ഗവർണറുടെ നടപടിക്കെതിരെ സുപ്രിംകോടതി പറഞ്ഞത്...

സംസ്ഥാന സർക്കാറിന്റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കോടതി

Update: 2025-04-08 09:32 GMT
Editor : rishad | By : Web Desk

ന്യൂഡല്‍ഹി: നിയമസഭ പാസാക്കിയ ബില്ലുകൾ അനിശ്ചിതമായി തടഞ്ഞുവച്ച തമിഴ്നാട് ഗവർണർ ആർ.എൻ രവിയുടെ നടപടി ചട്ടവിരുദ്ധമെന്ന് സുപ്രിംകോടതി. ഭരണഘടന ഗവർണക്ക് വീറ്റോ അധികാരം നൽകിയിട്ടില്ലെന്നും സുപ്രിംകോടതി ചൂണ്ടിക്കാട്ടി. നിയമങ്ങൾ ജനങ്ങളുടെ ആവശ്യത്തിനായാണ് കൊണ്ടുവരുന്നത്. ബില്ലുകളിൽ മൂന്ന് മാസത്തിനുള്ളിൽ തീരുമാനമെടുക്കണം. ബിൽ തീരുമാനം നീട്ടാൻ ഗവർ‌ണർക്ക് അധികാരം ഇല്ലെന്നും സംസ്ഥാന സർക്കാരിന്‍റെ ഉപദേശത്തിന് അനുസരിച്ചാകണം ഗവർണർ പ്രവർത്തിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി. 

തമിഴ്‌നാട് നിയമസഭ പാസാക്കിയ 10 ബില്ലുകള്‍ തീരുമാനമെടുക്കാതെ അനന്തമായി പിടിച്ചുവെച്ച ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ തമിഴ്നാട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് സുപ്രിംകോടതി ജസ്റ്റിസുമാരായ ജെ.ബി. പര്‍ദിവാലയും മനോജ് മിശ്രയും അടങ്ങുന്ന ബെഞ്ച് സുപ്രധാനമായ ഉത്തരവ് പുറപ്പെടുവിച്ചത്.

Advertising
Advertising

ഭരണഘടന അനുസരിച്ച് മൂന്ന് വ്യവസ്ഥകളാണ് ഉള്ളത്. ബില്ലിന് അനുമതി നൽകുക, അനുമതി നിഷേധിക്കുക, പ്രസിഡന്റിന്റെ അനുമതിക്കായി വിടുക എന്നിവയാണത്. എന്നാൽ ബില്ലിൽ തീരുമാനമെടുക്കാതെ വൈകിപ്പിക്കുകയും അതിനുശേഷം പ്രസിഡന്റിന് അയക്കുകയും ചെയ്തത് ഭരണഘടനാ വിരുദ്ധമാണെന്നും കോടതി വ്യക്തമാക്കി. 

തമിഴ്നാട് ഗവര്‍ണര്‍ തടഞ്ഞുവച്ച പത്തു ബില്ലുകളും സുപ്രിംകോടതി അംഗീകരിച്ചു. പത്തു ബില്ലുകൾക്കും അംഗീകാരം കിട്ടിയതായി കണക്കാക്കാം എന്ന് കോടതി വ്യക്തമാക്കി. ഒരു ഭരണഘടന എത്ര നല്ലതായാലും അത് നടപ്പാക്കുന്നവർ ശരി അല്ലെങ്കിൽ മോശമാണെന്ന് തോന്നുമെന്ന അംബേദ്ക്കറുടെ വാക്കുകൾ കോടതി വിധിയില്‍ ഉദ്ധരിച്ചു. ജനങ്ങളുടെ ക്ഷേമത്തിനായിട്ടാണ് സർക്കാരുകൾ നിയമം കൊണ്ടുവരുന്നത്. അതിൽ തടയിടുന്ന നിലപാട് ശരിയല്ല. സംസ്ഥാന സർക്കാരിനെ തടയുകയല്ല ഗവർണറുടെ ചുമതലയെന്നും കോടതി വ്യക്തമാക്കി.

ബില്ലുകൾ പാസ്സാക്കുന്നതുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാന സര്‍ക്കാരുകളും ഗവര്‍ണര്‍മാരും തമ്മിലുള്ള പോര് നിലനില്‍ക്കുന്നിനിടയിലാണ് സുപ്രിംകോടതിയുടെ ഈ സുപ്രധാന ഉത്തരവ് എന്നതാണ് ശ്രദ്ധേയം.  

Tags:    

Writer - rishad

contributor

Editor - rishad

contributor

By - Web Desk

contributor

Similar News